LatestThiruvananthapuram

ചെള്ള് പനി ; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) മരണം. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി രതീഷ് – ശുഭ ദമ്പതികളുടെ മകന്‍ സിദ്ധാര്‍ത്ഥാണ് (11) മരിച്ചത്. കിളിമാനൂര്‍ ഗവ.എച്ച്‌.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. നാലു ദിവസം മുന്‍പാണ് കുട്ടിക്ക് പനി ബാധിച്ചത്. അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച്‌ ചികിത്സ നല്‍കി. ഇവിടെ നിന്ന് എസ്‌എടി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.

കഴിഞ്ഞ മാസം രണ്ട് ചെള്ളുപനി മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഈ വര്‍ഷം ആദ്യം ചെള്ളുപനി ബാധിച്ച്‌ മരിച്ചത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അശ്വതിയാണ്. വര്‍ക്കല അയന്തി പറങ്കിമാംവിള വീട്ടില്‍ ഷാജി ദാസിന്റേയും അനിതയുടെയും മകളാണ്. ഇവരുടെ വീട്ടിലെ നായയിലും ചെള്ളുപനി സ്ഥിരീകരിച്ചിരുന്നു. ഒരാഴ്‌ചയ്ക്കിപ്പുറം പാറശ്ശാല സ്വദേശി സുബിത മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം ആറും 2020ല്‍ എട്ടും പേര്‍ ചെള്ളു പനി ബാധിച്ച്‌ മരിച്ചിരുന്നു. വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, കഴലവീക്കം, പേശീവേദന, വരണ്ട ചുമ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ചുരുക്കം ചിലരില്‍ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തില്‍ സങ്കീര്‍ണമാകും. രോഗലക്ഷണമുള്ളവര്‍ ഉടന്‍ വൈദ്യസഹായം തേടണം.

Related Articles

Back to top button