India

‘ത്രിവർണ്ണപതാകയെ മാത്രം അംഗീകരിക്കില്ല, ജമ്മു കശ്മീരിന്റെ പഴയ പതാക പ്രൊഫൈലിൽ ഉൾപ്പെടുത്തി മെഹബൂബ മുഫ്തി

“Manju”

ശ്രീനഗർ: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിലും ത്രിവർണപതാകയെ അംഗീകരിക്കാതെ പിഡിപി നേതാവ് മെഹബൂബ മുഫ്തി. സമൂഹമാദ്ധ്യമ അക്കൗണ്ടിലെ പ്രൊഫൈൽ ചിത്രത്തിൽ ത്രിവർണ പതാകയ്‌ക്കൊപ്പം ജമ്മു കശ്മീരിന്റെ പഴയ പതാകയും ഉൾപ്പെടുത്തിയാണ് മുഫ്തി ദേശീയ പതാകയെ താൻ ഇനിയും അംഗീകരിച്ചിട്ടില്ലെന്ന് ആവർത്തിക്കുന്നത്. സംഭവത്തിൽ മുഫ്തിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക നിറവിൽ നിൽക്കുമ്പോൾ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈൽ ചിത്രം ദേശീയ പതാകയാക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ആയിരുന്നു മെഹബൂബയും പ്രൊഫൈൽ ചിത്രം മാറ്റിയത്. 2015 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ ജമ്മു കശ്മീരിൽ എത്തിയ നരേന്ദ്ര മോദി മുഫ്തി മുഹമ്മദ് സയീദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചിത്രമാണ് മുഫ്തി പ്രൊഫൈൽ ചിത്രമായി മാറ്റിയത്.

ഇരുവരുടെയും ഇരിപ്പിടത്തിന് മുൻപിലായി ദേശീയ പതാകയും കശ്മീരിന്റെ പഴയ പതാകയും സ്ഥാപിച്ചിരുന്നു. ഇതിൽ നരേന്ദ്ര മോദി ഇരുന്ന ഭാഗത്ത് ഇന്ത്യൻ പതാകയും, മുഹമ്മദ് സയീദിന്റെ ഭാഗത്ത് കശ്മീരിന്റെ പതാകയുമായിരുന്നു ഉണ്ടായിരുന്നത്.

പതാക എന്നത് അഭിമാനത്തിന്റെയും, സന്തോഷത്തിന്റെയും ഭാഗമായതിനാൽ താനും പ്രൊഫൈൽ ചിത്രം മാറ്റുന്നതായി മെഹബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചു. ദേശീയ പതാകയുമായി ചേർന്നിരിക്കുന്ന കശ്മീരിന്റെ പതാക ഞങ്ങൾക്ക് ഏറെ വിലപ്പെട്ടതാണ്. ഈ ബന്ധം വേർപ്പെടുത്തുന്നതിനായി ചിലർ പതാക തട്ടിപ്പറിച്ചു. നിങ്ങൾക്ക് വേണമെങ്കിൽ ഞങ്ങളുടെ പതാകയെ മോഷ്ടിക്കാം. എന്നാൽ ഇതിനെ ഞങ്ങളുടെ മനസിൽ നിന്നും പിഴുതെറിയാൻ സാധിക്കില്ലെന്നും മെഹബൂബ ട്വിറ്ററിൽ കുറിച്ചു.

അതേസമയം പ്രൊഫൈൽ ചിത്രം കശ്മീരിന്റെ പതാകയാക്കുന്നത് ചരിത്രത്തെ മാറ്റില്ലെന്ന് ജമ്മു കശ്മീർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ നിർമൽ സിംഗ് പറഞ്ഞു. മെഹബൂബ മുഫ്തിയുടെ നിരാശയാണ് കശ്മീരിന്റെ പതാക പ്രൊഫൈൽ ചിത്രം ആക്കിയതിലൂടെ വെളിവാകുന്നത്. വിഘടനവാദത്തെയും, ഭീകരതയെയും പ്രോത്സാഹിപ്പിക്കുന്ന ഒന്നിനെയും പിന്തുണയ്‌ക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button