IndiaLatest

സന്ന്യാസം എന്ന വാക്കിന് അർത്ഥമുണ്ടാകുന്നത് ത്യാഗത്തിലൂടെ- സ്വാമി ജയദീപ്തൻ ജ്ഞാന തപസ്വി

“Manju”

ശാന്തിഗിരി: ത്യാഗത്തിലൂടെയും അർപ്പണബോധത്തിലൂടെയുമാണ് സന്ന്യാസം എന്ന വാക്കിന് അർത്ഥമുണ്ടാകുന്നതെന്നും സന്ന്യാസിമാർ എന്ത് കഷ്ടപ്പാട് സഹിക്കാനും തയ്യാറാകണമെന്നും സ്വാമി ജയദീപ്തൻ ജ്ഞാന തപസ്വി. സന്ന്യാസദീക്ഷാ വാർഷികാഘോഷങ്ങളൂടെ മൂന്നാം ദിനമായ ഇന്ന് (28/09/2022 ബുധനാഴ്ച ) സ്പിരിച്വൽ കോൺഫറൻസ് ഹാളിൽ ഗുരുധർമ്മപ്രകാശസഭ അംഗങ്ങളോട് ഗുരുവുമായുള്ള അനുഭവങ്ങൾ പങ്കുവെച്ച് സംസാരിക്കുകയായിരുന്നു സ്വാമി. ആദ്ധ്യാത്മികമായി യാതൊരു ചിന്തയുമില്ലാത്ത പാലക്കാട് ജില്ലയിലെ ഒരു പാവപ്പെട്ട കർഷക കുടുംബത്തിലാണ് താൻ ജനിച്ചത്. ആശ്രമത്തിൽ വരാനുണ്ടായ സാഹചര്യവും ഗുരുവിനോടൊപ്പമുള്ള നിരവധി അനുഭവങ്ങളും ശാന്തിഗിരി ആശ്രമത്തിലെ ആദ്യ ബ്രഹ്മചാരിയായ സ്വാമി വിവരിച്ചു. ഗുരുവിനോടൊപ്പം ഒരു പാട് യാത്ര ചെയ്യാനും ഗുരുവിന്റെ മനോവ്യഥകൾ മനസ്സിലാക്കാനും കഴിഞ്ഞിട്ടുണ്ട്. ആശ്രമത്തിന്റെ വിവിധകർമ്മങ്ങളിൽ അവകാശിയായി നിന്ന് പ്രവർത്തിക്കാനുള്ള അവസരം ഗുരു തന്നിട്ടുണ്ട്. മുക്തിയും മോക്ഷവും തേടിയല്ല താനിവിടെ വന്നതെന്നും ഗുരുവിന്റെ അടിമയായി ജീവിക്കാനാണ് ആഗ്രഹമെന്നും സ്വാമി പറഞ്ഞു. ബ്രാഞ്ചാശ്രമങ്ങളിലെ സേവനം ജീവിതത്തിൽ പുതിയ പാഠങ്ങൾ പകർന്നു നൽകി. എട്ടോളം ഉപാശ്രമങ്ങളിൽ പ്രാഥമിക നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിച്ചു. ആശ്രമത്തിൽ പ്രവർത്തിക്കുമ്പോൾ എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും സന്ന്യാസിമാരും ജനനിമാരും തളരരുത്. ഗുരു നമുക്ക് നൽകിയ ത്യാഗത്തിന്റെ അന്തരീക്ഷത്തിൽ കരഞ്ഞും വിഷമിച്ചും കർമ്മം ചെയ്യുമ്പോൾ ഗുരു നമ്മെ പരിണാമപ്പെടുത്തും. അന്നദാനത്തിന്റെ മഹത്വമാണ് ഗുരു ആദ്യം നമുക്ക് പറഞ്ഞു തന്നതെന്നും ബ്രാഞ്ചാശ്രമങ്ങളിൽ ആദ്യം പ്രാവർത്തികമാക്കേണ്ടത് അതാണെന്നും സ്വാമി പറഞ്ഞു. വരുന്നവർക്ക് നല്ല രീതിയിൽ ആഹാരം കൊടുക്കണം. കൊടുക്കുന്തോറും ഏറിടും എന്നതാണ് ആശ്രമ അനുഭവമെന്നും കേന്ദ്രാശ്രമം പോലെ ഉപാശ്രമങ്ങളിലും അന്നദാനം വിപുലപ്പെടുത്താൻ ഓരോ ഗുരുധർമ്മപ്രകാശസഭ അംഗവും കഷ്ടപ്പെടണമെന്നും സന്ന്യാസിയുടെ വഴി ത്യാഗത്തിന്റെ വഴിയാണെന്നും സ്വാമി പറഞ്ഞു.

Related Articles

Back to top button