Latest

ദുബായ് ദേശീയ റെയിൽ പദ്ധതി ഇത്തിഹാദിന്റെ നിർമാണം പുരോഗമിക്കുന്നു

“Manju”

ദുബായ്: ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദിന്റെ നിർമാണം ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെത്തി. ജബൽഅലിയിൽ ദുബായ് മെട്രോ പാലത്തിന്റെയും റോഡുകളുടെയും പശ്ചാത്തലത്തിൽ ഇത്തിഹാദ് റെയിൽ നിർമാണം പുരോഗമിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ് നിർമാതാക്കൾ വിവരം പുറത്തുവിട്ടത്.

ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദിന്റെ നിർമാണം ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെത്തി. ഡ്രോണുകൾ ഉപയോഗിച്ച് ചിത്രീകരിച്ച ആകാശ ദൃശ്യത്തിൽ നിർമാണ പുരോഗതി വ്യക്തമാണ്. ജബൽഅലി മെട്രോ സ്റ്റേഷനുകൾക്ക് സമീപത്തുകൂടി പോകുന്ന ഇത്തിഹാദ് റെയിൽ യാഥാർഥ്യമായാൽ യാത്രക്കാർക്ക് ഇരു റെയിലും ഉപയോഗിക്കാൻ സൗകര്യമൊരുങ്ങും. ചരക്കുനീക്കവും എളുപ്പമാകും.

ഫുജൈറയിൽ യുഎഇയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിന്റെ നിർമാണ ദൃശ്യങ്ങൾ ഇത്തിഹാദ് റെയിൽ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. അൽ ബിത്‌നയിൽ 600 മീറ്റർ ഉയരമുള്ള പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഹജ്ർ മലനിരകൾക്കിടയിലൂടെ കടന്നുപോകുന്ന പാതയിൽ പട്ടണങ്ങളുടെയും കൃഷിയിടങ്ങളുടെയും ആകാശദൃശ്യങ്ങൾ ആസ്വദിക്കാം. പടിഞ്ഞാറ് സൗദി–യുഎഇ അതിർത്തിയായ ഗുവൈഫാത്ത് മുതൽ കിഴക്ക് ഒമാൻ വരെ നീളുന്ന 1,200 കിലോമീറ്റർ പാത സജ്ജമാക്കി യാത്രാ സർവീസ് തുടങ്ങിയാൽ അബുദാബിയിൽനിന്ന് ഫുജൈറയിലെത്താൻ 100 മിനിറ്റ് മതി.

യുഎഇയുടെ യാത്രാ, ചരക്ക് ഗതാഗതം സുഗമമാക്കുന്നതിന് ഇത്തിഹാദ് റെയിലിന് നിർണായക പങ്കു വഹിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുഎഇയിലുടനീളം 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് ട്രാക്ക് ഒരുക്കുന്നത്. 2024ൽ യാത്രാ സർവീസ് തുടങ്ങാനാണ് പദ്ധതി. ഇത്തിഹാദ് റെയിൽ ജിസിസി റെയിലുമായി ബന്ധിപ്പിക്കുന്നതോടെ ഗൾഫ് രാജ്യങ്ങളുമായുള്ള ദൂരവും കുറയും.

Related Articles

Back to top button