IndiaLatest

സ്പോര്‍ട്സ് അക്കാദമി ആരംഭിക്കാനൊരുങ്ങി പി.വി സിന്ധു

“Manju”

 

രണ്ടു തവണ ഒളിമ്പിക്സ് മെഡല്‍ നേടിയ ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പിവി സിന്ധു തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിശാഖപട്ടണത്ത് ഒരു സ്പോര്‍ട്സ് അക്കാദമിയും സ്കൂളും ആരംഭിക്കാനുള്ള പദ്ധതിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്തു. ബുധനാഴ്ച നടന്ന മുഴുവന്‍ സംഭാഷണത്തിന്റെയും വീഡിയോ പിവി സിന്ധു ട്വീറ്റ് ചെയ്തു. വീഡിയോ പങ്കുവച്ചുകൊണ്ട് “ഇത് ഏറ്റവും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുമൊത്തുള്ള എന്റെ അവസ്മരണീയമായ കൂടിക്കാഴ്ച്ചയായിരിക്കും” എന്ന് കുറിച്ചു.

“മികച്ച ഒരു കൂട്ടം ആളുകള്‍ക്കൊപ്പം നിന്ന് ഇന്ത്യയില്‍ ബാഡ്മിന്റണെ എനിക്ക് എങ്ങനെ പിന്തുണയ്ക്കാനാകുമെന്ന് ചര്‍ച്ച ചെയ്തതില്‍ ഞാന്‍ സന്തുഷ്ടയാണ്,” സിന്ധു ട്വീറ്റില്‍ കുറിച്ചു ഭാവിയിലെ ഒളിമ്പ്യന്‍മാരെ സ്കൂളുകളില്‍ നിന്ന് കണ്ടെത്തുന്നതിന് സര്‍ക്കാരിനും ചില പദ്ധതികളുണ്ട്. അക്കാദമിക്, കായിക വിദ്യാഭ്യാസം ലയിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന് കായികാധ്യാപകരെ നിയമിക്കുക മാത്രമല്ല, പ്രശസ്തരായ അത്ലറ്റുകളെ കുട്ടികളെ പഠിപ്പിക്കാന്‍ വേണ്ടി നിയോഗിക്കുകയും കഴിവു‌ള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാനുമാണ് സ‍ര്‍ക്കാ‍ര്‍ പദ്ധതിയൊരുക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ പരിശീലനം നല്‍കാനും പ്രോത്സാഹിപ്പിക്കാനും ഈ കായികതാരങ്ങള്‍ക്ക് കഴിയും. കായികരംഗത്തെ വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യം അളക്കുക, ശരിയായ പരിശീലനത്തിനായി ഭാവിയിലെ അത്ലറ്റുകളെ തെരഞ്ഞെടുക്കുക എന്നതും സര്‍ക്കാരിന്റെ പുതിയ പദ്ധതികളുടെ ലക്ഷ്യമാണ്.

ടോക്യോ ഒളിമ്പിക് സംഘത്തെ പ്രധാനമന്ത്രി മോദി തന്റെ ഔദ്യോഗിക വസതിയായ 7, ലോക് കല്യാണ്‍ മാര്‍ഗില്‍ പ്രഭാതഭക്ഷണത്തിന് ക്ഷണിച്ച ദിവസത്തെ കാര്യങ്ങളാണ് സിന്ധു ട്വിറ്ററില്‍ പങ്കുവച്ചത്. ഒരു സ്പോര്‍ട്സ് സ്കൂളും അക്കാദമിയും ആരംഭിക്കുന്നതിനെക്കുറിച്ച്‌ ബാഡ്മിന്റണ്‍ താരം പരാമര്‍ശിക്കുന്നത് വീ‍ഡിയോയില്‍ കാണാം. “വിശാഖപട്ടണത്ത് ഒരു അക്കാദമിയും സ്പോര്‍ട്സ് സ്കൂളും സ്ഥാപിക്കാന്‍ ഞാന്‍ ആലോചിക്കുന്നുണ്ട്, പക്ഷേ ഇപ്പോള്‍ ഞാന്‍ കളിക്കുകയാണ്. അതിനുശേഷം ഞാന്‍ സ്പോ‍ര്‍ട്സ് അക്കാദമിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അതുവരെ എന്റെ പിതാവ് അക്കാദമി കാര്യങ്ങള്‍ കൈകാര്യം ചെയ്യും,’ സിന്ധു വീഡിയോയില്‍ പറഞ്ഞു.

സ്പോര്‍ട്സ് അക്കാദമിയെക്കുറിച്ചുള്ള തന്റെ പദ്ധതിയെ കുറിച്ച്‌ വെള്ളിയാഴ്ച സിന്ധു പ്രാര്‍ഥനകള്‍ക്കായി തിരുമല ക്ഷേത്രത്തില്‍ എത്തിയപ്പോഴും സൂചിപ്പിച്ചിരുന്നു. “ശരിയായ പ്രോത്സാഹനവും പരിശീലനവും ഇല്ലാത്തതിനാല്‍ നിരവധി യുവാക്കള്‍ കായികരംഗത്ത് പിന്നിലാണ്,” സിന്ധു പറഞ്ഞു. ആശയവിനിമയത്തിനിടെ, സിന്ധു തന്റെ പരിശീലകനായ പാര്‍ക്ക് ടേ-സോംഗിനെയും പ്രധാനമന്ത്രി മോദിക്ക് പരിചയപ്പെടുത്തി. അയോദ്ധ്യയും ദക്ഷിണ കൊറിയയും തമ്മില്‍ വളരെ സവിശേഷമായ ബന്ധമാണുള്ളതെന്ന് കോച്ചിനോട് സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹം പാര്‍ക്കിനെ അയോദ്ധ്യയിലേക്ക് ക്ഷണിച്ചു. “അയോദ്ധ്യയുടെ ചരിത്രം അറിയണം. നിങ്ങള്‍ക്ക് തീ‍ര്‍ച്ചയായും അഭിമാനം തോന്നും എന്നും,’ മോദി പാര്‍ക്കിനോട് പറഞ്ഞു. കൂടാതെ, 2018 ല്‍ ദക്ഷിണ കൊറിയയിലെ പ്രഥമ വനിത കിം-ജംഗ് സൂക്ക്, അയോദ്ധ്യയിലെ ക്വീന്‍ ഹു പാര്‍ക്കില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്നും മോദി പാര്‍ക്ക് ടേ- സോംഗിനോട് പറഞ്ഞു.

Related Articles

Back to top button