InternationalLatest

അവധിക്കാല തിരക്ക് കുറഞ്ഞു; വിമാന നിരക്ക് കുറച്ചു

“Manju”

മനാമ: സ്കൂള്‍ അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്നവരുടെ തിരക്ക് കുറഞ്ഞതോടെ വിമാനക്കമ്ബനികള്‍ ടിക്കറ്റ് നിരക്കും കുറച്ചു.
അവധിക്കാലത്തെ അമിത നിരക്കില്‍ വളരെ ബുദ്ധിമുട്ടിയാണ് മിക്കവരും നാട്ടിലേക്ക് പോയത്. തിരക്കുള്ള സമയങ്ങളിലെ അന്യായ നിരക്ക് വര്‍ധന അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് പ്രവാസികള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല. ടിക്കറ്റ് നിരക്ക് വര്‍ധനയില്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് ഒടുവില്‍ കേന്ദ്ര സര്‍ക്കാറും പറഞ്ഞിരിക്കുന്നത്.
തിരക്കുള്ള സമയങ്ങളില്‍ അധിക സര്‍വിസ് നടത്തി യാത്രാക്ലേശം പരിഹരിക്കുന്നതിന് പകരം നിരക്കുയര്‍ത്തി ചൂഷണം ചെയ്യുന്നതിനെയാണ് പ്രവാസികള്‍ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കോവിഡ് മൂലം യാത്ര മുടങ്ങിയ പല കുടുംബങ്ങളും ഇത്തവണ നാട്ടിലേക്ക് പോയിട്ടുണ്ട്. നാലും അഞ്ചും അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് വന്‍തുകയാണ് ടിക്കറ്റിന് മാത്രം ചെലവഴിക്കേണ്ടി വന്നത്.
ഇപ്പോഴെങ്കിലും നിരക്ക് കുറഞ്ഞല്ലോ എന്നോര്‍ത്ത് ആശ്വസിക്കുകയാണ് പ്രവാസികളായ യാത്രക്കാര്‍. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ആഗസ്റ്റിലെ പല ദിവസങ്ങളിലും 78.40 ദിനാറിന് (ഏകദേശം 16,346 രൂപ) കോഴിക്കോട്ടേക്ക് ടിക്കറ്റ് ലഭ്യമാണ്. 87.40 ദീനാറാണ് (ഏകദേശം 18,223 രൂപ) ഉയര്‍ന്ന നിരക്ക്. സെപ്റ്റംബറില്‍ മിക്ക ദിവസങ്ങളിലും 87.40 ദീനാറാണ് കോഴിക്കോട്ടേക്കുള്ള കുറഞ്ഞ നിരക്ക്. ഗള്‍ഫ് എയറിന് ആഗസ്റ്റിലും സെപ്റ്റംബറിലും മിക്ക ദിവസങ്ങളിലും 104.800 ദീനാറാണ് (ഏകദേശം 21, 851 രൂപ) കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്ക്. പുതുതായി സര്‍വിസ് ആരംഭിച്ച ഇന്‍ഡിഗോ 67 ദീനാറാണ് (ഏകദേശം 13,969 രൂപ) കോഴിക്കോട്ടേക്ക് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.
അതേസമയം, അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് ആളുകള്‍ തിരിച്ചുവരുന്ന സമയത്ത് ബഹ്റൈനിലേക്കുള്ള ടിക്കറ്റ് നിരക്ക് ഉയര്‍ന്നു തന്നെയാണുള്ളത്. ആഗസ്റ്റില്‍ ഗള്‍ഫ് എയര്‍ കോഴിക്കോട്ടുനിന്ന് 28,176 രൂപ മുതല്‍ 43,291 രൂപ വരെയാണ് വിവിധ ദിവസങ്ങളില്‍ ഈടാക്കുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസാകട്ടെ, 27,607 രൂപ മുതല്‍ 40,478 രൂപ വരെ ഈടാക്കുന്നുണ്ട്. ഇന്‍ഡിഗോ ആഗസ്റ്റില്‍ 20,917 രൂപ മുതല്‍ 24,251 രൂപ വരെയാണ് കോഴിക്കോടുനിന്ന് ഈടാക്കുന്നത്. സെപ്റ്റംബറില്‍ 15,924 രൂപ മുതല്‍ 23,518 രൂപ വരെയാണ് ഇന്‍ഡിഗോ വെബ്സൈറ്റില്‍ കാണിക്കുന്ന ടിക്കറ്റ് നിരക്ക്.

Related Articles

Back to top button