InternationalLatest

മരിയുപോള്‍ റഷ്യന്‍ നിയന്ത്രണത്തില്‍

“Manju”

കിയവ്: യുക്രെയ്നിലെ തന്ത്രപ്രധാന തുറമുഖ നഗരമായ മരിയുപോള്‍ പൂര്‍ണമായി കീഴടക്കിയതായി അവകാശപ്പെട്ട് റഷ്യ. യുക്രെയ്നിലെ നിര്‍ണായക വിജയമായാണ് റഷ്യ ഇതിനെ കണക്കാക്കുന്നത്.  മരിയുപോളും അസോവ്സ്റ്റാള്‍ ഉരുക്കു ഫാക്ടറിയും പൂര്‍ണമായി സ്വതന്ത്രമാക്കിയതായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ അറിയിച്ചു. ആഴ്ചകളോളം ഫാക്ടറിക്കുള്ളില്‍ റഷ്യന്‍ സൈന്യത്തെ പ്രതിരോധിച്ച 2439 യുക്രെയ്ന്‍ പോരാളികള്‍ കീഴടങ്ങിയിരുന്നു
അസോവ് റെജിമെന്റ് ആയിരുന്നു ഉരുക്കു ഫാക്ടറിയില്‍ പ്രതിരോധം തീര്‍ത്തത്. അസോവ് കമാന്‍ഡറെ സായുധവാഹനത്തില്‍ ഫാക്ടറിയില്‍നിന്ന് മാറ്റിയതായും റഷ്യ സൂചിപ്പിച്ചു. നാസികളെന്നും കുറ്റവാളികളെന്നും മുദ്രകുത്തി പ്രതിരോധ സേനാംഗങ്ങളില്‍ ചിലരെ യുദ്ധക്കുറ്റത്തിന് വിചാരണചെയ്യുമെന്നും റഷ്യയുടെ ഭീഷണിയുണ്ട്. മരിയുപോളിലെ റഷ്യയുടെ അവകാശവാദത്തെ കുറിച്ച്‌ യുക്രെയ്ന്‍ സൈന്യം പ്രതികരിച്ചിട്ടില്ല.
മരിയുപോളില്‍ റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെയായി 20,000ത്തിലേറെ സിവിലിയന്മാര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ലുഹാന്‍സ്ക് മേഖലയില്‍ വലിയ തോതില്‍ ഷെല്ലാക്രമണം നടക്കുന്നുണ്ട്. ആക്രമണത്തില്‍ സ്കൂളടക്കം തകര്‍ന്നതായി യുക്രെയ്ന്‍ അറിയിച്ചു. ഡോണ്‍ബാസ് കേന്ദ്രീകരിച്ച്‌ ആക്രമണം രൂക്ഷമാണ്.അതിനിടെ, നാറ്റോയില്‍ ചേരാന്‍ തയാറെടുക്കുന്ന ഫിന്‍ലന്‍ഡിന് പ്രകൃതി വാതകം നല്‍കുന്നത് റഷ്യന്‍ കമ്ബനി ഗാസ്പ്രോം നിര്‍ത്തി. ഫിന്‍ലന്‍ഡ് റൂബിളില്‍ ഇടപാട് നടത്താത്തതിനെ തുടര്‍ന്നാണിതെന്നാണ് കമ്ബനിയുടെ വാദം.
യു.എസ് പ്രസിഡന്റ് ജോ ബൈഡനും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും സി.ഐ.എ മേധാവി വില്യം ബേണ്‍സും ഉള്‍പ്പെടെ 963 അമേരിക്കന്‍ പൗരന്‍മാര്‍ക്ക് റഷ്യ യാത്രവിലക്ക് പ്രഖ്യാപിച്ചു. യുക്രെയ്ന് 40,00 കോടി ഡോളറിന്റെ സൈനിക സഹായത്തിന് ബൈഡന്‍ അനുമതി നല്‍കി.

Related Articles

Back to top button