IndiaLatest

മുര്‍മുവിനൊപ്പം ഭക്ഷണം കഴിച്ച നിര്‍വൃതിയില്‍ മയൂര്‍ബഞ്ചിലെ ഗോത്രവര്‍ഗ വിഭാഗക്കാര്‍

“Manju”

ഭുവനേശ്വര്‍: ഒഡിഷയിലെ മയൂര്‍ബഞ്ച് ജില്ലയിലെഗോത്രവര്‍ഗ വിഭാഗത്തില്‍ പെട്ട 60 പേര്‍ക്ക് സ്വപ്നസാഫല്യത്തിന്റെ നിമിഷമാണിത്.
രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചിരിക്കുന്നു. ക്ഷണിക്കപ്പെട്ട എല്ലാവരും ദ്രൗപതി മുര്‍മുവിന്റെ ജില്ലക്കാരാണ്. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ദ്രൗപതി മുര്‍മു രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് നേരിട്ട് കാണാനും അവര്‍ക്ക് സാധിച്ചു.
”പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങ് കാണാന്‍ സാധിച്ചതു തന്നെ വലിയ സന്തോഷമാണ്. എന്നാല്‍ രാഷ്ട്രപതിക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ ഞങ്ങളെ ക്ഷണിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല”-മയൂര്‍ബഞ്ച് ജില്ല മുന്‍ പരിഷത്ത് ചെയര്‍പേഴ്സണ്‍ സുജാത മുര്‍മു പറഞ്ഞു.
സാന്താള്‍ വംശജരുടെ പരമ്ബരാഗത വസ്ത്രം ധരിച്ചാണ് എല്ലാവരും ചടങ്ങിനെത്തിയത്. ഗയാമണി ബേഷ്റ, ഡങി മുര്‍മു എന്നിവര്‍ക്കും രാഷ്ട്രപതി ഭവനിലെ ഉച്ചഭക്ഷണം അദ്ഭുതമായിരുന്നു. ദീര്‍ഘകാലമായി ദ്രൗപതി മുര്‍മുവിന്റെ സുഹൃത്തുക്കളാണ് ഇവര്‍. ഒരു വിനോദയാത്രക്കു പോകുന്ന സന്തോഷത്തോടെയാണ് മയൂര്‍ബഞ്ച് നിവാസികള്‍ സത്യപ്രതിജ്ഞ ചടങ്ങിനായി ന്യൂഡല്‍ഹിയിലെത്തിയത്.
പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളെ പായ്ക്കറ്റ് മധുരപലഹാരങ്ങള്‍ നല്‍കിയാണ് രാഷ്ട്രപതി യാത്രയാക്കിയത്. ദ്രൗപതി മുര്‍മു മാംസാഹാരം കഴിക്കാത്തതിനാല്‍ ഉച്ച ഭക്ഷണത്തിന് സസ്യാഹാരമായിരുന്നു മുഖ്യം. മാത്രമല്ല, വെളുത്തുള്ളിയും സവാളയും പുതിയ രാഷ്ട്രപതിയുടെ ഭക്ഷ്യമെനുവിന്റെ പടിക്കു പുറത്താണ്.
മധുരമുള്ള ചോളം ഉപയോഗിച്ചുള്ള വെജിറ്റബിള്‍ സൂപ്പ്, പാലക് പനീര്‍, ദാല്‍ അര്‍ഹാര്‍ തഡ്ക, ഗോബി ഗജര്‍ ബീന്‍സ്, മലായ് കൊഫ്ത, ജീര പുലാവ്, നാന്‍, ഫ്രഷ് ഗ്രീന്‍ സാലഡ്, ബൂണ്ടി റെയ്ത, കേസര്‍ രസ്മലായ്, ഫ്രഷ് ഫ്രൂട്സ് എന്നിവയായിരുന്നു ​ഉച്ച ഭക്ഷണ മെനു. രാഷ്ട്രപതി ഭവനില്‍ മൊബൈല്‍ ഫോണിനും കാമറക്കും നിരോധനമുള്ളതിനാല്‍ രാഷ്ട്രപതിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ പറ്റാത്തതിന്റെ പരിഭവവും ഗ്രാമവാസികള്‍ പങ്കുവെച്ചു.

Related Articles

Back to top button