IndiaLatest

‘കഞ്ചിപ്പാനി ഇമ്രാന്‍’ ഇന്ത്യയിലേക്ക് കടന്നു; ജാഗ്രതാ നിര്‍ദ്ദേശം

“Manju”

ചെന്നൈ: ശ്രീലങ്കയിലെ കുപ്രസിദ്ധ അധോലോക കുറ്റവാളി മുഹമ്മജ് നജീം മുഹമ്മദ് ഇമ്രാന്‍ ഇന്ത്യയിലെത്തിയതായി വിവരം. തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് ഇയാള്‍ എത്തിയതായി വിവരം ലഭിച്ചിട്ടുള്ളത്. ഇതേ തുടര്‍ന്ന് തമിഴ്‌നാട് പോലീസ് കനത്ത ജാഗ്രതയിലാണ്.

കഞ്ചിപ്പാനി ഇമ്രാന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഇമ്രാന്‍ പാകിസ്താന്‍,ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ വേരുകളുള്ള മയക്കുമരുന്ന് ഇടപാടുകാരനാണ്. ശ്രീലങ്കന്‍ ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ഇയാള്‍ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

കള്ളക്കടത്തുകേസുകളിലും കൊലക്കേസുകളിലും നിയമനടപടി നേരിടുന്ന ഇമ്രാനെ ദുബായില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് 2019-ലാണ് ശ്രീലങ്കയിലേക്ക് നാടുകടത്തിയത്. പാകിസ്താനിലെ ഹാജിഅലി ശൃംഖലയുമായും ശ്രീലങ്കയിലെ ഗുണശൃംഖലയുമായും അടുത്തബന്ധമുള്ള ഇമ്രാന്‍ കൂട്ടാളികള്‍ക്കൊപ്പം കഴിഞ്ഞ മാസം 25 ന് രാമേശ്വരത്ത് എത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.

ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഉടന്‍ വേഷംമാറി തലൈമാന്നാറിലെത്തിയ ഇയാള്‍ അവിടെനിന്ന് ബോട്ടുമാര്‍ഗം രാമേശ്വരത്തെത്തി എന്നാണ് റിപ്പോര്‍ട്ട്. ഇയാള പിടികൂടാനായി തീരദേശമേഖലകളില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ് സുരക്ഷാ ഏജന്‍സികള്‍. അതേസമയം ഇമ്രാന്‍ രക്ഷപ്പെട്ട കാര്യം ശ്രീലങ്ക ഔപചാരികമായി ഇതുവരെ ഇന്ത്യയെ അറിയിച്ചിട്ടില്ല.

Related Articles

Back to top button