IndiaLatest

അഞ്ച് കോടിയിലധികം ത്രിവര്‍ണ്ണ സെല്‍ഫികള്‍

“Manju”

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പെയിനില്‍ ത്രിവര്‍ണ പതാകയ്ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫികളെടുത്ത് അപ്‌ലോഡ് ചെയ്യുവാനും സാംസ്‌കാരിക മന്ത്രാലയം ആഹ്വാനം ചെയ്തിരുന്നു. ഫോണുകളിലടക്കം ഈ സന്ദേശം പൗരന്‍മാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചിരുന്നു. ആവേശത്തോടെയാണ് ഇന്ത്യന്‍ ജനത ഈ ക്യാമ്പെയിനില്‍ ഭാഗമായത്. അഞ്ച് കോടിയിലധികം ത്രിവര്‍ണ്ണ സെല്‍ഫികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യപ്പെട്ടതായി സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.

‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായി സാംസ്‌കാരിക മന്ത്രാലയമാണ് കേന്ദ്ര സര്‍ക്കാരിന്റെ ‘ഹര്‍ ഘര്‍ തിരംഗ’ സംരംഭം നയിച്ചത്. ‘അതിശയകരമായ നേട്ടത്തില്‍, അഞ്ച് കോടിയിലധികം ‘തിരംഗ’ സെല്‍ഫികള്‍ ‘ഹര്‍ ഘര്‍ തിരംഗ’ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. ഇന്നലെ വൈകിട്ട് നാലു മണിവരെയുള്ള കണക്കാണിത്. രാജ്യത്തെ ഒന്നാമതും എപ്പോഴും ഒന്നാമതാക്കി നിര്‍ത്താനുള്ള കടമയുള്ള ഇന്ത്യക്കാരുടെ കൂട്ടായ പ്രതിബദ്ധതയാണ് അഞ്ച് കോടി തിരംഗ സെല്‍ഫികള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു.

ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി എല്ലാ വീടുകളിലും, ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്താനാണ് കേന്ദ്രം അഭ്യര്‍ത്ഥിച്ചത്. മുന്‍കാലങ്ങളില്‍ തിരഞ്ഞെടുത്ത അവസരങ്ങളിലല്ലാതെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ദേശീയ പതാക ഉയര്‍ത്താന്‍ അനുവാദമില്ലായിരുന്നു. 2004 ജനുവരി 23ലെ സുപ്രധാനമായ സുപ്രീം കോടതി വിധിയോടെ വ്യവസായി നവീന്‍ ജിന്‍ഡാല്‍ നടത്തിയ ഒരു പതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിന്റെ ഫലമായാണ് ദേശീയ പതാക സ്വതന്ത്രമായി ആദരവോടെയും അന്തസോടെയും ഉയര്‍ത്താനുള്ള അവകാശം ഒരു വ്യക്തിയുടെ മൗലികാവകാശമാണെന്ന് കോടതി പ്രഖ്യാപിച്ചത്.

Related Articles

Back to top button