IndiaLatest

തമിഴ്‌നാട്ടിനെ ഞെട്ടിച്ച്‌ മൊബൈല്‍ ടവര്‍‍ മോഷണം

“Manju”

ചെന്നൈ: തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ച പ്രവര്‍ത്തന രഹിതമായ 600 മൊബൈല്‍ ടവറുകള്‍ മോഷണം പോയതായി പരാതി.  ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 100 കോടി വിലമതിക്കുന്ന ടവറുകളാണ് കാണാതായത്. മുംബൈ ആസ്ഥാനമായുള്ള കമ്പനി ചൊവ്വാഴ്ചയാണ് പരാതി നല്‍കിയത്.
2018ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ എയര്‍സെല്‍ കമ്ബനിയുടെതായിരുന്നു ഈ ടവറുകള്‍. പിന്നീട് ഇവ ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ഏറ്റെടുത്തു. 2018 മുതല്‍ ടവറുകള്‍ പ്രവര്‍ത്തന രഹിതമാണെന്നും മോഷ്ടാക്കള്‍ ഓരോന്നായി മോഷ്ടിക്കാന്‍ തുടങ്ങിയെന്നും കമ്ബനി പരാതിയില്‍ പറയുന്നു.
തമിഴ്‌നാട്ടില്‍ മാത്രം ആറായിരത്തോളം ടവറുകളുണ്ടായിരുന്നു. ചെന്നൈ പുരുഷവാക്കത്തുള്ള റീജണല്‍ ഓഫീസിനായിരുന്നു ചുമതല. മൊബൈല്‍ ഫോണ്‍ സേവന ദാതാവ് പ്രവര്‍ത്തനം നിര്‍ത്തിയതോടെ ടവറുകളുടെ പരിപാലനവും നിരീക്ഷണവും മുടങ്ങി. പിന്നാലെ കോവിഡ് അടക്കമുള്ള പ്രശ്‌നങ്ങളുണ്ടായതോടെ ടവറുകളുടെ നേരിട്ടുള്ള പരിശോധനയും നിലച്ചു. ദിവസങ്ങള്‍ക്കു മുന്‍പു ടവറുകളുടെയും കണക്കെടുത്തപ്പോഴാണ് മോഷണം വ്യക്തമായത്. അധികം ആള്‍താമസമില്ലാത്ത പ്രദശങ്ങളുണ്ടായിരുന്ന ടവറുകളാണ് അഴിച്ചെടുത്തു കൊണ്ടു പോയത്. 600 ടവറുകള്‍ മോഷ്ടിക്കപ്പെട്ടതായി കമ്ബനി പരിശോധനയില്‍ കണ്ടെത്തി. ടവറുകളില്‍ വൈദ്യുതി ഉറപ്പാക്കാന്‍ സ്ഥാപിച്ച ജനറേറ്ററുകള്‍ ഉള്‍പ്പെടെ അഴിച്ചെടുത്തു കൊണ്ടുപോയിട്ടുണ്ട്. ഓരോ ടവറിനും 25 മുതല്‍ 40 ലക്ഷം വരെ ചെലവുണ്ടെന്നും മോഷണം വഴി 100 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നും കമ്ബനി നല്‍കിയ പരാതിയില്‍ പറയുന്നു.
ചില അജ്ഞാത സംഘം കൊറോണ കാലം മുതലെടുത്താണ് ടവറുകള്‍ മോഷ്ടിച്ചതെന്ന് കമ്ബനി പറയുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ച്‌ അന്വേഷണം വിപുലപ്പെടുത്താനാണു തമിഴ്‌നാട് പൊലീസിന്റെ തീരുമാനം. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നും ഭാവിയില്‍ ഇത് സംഭവിക്കുന്നത് തടയണമെന്നും കമ്ബനി പൊലീസിനോട് ആവശ്യപ്പെട്ടു. പരാതിയില്‍ ചെന്നൈ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Related Articles

Back to top button