KeralaLatest

സുരേഷ്ഗോപിയുടെ തിരിച്ചുവരവ്; തിയറ്ററുകളിൽ ‘പാപ്പൻ’ കേസന്വേഷിക്കാനിറങ്ങി

“Manju”

പൊലീസ് വേഷമിട്ട് സുരേഷ്ഗോപിയുടെ തിരിച്ചുവരവ്. കേരളത്തിലങ്ങോളമിങ്ങോളം തിയറ്ററുകളിൽ അതിരാവിലെ ‘പാപ്പൻ’ കേസന്വേഷിക്കാനിറങ്ങി. ‘പൊറിഞ്ചു മറിയം ജോസി’ന്റെ വൻവിജയത്തിനു പിറകെ ജോഷി പുതിയ ചിത്രവുമായി എത്തിയിരിക്കുന്നു.

മലയാളികളെ തൊണ്ണൂറുകളിൽ ആവേശം കൊള്ളിച്ച ജോഷി–സുരേഷ് ഗോപി കൂട്ടുകെട്ടിലെ ആ പഴയ മാസ്മരികതയോടെയാണ്  പാപ്പൻ എത്തുന്നത്. എല്ലാ ജോഷി ചിത്രങ്ങളെയുംപോലെ പാപ്പനും അതിതീവ്രമായ നാടകീയ മുഹൂർത്തങ്ങൾ നിറഞ്ഞ കഥയാണ് പറയുന്നത്. നായകനെ നെറ്റിപ്പട്ടം കെട്ടി എഴുന്നള്ളിച്ചുനിർത്തുന്ന പതിവ് ജോഷിക്കില്ല. കഥയ്ക്കിണങ്ങുന്ന സന്ദർഭങ്ങളിൽ അതിനൊത്ത് നിൽക്കുന്ന നായകനാണ് എന്നും ജോഷിചിത്രങ്ങളിൽ കാണാറുള്ളത്. ഇവിടെയും പതിവു തെറ്റിക്കുന്നില്ല. ഏബ്രഹാം മാത്യു മാത്തനെന്ന പഴയ സിഐ അനാവശ്യമായൊരു പഞ്ച് ഡയലോഗു പോലും പറയാത്ത, കണിശതയുള്ള പൊലീസുകാരനാണ്. കഥയും തിരക്കഥയുമൊരുക്കിയ ആർജെ ഷാൻ ചിത്രത്തിലൂടനീളം ഡെന്നിസ് ജോസഫ് എന്ന തിരക്കഥാകൃത്തിനെ ഓർമിപ്പിക്കുന്നുണ്ട്.

ഇതുവരെ കാണാത്ത പുതുമയാർന്ന ട്വിസ്റ്റുകളും സസ്പെൻസുകളുമൊന്നും പാപ്പനിലില്ല. പകയും വാശിയും തുടർകൊലപാതകങ്ങളിലൂടെയുള്ള പകരം വീട്ടലുമൊക്കെയായി രണ്ടുമണിക്കൂർ അൻപതുമിനിറ്റ് കാണികളെ തിയറ്ററിൽ പിടിച്ചിരുത്തുകയാണ് പാപ്പൻ. മനുഷ്യനെന്നത് അടിസ്ഥാനപരമായി ഒരു മൃഗമാണെന്ന ഓർമപ്പെടുത്തലാണ് പാപ്പൻ ബാക്കിവയ്ക്കുന്നത്. കുടുംബപ്രേക്ഷകർക്ക് ചെവിപൊത്തിപ്പിടിക്കേണ്ട ഒരു സന്ദർഭം പോലും പാടില്ലെന്ന വാശി പാപ്പനെന്ന കഥാപാത്രസൃഷ്ടിയിലുണ്ട്. ചെറുചലനങ്ങളിലും നോട്ടത്തിലും അതിസൂക്ഷ്മത പാലിച്ചുള്ള സുരേഷ് ഗോപിയുടെ പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല്.

അഭിനേതാവെന്ന നിലയിൽ സുരേഷ് ഗോപിയെന്ന വെറ്ററനും മലയാളത്തിലെ എക്കാലത്തെയും മികച്ച മൂവി മേക്കർ എന്ന നിലയിൽ ജോഷിയും പാപ്പനിൽ നിറഞ്ഞു നിൽക്കുന്നു. ജോഷി ഒരുക്കിയ നീറ്റ് ത്രില്ലർ ചിത്രം തന്നെയാണ് പാപ്പനെന്ന് നിസ്സംശയം പറയാം.

പടം തിയറ്ററിലിറങ്ങുന്നതിന് ഒരു ദിവസം മുൻപുതന്നെ, നെഗറ്റീവ് പോസ്റ്റുകളിട്ട് ഡീഗ്രേഡിങ് തുടങ്ങിക്കഴിഞ്ഞു. ഇത്തരം സൈബർ ആക്രമണങ്ങളെ തോൽപിച്ച് പാപ്പൻ പിടിച്ചുനിൽക്കുമോ? വ്യാജപ്രചാരണങ്ങളെ തോൽപിച്ച് കുടുംബപ്രേക്ഷകർ തിയറ്ററുകളിലേക്ക് ഒഴുകിയെത്തുമോ? അതിനുത്തരം കാത്തിരുന്നുകാണാം. ഒന്നുറപ്പാണ്, മേക്കറെന്ന നിലയിൽ ജോഷി ഇത്തവണയും പ്രേക്ഷകരെ ചതിച്ചിട്ടില്ല.

Related Articles

Back to top button