LatestThiruvananthapuram

കുട്ടികളുടെ സമ്പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനോത്സവത്തോടെ പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകും. സംസ്ഥാന തല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ തലത്തിലും ഉപജില്ലാതലത്തിലും പ്രവേശനോത്സവം നടക്കും.

42.9 ലക്ഷം വിദ്യാര്‍ത്ഥികളും 1.8 ലക്ഷം അധ്യാപകരും കാല്‍ ലക്ഷത്തോളം അനധ്യാപകരും ഇന്ന് മുതല്‍ വീണ്ടും സ്‌കൂളുകളിലേക്കെത്തും. ഒന്നാം ക്ലാസില്‍ നാല് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എത്തുമെന്നാണ് പ്രാഥമിക കണക്ക്. സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച്‌ ഒന്നാം വാല്യം പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും സ്‌കൂളുകളില്‍ എത്തിച്ചിട്ടുണ്ടെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.

സ്‌കൂള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ സംബന്ധിച്ചു വിശദമായ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ക്കായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. യു.പി, എല്‍.പി. അധ്യാപകരുടെ പരിശീലം പൂര്‍ത്തിയാക്കി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് സ്‌കൂള്‍ തുറന്ന ശേഷം പരിശീലനം നല്‍കും.

അക്കാദമിക് മികവിനായി ഈ അധ്യയന വര്‍ഷം പ്രത്യേക ശ്രദ്ധയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സ്കൂളുകളിലെ സൗകര്യങ്ങള്‍ ഏറ്റവും മെച്ചമായ നിലയിലാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും കുട്ടികളുടെ സമ്പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കിക്കൊണ്ടുമാകും പുതിയ സ്‌കൂള്‍ വര്‍ഷത്തെ പ്രവര്‍ത്തനമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

Related Articles

Back to top button