IndiaKerala

കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങളിൽ കൊവിഡ് വർദ്ധിക്കുന്നു

“Manju”

ന്യൂഡൽഹി: മങ്കിപോക്‌സ് വ്യാപനം രാജ്യത്ത് ആശങ്ക പരത്തുന്നതിനിടെ ഏഴ് സംസ്ഥാനങ്ങൾക്ക് കൊറോണ മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. കേരളമുൾപ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തെഴുതി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ കൂടിയതോടെയാണ് സംസ്ഥാനത്തെ ആരോഗ്യ സെക്രട്ടറിമാർക്ക് കേന്ദ്രം കത്തയച്ചത്.

കേരളം, ഡൽഹി, കർണാടക, മഹാരാഷ്‌ട്ര, ഒഡിഷ, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ കേന്ദ്രം നിർദേശങ്ങൾ പങ്കുവെച്ചു. കൃത്യമായി കൊറോണ മാനദണ്ഡങ്ങൾ പാലിക്കപ്പെടണമെന്നും വാക്‌സിനേഷൻ വർധിപ്പിക്കണമെന്നും നിർദേശങ്ങളിൽ വ്യക്തമാക്കുന്നു.

വരുന്ന മാസങ്ങളിൽ നിരവധി ആഘോഷങ്ങൾ ഉള്ളതിനാൽ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നതും വർധിക്കും. ഇത് പകർച്ചവ്യാധികളുടെ വ്യാപനം ഉയർത്തുകയും അതുവഴി കൊറോണ കേസുകൾ കൂടുകയും ചെയ്‌തേക്കാം. മരണനിരക്കും വർധിക്കാനിടയുണ്ട്. അതിനാൽ പ്രതിവാര നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള സംസ്ഥാനങ്ങൾ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കേന്ദ്രം നൽകിയ നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 19,406 പുതിയ കൊറോണ രോഗികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 49 കൊറോണ മരണങ്ങളും സ്ഥിരീകരിച്ചിരുന്നു. രോഗമുക്തി നിരക്ക് 98.50 ശതമാനമാണെന്നും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.96 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related Articles

Back to top button