IndiaInternationalLatestSports

കോമൺവെൽത്ത് ഗെയിംസിൽ പിവി സിന്ധു ത്രിവർണ്ണ പതാകയേന്തും

“Manju”

ബർമിംഗ്ഹാം; കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ അഭിമാനതാരം പിവി സിന്ധു ദേശീയ പതാകയേന്തും. ഇത് രണ്ടാം തവണയാണ് ബാഡ്മിന്റൺ താരം സിന്ധു കോമൺവെൽത്തിൽ ഇന്ത്യൻ പതാകയേന്തുന്നത്. ഒളിമ്പ്യൻ നീരജ് ചോപ്ര പരിക്കേറ്റ് മത്സരത്തിൽ നിന്ന് പിന്മാറിയതോടെയാണ് സിന്ധുവിന് അവസരം ലഭിച്ചത്.

രണ്ടു തവണ ഒളിമ്പിക്‌സിൽ മെഡൽ നേടിയ പി.വി സിന്ധുവിനെ ഇന്ത്യയുടെ പതാക വഹിക്കാൻ തിരഞ്ഞെടുത്ത കാര്യം അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് അനിൽ ഖന്ന അറിയിച്ചു. 2018 ൽ ഗോൾഡ് കോസ്റ്റിൽ നടന്ന മത്സരത്തിലും ത്രിവർണ്ണ പതാകയേന്തിക്കൊണ്ട് രാജ്യത്തെ പ്രതിനിധീകരിക്കാൻ പിവി സിന്ധുവിന് അവസരം ലഭിച്ചിരുന്നു. വനിതാ ബാഡ്മിന്റൺ സിംഗിൾസിൽ കഴിഞ്ഞ തവണ വെള്ളി നേടിയ സിന്ധു സ്വർണം ലക്ഷ്യമിട്ടാണ് ഇത്തവണ കളത്തിലിറങ്ങുന്നത്.

ടോക്കിയോ ഒളിമ്പിക്സ് മെഡൽ ജേതാക്കളായ ഭാരോദ്വഹന താരം മീരാഭായ് ചാനു, ബോക്സർ ലോവ്ലിന ബൊർഗൊഹെയ്ൻ എന്നിവരെയും ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ രണ്ട് തവണ ഒളിമ്പിക്സ് മെഡൽ ജേതാവായതിനാൽ സിന്ധുവിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഈ ഗെയിമുകളിലും സിന്ധു മികച്ച പ്രകടനം തുടരുമെന്നും പ്രതീക്ഷിക്കുന്നുവെന്നും അധികൃതർ അറിയിച്ചു.

2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പതാക വഹിക്കാൻ മൂന്ന് വനിതാ താരങ്ങളെ ഷോട്ട് ലിസ്റ്റ് ചെയ്തതിലൂടെ ലിംഗസമത്വത്തോടുള്ള പ്രതിബദ്ധതയാണ് വ്യക്തമാക്കിയത്. ഉദ്ഘാടനച്ചടങ്ങിൽ കൈയിൽ ഇന്ത്യൻ പതാകയുമായി പിവി സിന്ധു ടീം ഇന്ത്യയെ നയിക്കുമ്പോൾ, രാജ്യത്തെ ദശലക്ഷക്കണക്കിന് പെൺകുട്ടികളെ കായികരംഗത്തേക്ക് വരാൻ അത് പ്രചോദിപ്പിക്കുമെന്ന് വിശ്വസിക്കുന്നതായും ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ അധികൃതർ അറിയിച്ചു.

Related Articles

Back to top button