IndiaLatest

ലിഫ്റ്റ് നല്‍കിയ യുവാവിനെ പിന്നില്‍ ഇരുന്നഅപരിചിതന്‍ വിഷം കുത്തിവച്ച്‌ കൊലപ്പെടുത്തി

“Manju”

ഖമ്മം : അപരിചതര്‍ക്ക് വാഹനങ്ങളില്‍ ലിഫ്റ്റ് കൊടുക്കുന്നവര്‍ ധാരാളമുണ്ടാവും, പ്രത്യേകിച്ച്‌ ഇരുചക്ര വാഹനങ്ങളില്‍. പിന്നില്‍ ഇരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്നത് നിര്‍ബന്ധമാക്കിയിട്ടും, ലിഫ്റ്റ് ചോദിക്കുന്നവരുടേയും, കൊടുക്കുന്നവരുടേയും എണ്ണത്തില്‍ കുറവൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ തെലങ്കാനയിലെ ഖമ്മത്ത് ലിഫ്റ്റ് നല്‍കിയത് വഴി യുവാവിന് ജീവനാണ് നഷ്ടമായത്. അപരിചിതന് ലിഫ്റ്റ് നല്‍കിയ യുവാവിനെ പിന്നില്‍ ഇരുന്നയാള്‍ വിഷം കുത്തിവച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഖമ്മം ജില്ലയിലെ മുദിഗൊണ്ട മണ്ഡലത്തിലെ വല്ലഭി ഗ്രാമത്തിന് അടുത്താണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ജമാല്‍ സാഹിബ് എന്നയാളാണ് മരണപ്പെട്ടത്.
സംഭവത്തില്‍ പൊലീസ് നല്‍കുന്ന വിവരം ഇപ്രകാരമാണ്. ഗാന്രായ് ഗ്രാമത്തില്‍ നിന്ന് ഭാര്യയെ തിരികെ കൊണ്ടുവരാന്‍ ജമാല്‍ സാഹിബ് ഇരുചക്രവാഹനത്തില്‍ പോകുമ്ബോഴായിരുന്നു ദാരുണമായ സംഭവമുണ്ടായത്. തിങ്കളാഴ്ച രാവിലെയാണ് ജമാല്‍ സാഹിബ് തന്റെ ഗ്രാമമായ ബൊപ്പാറത്തുനിന്ന് ബൈക്കില്‍ പുറപ്പെട്ടത്. മുടിഗോണ്ട മണ്ഡലിലെ വല്ലഭിയില്‍ എത്തിയപ്പോള്‍ രണ്ടുപേര്‍ റോഡില്‍ നിന്ന് കൈകാണിച്ച്‌ ലിഫ്റ്റ് ചോദിച്ചു. തങ്ങളുടെ വാഹനത്തില്‍ പെട്രോള്‍ തീര്‍ന്നെന്നും അടുത്തുള്ള പമ്ബില്‍ നിന്ന് പെട്രോള്‍ വാങ്ങുന്നതിനായി ലിഫ്റ്റ് തരണമെന്നും ആവശ്യപ്പെട്ടു. അവരില്‍ ഒരാളെ തന്നോടൊപ്പം കയറ്റി ഇയാള്‍ പോയി.
കുറച്ച്‌ ദൂരം ജമാല്‍ തന്റെ വാഹനം ഓടിച്ചപ്പോള്‍, പിന്നിലിരുന്നയാള്‍ മുതുകില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ടു കുത്തുകയായിരുന്നു. വാഹനത്തിന്റെ വേഗം കുറച്ചപ്പോള്‍ പിന്നിലിരുന്നയാള്‍ തൊട്ടുപിന്നാലെ വന്ന ബൈക്കില്‍ കയറി രക്ഷപ്പെട്ടു. തലചുറ്റുന്നതായി തോന്നിയ ജമാല്‍ ബൈക്ക് വേഗം കുറച്ച്‌ ഓടിച്ച ശേഷം ആളുകള്‍ ഉള്ളിടത്ത് നിര്‍ത്തി വെള്ളം ആവശ്യപ്പെട്ടു. വെള്ളം കുടിച്ച ശേഷം ഫോണില്‍ ഭാര്യയെ വിളിക്കാന്‍ പറഞ്ഞു. നാട്ടുകാരോടും ഭാര്യയോടും അക്രമിയെ കുറിച്ച്‌ പറഞ്ഞ ശേഷം ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ സിറിഞ്ച് കണ്ടെത്തി. വിഷമടങ്ങിയ വസ്തു അക്രമി ഇയാളില്‍ കുത്തിവയ്ക്കുകയായിരുന്നു എന്ന് സംശയിക്കുന്നു. നായ്ക്കളെ കൊല്ലാന്‍ ഉപയോഗിക്കുന്ന മാരകമായ രാസവസ്തു ജമാല്‍ സാഹിബിന് നല്‍കിയതാണെന്ന് കരുതുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണോ കൊലപാതകം എന്നും അന്വേഷിക്കുന്നുണ്ട്. പ്രതികളെ പിടികൂടാന്‍ പ്രത്യേക പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button