Latest

അസമിന് കൈത്താങ്ങായി വ്യോമസേന

“Manju”

ഗുവാഹട്ടി: പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന അസമിന് കൈത്താങ്ങായി ഇന്ത്യൻ വ്യോമസേന. അസമിലും മേഘാലയയിലുമുള്ള പ്രളയബാധിത പ്രദേശങ്ങളിൽ ആകാശമാർഗം 96 ടൺ ദുരിതാശ്വാസ സാമഗ്രികൾ വ്യോമസേന ഉദ്യോഗസ്ഥർ എത്തിച്ചു.

വ്യോമസേനയുടെ വിവിധ വിമാനങ്ങൾ ഉപയോഗിച്ചാണ് പ്രളയബാധിത പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചത്. ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിൽ ജൂൺ 21 മുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നതായും ഇതുവരെ ഭക്ഷണമുൾപ്പെടയുള്ള 203 ടൺ വസ്തുക്കൾ എത്തിച്ചതായും ഐഎഎഫ് ട്വീറ്റ് ചെയ്തു.

ഹെലികോപ്റ്ററുകൾ ഉപയോഗിച്ചും വിവിധ എയർക്രാഫ്റ്റ് ട്രാൻസ്‌പോർട്ടുകൾ വഴിയും 253 പേരെ പ്രളയബാധിത മേഖലകളിൽ നിന്ന് രക്ഷപ്പെടുത്തി. 74 ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇതുവരെ ഏകോപിപ്പിച്ചതായും ഇതിനായി സി-130, എഎൻ-32, എംഐ 17വി5, എംഐ 171വി, എംഐ17എസ് എന്നീ എയർക്രാഫ്റ്റുകൾ ഉപയോഗപ്പെടുത്തിയതായും വ്യോമസേന അറിയിച്ചു.

അസമിലെ 28 ജില്ലകളിലായി 33 ലക്ഷത്തോളം ആളുകളെയാണ് പ്രളയം ബാധിച്ചത്. ഇതുവരെ 117 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് നിരവധി പേരുടെ ജീവന് ഭീഷണിയായി മാറിയത്. നൂറോളം പേർ പ്രളയത്തിൽ മുങ്ങിമരിക്കുകയായിരുന്നു.

Related Articles

Back to top button