Latest

പ്രളയാനുബന്ധ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത: മന്ത്രി വീണാ ജോർജ്

“Manju”

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം, വൈറൽ പനികൾ എന്നിവയാണ് മഴക്കാലത്ത് പ്രധാനമായും കണ്ടുവരുന്ന രോഗങ്ങൾ. ജലജന്യ രോഗങ്ങൾ, ജന്തുജന്യ രോഗങ്ങൾ, വായുജന്യ രോഗങ്ങൾ, പ്രാണിജന്യ രോഗങ്ങൾ തുടങ്ങിയവ വളരെ അധികം ശ്രദ്ധിക്കണം.

കൂടാതെ കോവിഡിൽ നിന്നും പൂർണമുക്തരാവത്ത സാഹചര്യത്തിൽ കോവിഡ്, എച്ച്1 എൻ 1, വൈറൽ പനി, ചിക്കൻപോക്‌സ് തുടങ്ങിയ വായുജന്യ രോഗങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. മാസ്‌ക് ശരിയായവിധം ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് വൃത്തിയാക്കണമെന്നും ക്യാമ്പുകൾക്ക് തൊട്ടടുത്തുള്ള ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർ ക്യാമ്പുകൾ സന്ദർശിക്കണമെന്നും ആരോഗ്യമന്ത്രി നിർദ്ദേശിച്ചു.

മണ്ണുമായോ മലിന ജലവുമായോ സമ്പർക്കമുള്ളവരും സന്നദ്ധ പ്രവർത്തകരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്. ഡെങ്കിപ്പനി, മലമ്പനി, ചിക്കൻ ഗുനിയ, വെസ്റ്റ് നൈൽ, ജപ്പാൻ ജ്വരം മുതലായ കൊതുജന്യ രോഗങ്ങളിൽ നിന്നും രക്ഷനേടുവാൻ വീടും പരിസരവും, ക്യാമ്പുകളും വെള്ളം കെട്ടി നിന്ന് കൊതുക് വളരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം മുതലായ ജലജന്യ രോഗങ്ങൾ വരാതിരിക്കാനും ശ്രദ്ധിക്കണം. വയറിളക്കം വന്നാൽ ഒ.ആർ.എസ്. ലായനി ആവശ്യാനുസരണം നൽകുക. കൂടെ ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിൻ വെള്ളം എന്നിവയും കൂടുതലായി നൽകുക. കഴിയുന്നതും ചർമ്മം ഈർപ്പരഹിതമായി സൂക്ഷിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. ത്വക്ക് രോഗങ്ങൾ, ചെങ്കണ്ണ്, ചെവിയിലുണ്ടാകുന്ന അണുബാധ എന്നിവയ്‌ക്ക് വൈദ്യസഹായം ഉറപ്പാക്കുക. കേരളത്തിലെത്തുന്ന അന്താരാഷ്‌ട്ര യാത്രക്കാർ മൂന്നാഴ്ച സ്വയം നീരീക്ഷിക്കുകയും കുരങ്ങ് വസൂരി ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

വെള്ളമിറങ്ങുന്ന സമയത്ത് പാമ്പുകടിയേൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം എത്രയും വേഗം ആശുപത്രിയിലെത്തിക്കാനും വീട് ശുചീകരിക്കാൻ പോകുന്നവർ വൈദ്യുതാഘാതമേൽക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യപരമായ സംശയങ്ങൾക്കും സേവനങ്ങൾക്കും പൊതുജനങ്ങൾക്ക് ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

Related Articles

Back to top button