Latest

ജീവിതവും മരണവും ഒറ്റ ഫ്രെയിമിൽ  പകർത്തിയ ഫോട്ടോഗ്രാഫർ

“Manju”

ഒറ്റ ക്ലിക്കിലൂടെ ക്യാമറയിൽ പതിയുന്ന ഓരോ ചിത്രത്തിനും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാകും.വാക്കുകളേക്കാൾ ഏറെ ശക്തി പലപ്പോഴും ചിത്രങ്ങൾക്കാണെന്ന് പല സംഭവങ്ങളും തെളിയിച്ചതാണ് .ലോകത്തെ മാറ്റിമറിച്ച പലസംഭവങ്ങൾക്കും ചിത്രങ്ങൾ കാരണമായിട്ടുണ്ട്. പല ചിത്രങ്ങളും പലപ്പോഴും സമൂഹ മനസ്സാക്ഷിയെ തൊട്ടുണർത്തുകയും, അതിനൊപ്പം വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്.തന്റെ ക്യാമറ കണ്ണിലൂടെ ലോക മന:സാക്ഷിയുടെ കണ്ണു തുറപ്പിച്ച ശേഷം സമൂഹത്തിന്റെ നിരന്തര വിമർശനങ്ങൾ ഏറ്റുവാങ്ങി പൊലിഞ്ഞുപോയ ഒരു ഫോട്ടോഗ്രാഫറുണ്ട്. ജീവിതവും മരണവും ഒറ്റ ഫ്രെയിമിൽ പകർത്തിയ ഒരു ഫോട്ടോഗ്രാഫർ കെവിൻ കാർട്ടർ.

1960 സെപ്റ്റംമ്പർ 13 ന് സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ് ബർഗിലായിരുന്നു കെവിൻ കാർട്ടറുടെ ജനനം. 1983-ലാണ് കാർട്ടർ ഒരു വാരാന്ത്യ സ്പോർട്സ് ഫോട്ടോഗ്രാഫറായി ജോലി ചെയ്യാൻ തുടങ്ങിയത് പിന്നീട് 1984-ൽ അദ്ദേഹം ജോഹന്നാസ്ബർഗ് സ്റ്റാർ എന്ന പത്രത്തിന് വേണ്ടി ജോലി ചെയ്യാൻ തുടങ്ങി .80-കളുടെ മധ്യത്തിൽ, നെക്ലേസിംഗ് എന്നറിയപ്പെടുന്ന ഒരു വധശിക്ഷയുടെ ഫോട്ടോകൾ ആദ്യമായി എടുത്തത് കാർട്ടറായിരുന്നു. താൻ പകർത്തിയ ഒരു ചിത്രം അയാളെ നയിച്ചത് ആത്മഹത്യയിലേക്കാണ്. അതെ പത്രപ്രവർത്തക്കാർക്കുള്ള ലോകത്തിലെ ഏറ്റവും വലിയ ബഹുമതിയായ പുലിസ്റ്റർ പുരസ്‌കാരം നേടിയ തന്റെ ചിത്രമാണ് കെവിൻ കാർട്ടറെ ആത്മഹത്യയിലേക്ക് നയിച്ചത്.

ദക്ഷിണ സുഡാനിൽ നിന്ന് പകർത്തിയ ചിത്രമായിരുന്നു കെവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. കെവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ച് പറയും മുൻപ് നമ്മൾ അറിയേണ്ട മറ്റൊന്നുണ്ട് ”ഓപ്പറേഷൻ ലൈഫ് ലൈൻ സുഡാൻ ”

ആഭ്യന്തര യുദ്ധം കാരണം ജനങ്ങൾ നരകയാതന അനുഭവിക്കുന്ന സുഡാനിലേക്ക് ഭക്ഷണം എത്തിക്കാനുള്ളതായിരുന്നു ”ഓപ്പറേഷൻ ലൈഫ് ലൈൻ സുഡാൻ ” എന്ന യു എൻ പദ്ധതി. സുഡാനിലെ അവസ്ഥ ലോകത്തിനു മുന്നിൽ എത്തിക്കുന്നതിനു ഫോട്ടോ ജേണലിസ്റ്റുകളെയും ക്ഷണിച്ചിരുന്നു. ലൈഫ് ലൈൻ സുഡാനിൽ അംഗമായിരുന്ന റോബർട്ട് ഹാഡ്‍ലിയാണു ജോവ സിൽവയോടും കെവിൻ കാർട്ടറോടും യാത്രയുടെ കാര്യം പറഞ്ഞത്. ഫ്രീലാൻസ് ഫോട്ടോഗ്രഫറായി ജോലി ചെയ്തിരുന്ന കാലത്താണ് കെൻ ഓസ്റ്റർബ്രൂക്ക്, ഗ്രെഗ് മറിനോവിച്ച്, ജോവ സിൽവ എന്നിവരെ കെവിൻ കണ്ടുമുട്ടുന്നത്. ദക്ഷിണാഫ്രിക്കയിലെ വംശീയ അതിക്രമങ്ങൾക്കെതിരെ ക്യാമറ കൊണ്ട് പ്രതിഷേധിക്കുന്നവരായിരുന്നു ഇവർ നാലുപേരും.റോബർട്ട് ഹാഡ്‍ലി പറഞ്ഞത് കേട്ട് കാർട്ടറും സിൽവയും ഇതൊരവസരമായി കണ്ട് യുഎൻ സംഘത്തിനൊപ്പം ചേർന്നു.

കൊടും പട്ടിണിയുടെയും മരണത്തിന്റെയും ഭീകരത തളം കെട്ടി കിടക്കുന്ന ദക്ഷിണ സുഡാനിലെ അയോഡിലേക്കു ഭക്ഷണമെത്തിക്കാൻ ഒരു വിമത സംഘടന യുഎന്നിന് അനുമതി കൊടുത്തു. ഹാഡ്‍ലി കാർട്ടറെയും സിൽവയെയും തങ്ങളുടെകൂടെ പോരുന്നതിനു അവർ ക്ഷണിച്ചു. ഭക്ഷണം വിതരണം ചെയ്യാനുള്ള 30 മിനിറ്റു മാത്രമേ ചെലവഴിക്കാനാവുകയുള്ളൂ എന്ന മുന്നറിയിപ്പും യുഎൻ സംഘം നൽകിയിരുന്നു . ഗറില്ല പോരാളികളുടെ ഫോട്ടോയെടുക്കുന്നതിനായി സിൽവ പോയപ്പോൾ കെവിൻ ഭക്ഷണവിതരണ ക്യാംപിലേക്ക് ഓടിയെത്തിയ ആളുകളുടെ ചിത്രങ്ങളെടുത്തു.

പട്ടിണിയുടെയും മരണത്തിന്റെയും ദയനീയമായ അവസ്ഥ കണ്ട് മനംമടുത്ത കെവിൻ ഏതാനും ക്ലിക്കുകൾക്കുശേഷം ക്യാംപിലേക്കു മടങ്ങാനൊരുങ്ങവേ ഒരു കരച്ചിൽ കേട്ടു. ആ ഭാഗത്തേക്കു ചെന്ന കെവിൻ കണ്ടത് കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്.കൊടുംവെയിലത്തു മണ്ണിൽ മണ്ണിലേക്ക് തല കുമ്പിട്ട് നിലത്തിരിക്കുന്ന ഒരു കുട്ടിയെയാണ് കെവിൻ കണ്ടത്ത്. ശരീരത്തിലെ എല്ലുകൾ പുറത്തേക്ക് കാണുന്ന. എഴുന്നേറ്റു നിൽക്കാൻപോലും ത്രാണിയില്ലാത്ത ഒരു പെൺകുട്ടി ഭക്ഷണവിതരണ കേന്ദ്രത്തിലേക്കു നിരങ്ങിനീങ്ങുകയായിരുന്നു. കെവിനിലെ ഫോട്ടോഗ്രഫർ ഉണർന്നു.ഈ കുട്ടിയുടെ ചിത്രം സുഡാനികളുടെ അവസ്ഥ ലോകത്തിന്റെ മുന്നിലെത്തിക്കുവാൻ പ്രാപ്തമാണെന്ന് മനസ്സിലാക്കിയ കാർട്ടർ പെട്ടെന്ന് ക്യാമറ കയ്യിലെടുത്തു. പെട്ടെന്നായിരുന്നു കുട്ടിയുടെ ഏറെയകലെയല്ലാതെ ഒരു കഴുകൻ പറന്നിറങ്ങിയത് .

കെവിനിലെ ഫോട്ടോഗ്രഫർ ഉണർന്നു.ഈ കുട്ടിയുടെ ചിത്രം സുഡാനികളുടെ അവസ്ഥ ലോകത്തിന്റെ മുന്നിലെത്തിക്കുവാൻ പ്രാപ്തമാണെന്ന് മനസ്സിലാക്കിയ കാർട്ടർ പെട്ടെന്ന് ക്യാമറ കയ്യിലെടുത്തു. മരണവും ജീവിതവും ഒറ്റ ഫ്രെയിമിൽ. ജീവൻ നിലനിർത്താൻ പൊരുതുന്ന കുഞ്ഞ്. കുഞ്ഞിന്റെ ജീവൻ നിലയ്‌ക്കാൻ കാത്തിരിക്കുന്ന കഴുകൻ ചിറകു വിരിക്കുന്ന ഫോട്ടോയ്‌ക്കായി കെവിൻ കാത്തിരുന്നെങ്കിലും അതുണ്ടായില്ല. വിമാനം പുറപ്പെടുന്നതിന് ഏതാനും മിനിറ്റു മാത്രം. ആ ആംഗിളിൽത്തന്നെ ഫോട്ടോ പകർത്തി,കഴുകനെ ആട്ടിപ്പായിച്ചു.അപ്പോഴേക്കും സമയം അതിക്രമിച്ചു കഴിഞ്ഞിരുന്നു. യു.എൻ. സംഘം ക്യാമ്പിൽ നിന്നും വിമാനത്താവളത്തിലേക്ക് പോകുവാൻ ഇനി ഏതാനും മിനിറ്റുകളേ ബാക്കിയുള്ളൂ കെവിൻ യു.എൻ. ക്യാമ്പിലോടിയെത്തി സുഹൃത്തുമൊരുമിച്ചു വിമാനത്തിൽ തിരികെ പറന്നു.

ദക്ഷിണാഫ്രിക്കയിൽ മടങ്ങിയെത്തിയ കെവിൻ താനെടുത്ത ചിത്രങ്ങൾ ന്യൂയോർക്ക് ടൈംസിന് അയച്ചുകൊടുത്തു.ആ ചിത്രം ലോക മനസ്സാക്ഷിയുടെ കണ്ണു തുറപ്പിക്കുമെന്ന് കാർട്ടർക്ക് ഉറപ്പുണ്ടായിരുന്നു. 1993 മാർച്ച് 26 ലെ പത്രത്തിന്റെ ഒന്നാം പേജിൽ ആ ചിത്രം അച്ചടിച്ചുവന്നു. ലോക വ്യാപകമായി ചിത്രം പ്രചരിച്ചതോടെ, പിന്നീട് കുട്ടിക്കെന്തു സംഭവിച്ചു എന്നു ചോദിച്ച് നൂറുകണക്കിനു ഫോൺ വിളികളും കത്തുകളും ന്യൂയോർക്ക് ടൈംസ് ഓഫിസിലേക്ക് എത്തി. ‘കുട്ടിക്ക് ഭക്ഷണവിതരണ ക്യാംപിലെത്താനുള്ള ആരോഗ്യമുണ്ടായിരുന്നു. ക്യാംപിലെത്തിയോ എന്ന് അറിയില്ല’ – കെവിനെ പരാമർശിച്ച് പത്രം കുറിപ്പ് ഇറക്കി.

സുഡാനിലെ ഭീകരവും ദയനീയവുമായ അവസ്ഥ ലോകത്തിനു കാണിച്ചുകൊടുത്തെങ്കിലും കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കാതിരുന്ന ഫോട്ടോഗ്രഫർക്കെതിരെ വ്യാപക പ്രതിഷേധമുയർന്നു. ചിത്രത്തിലുള്ള കഴുകനെക്കാൾ ക്രൂരനായ കഴുകൻ കെവിൻ കാർട്ടറാണെന്നു വരെ പ്രചാരണമുണ്ടായി. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കാതെ ചിത്രമെടുക്കാൻ കാത്തിരുന്നതിന്റെ കുറ്റബോധത്തിൽ നീറി.സമൂഹത്തിന്റെ ചോദ്യങ്ങൾക്കു മുന്നിൽ ആ ഫോട്ടോഗ്രാഫർ പകച്ചു നിന്നു. അവർ ചോദിച്ച ചോദ്യങ്ങൾ കെവിൻ തന്നോടു തന്നെ ചോദിച്ചു തുടങ്ങി. അതോടെ അയാൾ കടുത്ത മാനസിക സമ്മർദ്ദത്തിനും, കുറ്റബോധത്തിനും, വിഷാദത്തിനും മദ്യത്തിനും മയക്കുമരുന്നിനും അടിമയായി.

കാർട്ടർ പകർത്തിയ സുഡാനിലെ ചിത്രത്തെതേടി പത്രപ്രവർത്തകർക്കുള്ള ലോകോത്തര ബഹുമതി തേടിയെത്തി. 1994 ഏപ്രിൽ 12 ന് ന്യൂയോർക്ക് ടൈംസിൽനിന്നും കെവിനെ ആ സന്തോഷവാർത്ത വിളിച്ചറിയിച്ചു. ഏതൊരു പത്രപ്രവർത്തകനും ആഗ്രഹിക്കുന്ന പരമോന്നത പുരസ്കാരം പുലിറ്റ്സർ പ്രൈസ് ‘സുഡാനിലെ പെൺകുട്ടി’ എന്ന ചിത്രത്തിന്. അപ്പോഴും അഭിനന്ദനങ്ങളെക്കാളേറെ വിമർശനങ്ങളായിരുന്നു കൂടുതൽ. കെവിൻ പകർത്തിയ ചിത്രമാണ് സുഡാനിലെ നരകജീവിതത്തിലേക്ക് ലോകശ്രദ്ധ കൊണ്ടുവന്നതെന്ന കാര്യം വിമർശകർ ആരും ചിന്തിച്ചില്ല.

കുറ്റബോധത്താൽ നീറിക്കൊണ്ടിരുന്ന കെവിനെ പുലിറ്റ്സർ നേട്ടവും അഭിന്ദനങ്ങളും സ്പർശിച്ചതേയില്ല. അടുത്ത സുഹൃത്ത് കെൻ ഓസ്റ്റർബ്രൂക്ക് ഈ സമയത്തു കൊല്ലപ്പെട്ടത് കെവിനു കടുത്ത ആഘാതമായിരുന്നു.മെയ് 23ന് കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ തകർന്ന മനസ്സുമായി പുലിറ്റ്സർ പുരസ്കാരം കെവിൻ ഏറ്റുവാങ്ങി. കടുത്ത വിഷാദരോഗത്തിലേക്ക് കൂപ്പുകുത്തിയ കെവിൻ 1994 ജൂലൈ 27ന് തന്റെ പിക്കപ്പ് വാനുമായി കുട്ടിക്കാലം ചെലവഴിച്ച പാർക്ക്മോറിലേക്ക് പോയി. വാനിന്റെ പുകക്കുഴലിൽ ഒരു ഹോസ് ഘടിപ്പിച്ച് അതിന്റെ ഒരറ്റം വിൻഡോഗ്ലാസിലൂടെ ഡ്രൈവർ ക്യാബിനിലേക്ക് ഇട്ടു. അകത്തു കയറി വാക്മാനിൽ പാട്ടുകേട്ട് എൻജിൻ ഓണാക്കി. കാബിനുള്ളിലിരുന്ന് പുക ശ്വസിച്ച്, കെവിൻ തന്റെ ഫോട്ടോഗ്രാഫിയുടെ ലോകത്തിൽ നിന്ന് യാത്രയായി

Related Articles

Back to top button