KeralaLatest

ജയിലില്‍നിന്നിറങ്ങി രണ്ടുമാസത്തിനുള്ളില്‍ എട്ട് ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച മോഷ്ടാവ് പിടിയില്‍

“Manju”

കൊട്ടാരക്കര: ജയിലില്‍നിന്നിറങ്ങി രണ്ടുമാസത്തിനുള്ളില്‍ യുവാവ് മോഷണം നടത്തിയത് എട്ട് ക്ഷേത്രങ്ങളില്‍. മോഷണത്തിന് പിന്നില്‍ വെട്ടിക്കവല വടക്കേമഠത്തില്‍ സജിത്ത് (36) ആണ് എന്നാറിഞ്ഞതോടെ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. മോഷണത്തിന് ശേഷം സദാനന്ദപുരം ആശ്രമവളപ്പില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്.
പിടികൂടിയതോടെ സജിത്തില്‍ നിന്ന് പണവും പണയപ്പെടുത്തിയ സ്വര്‍ണാഭരണങ്ങളും കണ്ടെടുക്കുകയായിരുന്നു. കൊട്ടാരക്കര സ്റ്റേഷന്‍ പരിധിയിലെ വെട്ടിക്കവല കണ്ണങ്കോട് സുബ്രഹ്‌മണ്യസ്വാമിക്ഷേത്രം, ഇരണൂര്‍ ദുര്‍ഗാദേവീക്ഷേത്രം, ചെങ്ങമനാട് കല്ലൂര്‍കാവ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവിടങ്ങളില്‍ മോഷണം നടന്നതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൂടാതെ ചാത്തന്നൂര്‍, എഴുകോണ്‍, ചടയമംഗലം സ്റ്റേഷന്‍ പരിധികളിലും ഇയാള്‍ മോഷണം നടത്തിയതായി കണ്ടെത്തി.
മുമ്ബ് ക്ഷേത്ര പൂജാരിയായിരുന്ന സജിത്ത് മോഷണക്കുറ്റത്തിന് രണ്ടുതവണ ജയിലിലായിരുന്നു. 2018-ല്‍ ജയിലിലായ സജിത്ത് കഴിഞ്ഞ മാര്‍ച്ച്‌ 30-നാണ് ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. റൂറല്‍ ജില്ലയുടെ പലഭാഗങ്ങളില്‍ ക്ഷേത്ര മോഷണം നടന്നതോടെ എസ്.പി. കെ.ബി.രവിയുടെ നിര്‍ദേശാനുസരണം പ്രത്യേകസംഘത്തെ നിയോഗിക്കുകയായിരുന്നു. ഒരുമാസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് സദാനന്ദപുരം ആശ്രമവളപ്പില്‍ കുറ്റിക്കാടുകള്‍ക്കിടയിലെ ഷെഡ്ഡില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടിയത്. സി.ഐ. ജോസഫ് ലിയോണിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ ദീപു, ജി.രാജീവ്, കെ.ജോണ്‍സണ്‍, സി.പി.ഒ.മാരായ ജയേഷ്, സലില്‍, കിരണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ക്ഷേത്ര പൂജാരിയായിരുന്നതിനാല്‍ സജിത്തിന് ക്ഷത്രങഅങളെ കുറിച്ച്‌ വ്യക്തമായ ധാരണ ഉണ്ടായിരുന്നു. മോഷണം നടന്ന ഇരണൂര്‍ ദുര്‍ഗാദേവീക്ഷേത്രത്തിനു സമീപത്തുനിന്നു ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങള്‍ കണ്ടപ്പോഴേ പോലീസ് സജിത്തിനെ തിരിച്ചറിഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാലും എങ്ങും സ്ഥിരമായി തങ്ങാത്തതിനാലും കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. 2016-ല്‍ പോത്തന്‍കോട്ട് പൂജാരിയായിരിക്കുമ്ബോഴാണ് ആദ്യ മോഷണക്കേസില്‍ സജിത്ത് പിടിയിലാകുന്നത്.
ക്ഷേത്രകാര്യങ്ങളില്‍ പരിചയമുള്ളതിനാല്‍ താക്കോലുകള്‍ സൂക്ഷിക്കുന്ന സ്ഥലവും പണവും സ്വര്‍ണവും ഉണ്ടാകാനിടയുള്ള ഇടങ്ങളും സജിത്തിന് നല്ല തിട്ടമാണ്. 2016-ല്‍ ജയിലിലായ സജിത്ത് 2018-ല്‍ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങി. പൂയപ്പള്ളി കരിങ്ങന്നൂര്‍ ക്ഷേത്രം, കൊട്ടാരക്കര തെച്ചിയോട് ക്ഷേത്രം, പുത്തൂര്‍ ആദിശമംഗലം ക്ഷേത്രം എന്നിവിടങ്ങളിലെ മോഷണത്തിന് അറസ്റ്റിലായി വീണ്ടും ജയിലിലായി. നാലുവര്‍ഷത്തിനുശേഷം മാര്‍ച്ച്‌ 30-ന് പുറത്തിറങ്ങിയതേയുള്ളൂ.
ക്ഷേത്രക്കവര്‍ച്ചകളിലൂടെ കിട്ടുന്ന പണം മദ്യപിക്കുന്നതിനും സിനിമ കാണുന്നതിനും മറ്റ് ധൂര്‍ത്തുകള്‍ക്കുമാണ് ചെലവഴിക്കുക. ഇക്കുറി ജയിലില്‍നിന്നിറങ്ങി കന്യാകുമാരിയിലും മറ്റുജില്ലകളിലുമെല്ലാം കറങ്ങി. ഒന്നരലക്ഷത്തോളം രൂപയാണ് ക്ഷേത്രങ്ങളില്‍നിന്നു കവര്‍ന്നത്. ഇരണൂര്‍ ക്ഷേത്രത്തിലെ 18 ലക്ഷം രൂപയുടെ ആഭരണങ്ങളടങ്ങിയ തിരുവാഭരണപ്പെട്ടി കടത്താന്‍ ശ്രമിച്ചെങ്കിലും ഉപേക്ഷിക്കുകയായിരുന്നു.
സദാനന്ദപുരം ആശ്രമത്തിലെ കാടുമൂടിയ വളപ്പിലെ ഷെഡ്ഡില്‍ തങ്ങുമ്ബോഴും ഓയൂരിലെ ബാറിലെത്തി മദ്യപിച്ചിരുന്ന സജിത്തിനെ ആരും തിരിച്ചറിഞ്ഞില്ല. നാടാകെ പോലീസ് സജിത്തിനെ തിരയുമ്ബോഴായിരുന്നു ഇത്. ആശ്രമാധികൃതര്‍ നല്‍കിയ വിവരമാണ് മോഷ്ടാവിനെ പിടികൂടാന്‍ പോലീസിന് തുണയായത്.

Related Articles

Back to top button