KeralaLatest

ഇന്ന് ലോക നഴ്‌സസ് ദിനം

“Manju”

ഇന്ന് മെയ് 12 ലോക നഴ്‌സസ് ദിനം. കൊവിഡ് മഹാമാരിക്ക് മുന്നില്‍ വിറങ്ങലിച്ച്‌ നിന്ന ലോകത്തെ കൈപിടിച്ചുയര്‍ത്തിയ മാലാഖമാരുടെ ദിനം. കൊവിഡ് മഹാമാരിക്ക് ശേഷമുള്ള അതിജീവനത്തിന്റെ ഈ പുത്തന്‍ കാലത്ത് ലോക നഴ്‌സസ് ദിനത്തിന് ഏറെ പ്രാധാന്യമുണ്ട്. ആത്മാവിനെയും ശരീരത്തെയും സേവനത്തോട് ചേര്‍ത്തുകെട്ടി ഈ മഹാമാരിക്കാലത്തെ പൊരുതി തോല്‍പ്പിച്ചവരാണവര്‍.

1947 ലാണ് മോഡേണ്‍ നഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്‌ലോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 നഴ്‌സുമാരുടെ ദിനമായി ആചരിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. ഒരു നഴ്സ് എന്നതിനു പുറമെ, ഒരു സാമൂഹിക പരിഷ്‌കര്‍ത്താവ് കൂടിയായിരുന്നു ഫ്‌ലോറന്‍സ് നൈറ്റിംഗല്‍. ക്രിമിയന്‍ യുദ്ധസമയത്ത് ഒരു നഴ്‌സെന്ന നിലയില്‍ അവര്‍ നടത്തിയ സേവനങ്ങളിലൂടെയാണ് ഫ്‌ലോറന്‍സ് ശ്രദ്ധിക്കപ്പെടുന്നത്.

കഴിഞ്ഞ 2 വര്‍ഷങ്ങളിലും കോവിഡ് മഹാമാരി ഉയര്‍ത്തിയ കടുത്ത വെല്ലുവിളികളിലൂടെയാണ് ലോകം കടന്നു പോയത്. ആഗോളതലത്തില്‍ വ്യാപിച്ച ഈ മഹാമാരി ലക്ഷക്കണക്കിന് പേരുടെ ജീവനെടുത്തു. ഈ പ്രതിസന്ധിക്കാലത്തും സ്വന്തം ജീവന്‍ പോലും പണയം വച്ച്‌ മുന്നണിപ്പോരാളികളായി അവര്‍ മഹാമാരിക്ക് മുന്നില്‍ കവചം തീര്‍ത്തു. പി പി ഇ കിറ്റിനുള്ളില്‍ മുഖമില്ലാതെ അവര്‍ ആതുരസേവനത്തിന്റെ കരുതലൊരുക്കി. ഈ അതിജീവനക്കാലത്തും അവര്‍ കര്‍മനിരതരാണ്. ഇന്ന് ലോക നഴ്‌സ് ദിനം കടന്ന് പോകുമ്പോള്‍ സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ കൂടുതല്‍ പ്രസക്തമാവുകയാണ്. കേരളത്തെ ഭീതിയിലാക്കിയ നിപ്പാ കാലത്ത് സ്വന്തം ജീവന്‍ ത്യജിച്ച്‌ രോഗി പരിചരണത്തിന്റെ മഹത്തായ സേവന സന്ദേശം നല്‍കിയ ലിനിയെ മലയാളിക്ക് മറക്കാനാകില്ല. ആതുര സേവനത്തിന്റെ മാതൃകാപാത്രങ്ങളായി മുഖമില്ലാതെ ഇന്നുമവര്‍ പൊരുതുകയാണ്. പോരാടുന്ന ഭൂമിയിലെ മാലാഖമാര്‍ക്ക് ആശംസകള്‍.

 

Related Articles

Back to top button