LatestThiruvananthapuram

മികച്ച താരങ്ങളായി സുനില്‍ ഛേത്രിയും മനീഷയും

“Manju”

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ 2021-2022 സീസണിലെ മികച്ച താരങ്ങള്‍ക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച പുരുഷതാരമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രിയെയും മികച്ച വനിതാ താരമായി മനീഷ കല്യാണിനെയും തിരഞ്ഞെടുത്തു.

ദേശീയ ടീം പരിശീലകരായ തോമസ് ഡെന്നെര്‍ബിയും ഇഗോര്‍ സ്റ്റിമാച്ചുമാണ് താരങ്ങളെ നിര്‍ദേശിച്ചത്. സുനില്‍ ഛേത്രിയുടെ ഏഴാം എ..എഫ്.എഫ്‌ പുരസ്‌കാരമാണിത്. 2018-2019 സീസണിലാണ് ഛേത്രി മികച്ച താരത്തിനുള്ള പുരസ്‌കാരം അവസാനമായി നേടിയത്.

മനീഷ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അവാര്‍ഡ് നേടി. കഴിഞ്ഞ സീസണിലും മനീഷയായിരുന്നു മികച്ച താരം. ഇന്ത്യന്‍ കുപ്പായത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മനീഷ സൈപ്രസ് ഫുട്‌ബോള്‍ ലീഗില്‍ കളിക്കുകയാണ്. സൈപ്രസ് ഫുട്‌ബോള്‍ ലീഗ് ചാമ്പ്യന്മാരായ അപ്പോളന്‍ ലേഡീസിന്റെ താരമാണ് മനീഷ.

സാഫ് കപ്പിലെ തകര്‍പ്പന്‍ പ്രകടനമാണ് സുനില്‍ ഛേത്രിയ്ക്ക് തുണയായത്. സാഫ് കപ്പിലെ ടോപ് സ്‌കോററായ ഛേത്രി അഞ്ചുഗോളുകള്‍ നേടി ടൂര്‍ണമെന്റിലെ താരമായിരുന്നു. ഒപ്പം എ.എഫ്.സി. ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകളും നേടി.

വളര്‍ന്നുവരുന്ന താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നല്‍കുന്ന എമേര്‍ജിങ് ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം പുരുഷ വിഭാഗത്തില്‍ വിക്രം പ്രതാപ് സിങ്ങും വനിതാ വിഭാഗത്തില്‍ മാര്‍ട്ടീന തോക്ക്‌ഹോമും സ്വന്തമാക്കി. മികച്ച റഫറിയായി ക്രിസ്റ്റല്‍ ജോണിനെയും തിരഞ്ഞെടുത്തു.

Related Articles

Back to top button