KeralaLatest

ലൈഫ് ഗാര്‍ഡുകള്‍ അഞ്ചംഗ കുടുംബത്തെ രക്ഷപ്പെടുത്തി

“Manju”

കൊല്ലം ബീച്ചില്‍ ശക്തമായ തിരയില്‍ അകപ്പെട്ട അഞ്ചംഗ കുടുംബത്തെ ലൈഫ് ഗാര്‍ഡുകള്‍ സാഹസികമായി രക്ഷപ്പെടുത്തി. അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തിയ ശേഷം തിരയില്‍ അകപ്പെട്ട ലൈഫ് ഗാര്‍ഡിനെ ഒപ്പമുണ്ടായിരുന്നവര്‍ രക്ഷിച്ചു. ഇന്നലെ വൈകിട്ടു 4നാണ് മങ്ങാട് സ്വദേശികളായ അച്ഛനും അമ്മയും പതിനാറും എട്ടും അഞ്ചും വയസ്സുള്ള മക്കളും ബീച്ചിലെ തിരയില്‍ പെട്ടത്. ആളുകളുടെ നിലവിളി കേട്ട് ഓടി എത്തിയ ലൈഫ് ഗാര്‍ഡുകളായ എം.കെ.പൊന്നപ്പന്‍, ആര്‍.സതീഷ്, ഷാജി ഫ്രാന്‍സിസ് എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെ ഇവരെ ഉടന്‍ രക്ഷപ്പെടുത്തുകയായിരുന്നു.

കൊല്ലം ബീച്ചില്‍ എത്തിയ കുടുംബം കടലില്‍ നിന്നു 10 മീറ്ററോളം അകലെയാണ് നിന്നിരുന്നതെങ്കിലും പെട്ടെന്ന് അടിച്ച ശക്തമായ തിരയില്‍ വീണുപോയി. കടലിലേക്കു നീങ്ങിയ ഇവരെ, 100 മീറ്ററോളം ദൂരെയായിരുന്ന ലൈഫ് ഗാര്‍ഡ് സംഘം പാഞ്ഞെത്തി രക്ഷിക്കുകയായിരുന്നു. 3 പേരെ കരയ്ക്ക് എത്തിക്കുമ്പോഴും 2 പേര്‍ കടലില്‍ മുങ്ങിത്താഴുകയായിരുന്നു എന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. വൈകാതെ എല്ലാവരെയും പുറത്തെത്തിച്ച‌ു. ഇവരെ ആശുപത്രിയില്‍ ഉടന്‍ തന്നെ എത്തിച്ചു പ്രാഥമിക ശുശ്രുഷകള്‍ നല്‍കി.

Related Articles

Back to top button