LatestThiruvananthapuram

ട്രെയിന്‍ വഴിയുള്ള തപാല്‍ നീക്കം ഘട്ടംഘട്ടമായി നിര്‍ത്തുന്നു

“Manju”

തിരുവനന്തപുരം : ട്രെയിനുകള്‍ വഴിയുള്ള തപാല്‍ ഉരുപ്പടികളുടെ നീക്കം നിര്‍ത്തുന്നതിന്റെ ആദ്യ പടിയായി തിരുവനന്തപുരം- മംഗളൂരു കണ്ണൂര്‍ എക്സ്പ്രസില്‍ ഇത്തരം സാമഗ്രികള്‍ കൊണ്ടുപോയിരുന്ന ബോഗി ഒഴിവാക്കി. തിരുവനന്തപുരം – മംഗളൂരു മലബാര്‍ എക്സ്പ്രസ്, കന്യാകുമാരി- ബെംഗളൂരു ഐലന്‍ഡ് എക്സ്പ്രസ് എന്നിവയിലെ ബോഗികള്‍ ഉടനെ നിര്‍ത്തലാക്കും. കൊല്ലം- ചെന്നൈ എക്സ്പ്രസിലെ ബോഗി നേരത്തേ ഉപേക്ഷിച്ചിരുന്നു.

നേത്രാവതി, വേണാട് എക്സ്പ്രസുകളില്‍‍ ബോഗിക്കു പകരം സീറ്റുകള്‍ ബുക്ക് ചെയ്ത് തപാല്‍ കൊണ്ടുപോകുന്ന സംവിധാനം കുറച്ചുകാലത്തേക്കു കൂടി തുടരും. യാത്രക്കാര്‍ കയറുന്ന കോച്ചുകളില്‍ പ്രത്യേകം വേര്‍തിരിച്ചായിരിക്കും തപാല്‍ കൊണ്ടുപോവുക. ബോഗികള്‍ ബുക്കു ചെയ്യുന്നത് ഭീമമായ നഷ്ടത്തിനിടയാക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്ക് നല്‍കിയാണ് തപാല്‍ വകുപ്പ് ട്രെയിനുകളില്‍ സാമഗ്രികള്‍ കൊണ്ടുപോകുന്നത്. നഷ്ടം ഒഴിവാക്കുന്നതിനായി ‘റോഡ് നെറ്റ്‌വര്‍ക്’ എന്ന പുതിയ സംവിധാനം വ്യാപകമാക്കാനാണ് കേന്ദ്ര നിര്‍ദേശം. സ്വകാര്യ കാര്‍ഗോ ലോറികള്‍ കരാര്‍ അടിസ്ഥാനത്തില്‍ എടുത്ത് കോവിഡ് കാലത്തു തന്നെ തപാല്‍നീക്കം നടത്തിയിരുന്നു.

തപാല്‍ വകുപ്പിന്റെ മെയില്‍ മോട്ടര്‍ സിസ്റ്റവും (എംഎംഎസ്) ഊര്‍ജിതമാക്കാന്‍ നിര്‍ദേശമുണ്ട്. ഇതിനായി കേരളത്തില്‍ നൂറോളം വാനുകള്‍ ഓടുന്നുണ്ടെങ്കിലും വേഗം പോരെന്നാണ് വിലയിരുത്തല്‍. 15-16 മണിക്കൂര്‍ കൊണ്ട് ട്രെയിന്‍ എത്തിച്ചേരുന്ന ദൂരം വാനുകള്‍ ഓടിയെത്താന്‍ ഇരട്ടിയോളം സമയമെടുക്കുന്നു. ട്രെയിനില്‍ 500-600 ബാഗുകള്‍ വരെ കൊണ്ടുപോകാനാകുമ്പോള്‍ വാനില്‍ 100-120 ബാഗുകള്‍ മാത്രമാണ് കയറ്റുന്നത്. റോഡ് യാത്രയ്ക്ക് ഇന്ധനച്ചെലവും ഏറും.

കത്തുകള്‍ ട്രെയിനിനകത്തു തന്നെ തരംതിരിച്ച്‌ മേല്‍ വിലാസക്കാര്‍ക്ക് പെട്ടെന്ന് എത്തിക്കുന്ന സോര്‍ട്ടിങ് സംവിധാനം തപാല്‍ വകുപ്പ് നിര്‍ത്തലാക്കിയിരുന്നു. റെയില്‍വേയെ അകറ്റുന്നതിലൂടെ നിലവിലെ 22 ആര്‍എംഎസുകളുടെ എണ്ണം എട്ടായി ചുരുങ്ങും. തിരുവനന്തപുരം, തിരുവല്ല, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവ മാത്രം നിലനിര്‍ത്താനാണ് തീരുമാനം.

Related Articles

Back to top button