KeralaLatest

ആനകള്‍ക്ക് സുഖചികിത്സ ജൂലൈ ഒന്നിന് തുടങ്ങും

“Manju”

തൃശൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകള്‍ക്ക് ഒരുമാസം നീണ്ടുനില്‍ക്കുന്ന സുഖചികിത്സ ജൂലൈ ഒന്നിന് തുടങ്ങും. 14 ലക്ഷം രൂപയാണ് ദേവസ്വം ഇതിനായി ചെലവിടുന്നത്. ദേവസ്വത്തിലെ 44 ആനകളില്‍ മദപ്പാടിലല്ലാത്ത ആനകള്‍ക്കാണ് സുഖചികിത്സ നല്‍കുക. മദപ്പാടിലുള്ള ആനകള്‍ക്ക് നീരില്‍ നിന്നഴിച്ചശേഷമാകും ചികിത്സ.

ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും ശരീരപുഷ്ടിക്കും ഉപകരിക്കുംവിധമുള്ള സമീകൃത ആഹാരമാണ് സുഖ ചികിത്സാ കാലത്ത് നല്‍കുക. ആയുര്‍വേദ, അലോപ്പതി മരുന്നുകള്‍ ഉള്‍പ്പെടുത്തിയുള്ള ആഹാരക്രമമാണിത്. ആനകളെ കുളിപ്പിച്ച്‌ വരിയായി നിറുത്തിയ ശേഷം മരുന്ന് കൂട്ടങ്ങളടങ്ങിയ ചോറുരുള നല്‍കും. ജൂലൈ ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് ആനത്താവളത്തില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ സുഖചികിത്സ ഉദ്ഘാടനം ചെയ്യും.

എന്‍.കെ. അക്ബര്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ എം. കൃഷ്ണദാസ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ആന ചികിത്സ വിദഗ്ധരായ ഡോ. കെ.സി. പണിക്കര്‍, ഡോ. പി.ബി. ഗിരിദാസ്, ഡോ. എം.എന്‍. ദേവന്‍ നമ്പൂതിരി, ഡോ. ടി.എസ്. രാജീവ്, ഡോ. കെ. വിവേക്, ദേവസ്വം വെറ്ററിനറി സര്‍ജന്‍ ഡോ. ചാരുജിത്ത് നാരായണന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് സുഖചികിത്സ.

Related Articles

Back to top button