IndiaLatest

ഇന്ത്യയുടെ പ്രഥമ സേനാ മേധാവിക്ക് ആദരം

“Manju”

കിബിത്തു: ജനറല്‍ ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികം അടുക്കുന്ന വേളയില്‍ അരുണാചല്‍ പ്രദേശിലെ സൈനിക താവളം ഇനി മുതല്‍ റാവത്തിന്റെ പേരില്‍ അറിയപ്പെടും. കൂടാതെ വാലോങ് മുതല്‍ കിബിത്തു വരെയുള്ള 22 കിലോമീറ്റര്‍ റോഡിനും ജനറല്‍ റാവത്തിന്റെ പേര് നല്‍കും.

സൈനിക ഗാരിസണ്‍ ഉദഘാടന ചടങ്ങില്‍ ഗവര്‍ണര്‍ ബ്രിഗേഡിയര്‍ ബിഡി മിശ്ര, മുഖ്യമന്ത്രി പേമ ഖണ്ഡു, കിഴക്കന്‍ കരസേനാ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ റാണാ പ്രതാപ് കലിത തുടങ്ങിയവര്‍ പങ്കെടുത്തു. കിഴക്കന്‍ മേഖലയില്‍ ജനറല്‍ റാവത്ത് നടത്തിയ സംഭാവനകളെ രാജ്യം എന്നും ഓര്‍മ്മിക്കുമെന്നും അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും സേനയ്‌ക്കും വലിയ നഷ്ടമാണെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ഇന്ത്യയുടെ കിഴക്കന്‍ മേഖലയിലെ ലോഹിത് താഴ്വരയുടെ സമീപത്തുള്ള ഗ്രാമമാണ് കിബിത്തു. ഇവിടെ നിന്നും 5 കിലോമീറ്റര്‍ അകലെയാണ് മിലിറ്ററി ഗാരിസണ്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ ആര്‍മിയിലെ ഏറ്റവും ശക്തനായ ഓഫീസര്‍മാരില്‍ ഒരാളായ ബിപിന്‍ റാവത്ത് 1978ലാണ് സായുധ സേനയില്‍ ചേര്‍ന്നത്. ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനത്തിന്റെ ഫലമായി അദ്ദേഹത്തെ തേടിയെത്തിയത് ജനറല്‍ എന്ന പദവിയായിരുന്നു.

സൈനിക മേഖലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചത് വഴി പരം വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, യുദ്ധ സേവാ മെഡല്‍ , സേനാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നിവയുള്‍പ്പെടെയുള്ള ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചു. 2021 ഡിസംബര്‍ 8ന് തമിഴ്‌നാട്ടിലെ കൂനൂരില്‍ വെച്ചുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും മറ്റ് 12 പ്രതിരോധ ഉദ്യോഗസ്ഥരും ഓര്‍മയായി.

Related Articles

Back to top button