KeralaLatest

ജയിലിലേയ്‌ക്ക് ബസില്‍ കൊണ്ടുപോയ പ്രതികള്‍ പോലീസുകാരെ മര്‍ദ്ദിച്ചു

“Manju”

കിളിമാനൂര്‍: കടയ്‌ക്കല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ ജയിലിലേയ്‌ക്ക് ഇന്നലെ കെ.എസ്‌.ആര്‍.ടി.സി. ബസില്‍ കൊണ്ടുവന്ന പ്രതികള്‍ അക്രമാസക്‌തരായി. കൂടെവന്ന പോലീസുകാരെയും ബസ്‌ യാത്രക്കാരെയും മര്‍ദ്ദിച്ചു. നിരവധി മോഷണ കേസുകളിലെ പ്രതികളായ കടയ്‌ക്കല്‍ സ്വദേശി മുഹമ്മദ്‌ ഷാന്‍, കഴക്കൂട്ടം സ്വദേശി അനന്തന്‍, നേമം സ്വദേശി ഷിഫാന്‍ എന്നിവരാണ്‌ അതിക്രമം കാട്ടിയത്‌. പ്രതികള്‍ക്കെതിരേ കിളിമാനൂര്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം.
കടയ്‌ക്കല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ തിരികെ ജയിലില്‍ കൊണ്ടുപോകും വഴി പ്രതികള്‍ ബീഡി വേണമെന്ന്‌ ആവശ്യപ്പെട്ടു. ഇതു നല്‍കാത്ത കാരണത്താല്‍ പോലീസുകാര്‍ക്കുനേരെ പ്രതികള്‍ അസഭ്യവര്‍ഷം നടത്തുകയും അക്രമാസക്‌തരായ പ്രതികള്‍ പോലീസുകാരെയും ബസ്‌ യാത്രക്കാരെയും മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന്‌ ബസ്‌ കിളിമാനൂര്‍ പോലീസ്‌ സ്‌റ്റേഷനിലെത്തിക്കുകയും കൂടുതല്‍ പോലീസുകാരുടെ സഹായത്തോടെ പ്രതികളെ കീഴ്‌പ്പെടുത്തി സ്‌റ്റേഷനില്‍ കയറ്റുകയായിരുന്നു. ഇതിനിടയില്‍ പ്രതികളിലൊരാള്‍ സ്‌റ്റേഷനില്‍ വൈദ്യുതി ചാര്‍ജ്‌ ചെയ്‌തുകൊണ്ടിരുന്ന ടാബ്‌ തറയിലേക്കെറിഞ്ഞു തകര്‍ത്തു.

ഇതേതുടര്‍ന്ന്‌ സര്‍ക്കാര്‍ മുതല്‍ നശിപ്പിച്ചതിന്‌ പ്രത്യേക കേസും ഇവര്‍ക്കെതിരെ രജിസ്‌റ്റര്‍ ചെയ്‌തു. ആക്രമണത്തിനിരയായ തിരുവനന്തപുരം എ.ആര്‍. ക്യാമ്ബിലെ പോലീസുകാരെ കേശവപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററില്‍ പ്രവേശിപ്പിച്ചു. ക്യാമ്ബില്‍നിന്ന്‌ പകരം പോലീസുകാരും വാഹനവും എത്തിച്ച ശേഷം പ്രതികളെ മെഡിക്കല്‍ പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷം ജയിലിലേക്ക്‌ കൊണ്ടുപോയി.

Related Articles

Back to top button