Latest

നദിയിൽ വീണ ഐഫോൺ 10 മാസത്തിന് ശേഷം തിരികെ കിട്ടി; പ്രവർത്തനം ഫുൾ കണ്ടീഷനിൽ

“Manju”

നദിയിൽ വീണുപോയ ഐ-ഫോൺ പത്ത് മാസത്തിന് ശേഷം തിരിച്ചുകിട്ടുമ്പോൾ എങ്ങനെയിരിക്കും? ഇത്തരത്തിൽ തിരികെ ലഭിച്ച ഫോൺ പ്രവർത്തനക്ഷമമായതിന്റെ സന്തോഷത്തിലാണ് ഒരു യുവാവ്. അവിശ്വസനീയമായി തോന്നുമെങ്കിലും യഥാർത്ഥ സംഭവമാണിത്.

യുകെ സ്വദേശിയായ ഒവൈൻ ഡേവീസിനാണ് നദിയിൽ കളഞ്ഞുപോയ തന്റെ ഫോൺ ‘വർക്കിംഗ് കണ്ടീഷനിൽ’ തിരിച്ചുകിട്ടിയത്. 2021 ഓഗസ്റ്റിൽ ഒരു ബാച്ചിലർ പാർട്ടിക്കിടെയായിരുന്നു അദ്ദേഹത്തിന് ഫോൺ നഷ്ടപ്പെട്ടത്. യുകെയിലുള്ള ഗ്ലൗസെസ്റ്റർഷെയറിലെ സിൻഡർഫോർഡിന് സമീപമുള്ള ‘വൈ’ എന്ന നദിയിലേക്കാണ് ഡേവീസിന്റെ ഐഫോൺ-10 വീണത്. നദിയിൽ സഞ്ചരിക്കവേ തോണി മറഞ്ഞപ്പോൾ വെള്ളത്തിലേക്ക് വീഴുകയും പോക്കറ്റിലുണ്ടായിരുന്ന ഐഫോൺ ഡേവീസിന് നഷ്ടപ്പെടുകയുമായിരുന്നു. എന്നാൽ പത്ത് മാസത്തിന് ശേഷം അതേ ഫോൺ പഴയ കപ്പാസിറ്റിയിൽ തന്നെ തിരികെ ലഭിക്കുമെന്ന് ഡേവീസ് കരുതിയില്ല.

കുടുംബത്തോടൊപ്പം വൈ നദിക്കരയിൽ എത്തിയ മിഖായേൽ എന്ന യുവാവിനാണ് തോണിയിൽ സഞ്ചരിക്കുന്നതിനിടെ ഒരു ഐഫോൺ കിട്ടിയത്. അപ്രതീക്ഷിതമായി ലഭിച്ച ഐഫോൺ ആരുടേതാണെന്ന് അറിയാത്തതിനാൽ ഉടമയെ കണ്ടെത്താൻ മിഖായേൽ ഒരു കാര്യം ചെയ്തു. ചെളിപുരണ്ട ഐഫോണിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചു. ”ഇത് ഉപകരിക്കുമോ എന്നറിയില്ല, മൊത്തം വെള്ളമായിരുന്നു” എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

ഇതിന് ശേഷം കളഞ്ഞുകിട്ടിയ ഫോൺ ചാർജ്ജ് ചെയ്യാൻ വെച്ചു. എന്നാൽ ഞെട്ടിക്കുന്ന കാഴ്ചായാണ് മിഖായേൽ കണ്ടത്. അദ്ദേഹത്തിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഫോണിൽ ചാർജ്ജ് കയറുന്നത് കണ്ട മിഖായേൽ അമ്പരന്നു. ഫുൾ ചാർജ്ജ് ആയെന്ന് കണ്ടതോടെ പുതുക്കെ സ്വിച്ച് ഓൺ ചെയ്തുനോക്കി. ഒരിക്കലും റീ-സ്റ്റാർട്ട് ചെയ്യപ്പെടില്ലെന്ന് കരുതിയ ഐഫോൺ ഓണായി.

ഒരു യുവാവും യുവതിയും ചേർന്ന് നിൽക്കുന്ന ചിത്രമായിരുന്നു സ്‌ക്രീൻസേവർ. ഈ യുവാവാകാം ഫോണിന് ഉടമയെന്ന് മിഖായേൽ കരുതി. അപ്പോഴേക്കും ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു. 4,000 പേർ ഷെയർ ചെയ്ത ചിത്രം ഒടുവിൽ ഡേവീസിന്റെ സുഹൃത്തുക്കളുടെ പക്കലും എത്തി. സോഷ്യൽ മീഡിയയിൽ ഇല്ലാതിരുന്ന ഡേവീസിന്റെ ഫോൺ തിരിച്ചറിഞ്ഞത് സുഹൃത്തുക്കളായിരുന്നു. അങ്ങനെ പത്ത് മാസം മുമ്പ് നദിയിൽ വീണുപോയ തന്റെ ഐ-ഫോൺ പൂർണ പ്രവർത്തനക്ഷമതയോടെ ഡേവീസിന് തിരികെ ലഭിച്ചു.

സമീപ കാലത്ത് പുറത്തിറക്കിയ ഐഫോണുകൾ എല്ലാം കൂടുതൽ വാട്ടർ റെസിസ്റ്റന്റുകളാണെന്ന അഭിപ്രായങ്ങളെ സാധൂകരിക്കുന്നതാണ് ഈ സംഭവം. ജലത്തിൽ 30 മിനിറ്റ് നേരത്തോളം കിടക്കേണ്ടി വന്നാലും ചില ഐഫോണുകൾ വീണ്ടും പ്രവർത്തനക്ഷമമാകും. എന്നാലിവിടെ സംഭവിച്ചത് അവിശ്വസനീയമാണെന്നും ഒരിക്കൽ കൂടി സംഭവിക്കാൻ ചിലപ്പോൾ സാധ്യതയില്ലാത്തതുമാണെന്നാണ് വിദഗ്ധർ പറയുന്നത്.

Related Articles

Back to top button