KeralaLatestThiruvananthapuram

ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയവരാകണം സന്ന്യാസിമാർ – ബിഷപ്പ് ഡോ.സാമുവൽ മാർ ഐറേനിയോസ്

സന്ന്യാസം സാധാരണത്വത്തിലേക്കുള്ള വഴിയാണ്.

“Manju”

പോത്തൻകോട് : ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയവരാകണം സന്ന്യാസിമാരെന്ന് മലങ്കര കാത്തോലിക്ക സഭ പത്തനംതിട്ട രൂപത അദ്ധ്യക്ഷൻ ബിഷപ്പ് ഡോ.സാമുവവൽ മാർ ഐറേനിയോസ്. ശാന്തിഗിരി ആശ്രമത്തിലെ 38-ാമത് സന്ന്യാസദീക്ഷാവാര്‍ഷികാഘോഷങ്ങളോടനു ബന്ധിച്ച് സ്പിരിച്വൽ കോൺഫറൻസ് ഹാളിൽ ഇന്ന് ( 29-09-2022 വ്യാഴാഴ്ച) രാവിലെ 10 ന് സന്ന്യാസജീവിതംഎന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഈശ്വരന്റെ സാന്നിദ്ധ്യമായി മണ്ണിൽ പിറന്നുവീണ പുണ്യജന്മങ്ങളാണ് ഗുരുക്കൻമാർ. ഗുരുവെന്നത് ലോകത്തെ ചലിപ്പിക്കുന്ന പ്രകാശമണ്. ഗുരുക്കൻമാരുടെ മൗനവും ധ്യാനവും ത്യാഗവും സമർപ്പണവും സ്വയം ശൂന്യവത്കരണവുമെല്ലാമാണ് നാടിന്റെ സമ്പത്ത്. ലോകം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സന്ദർഭങ്ങളിൽ അനുഗ്രഹത്തിന്റെ പുതുചൈതന്യം പകർന്നു നൽകുന്ന ഈശ്വര ചൈതന്യത്തിന്റെ ഭാഗമാണ് ഓരോ സന്ന്യസ്തരും. ഭാരതം ഋഷിപ്രോക്തമായ നാടാണ്. ആത്മീയതയുടെ അടിത്തറയുള്ള ഈ നാടിനെ ഒരിക്കലും തകർക്കാൻ കഴിയില്ല. നവജ്യോതിശ്രീകരുണാകര ഗുരുവിന്റെ ദർശനങ്ങളെക്കുറിച്ച് പഠിക്കാൻ തനിക്ക് സാധിച്ചിട്ടുണ്ടെന്നും ഗുരുവിനെ സംബന്ധിച്ച് സമാധി എന്ന വാക്കു പോലും പറയാൻ കഴിയാത്ത തരത്തിൽ ആ പ്രകാശം ഈ മണ്ണിൽ നിറഞ്ഞു നിൽക്കുന്നുമെന്നും അദ്ധേഹം പറഞ്ഞു.

കൂട്ടായ്മയുടെയും ഹൃദയഐക്യത്തിന്റേയും പങ്കുവയ്ക്കലിന്റേയും വേദിയാണ് ശാന്തിഗിരി ആശ്രമം. ആശ്രമത്തിന്റെ സന്ന്യാസസമൂഹം വ്യത്യസ്തമാണ്. ചെറുപ്പക്കാർ വരെ ഇവിടെ ദീക്ഷ സ്വീകരിക്കുന്നു. ദൈവത്തിന്റെ വിളി സ്വീകരിക്കാനാവശ്യമായ കരുതൽ ജീവിതത്തിൽ പുലർത്തണമെന്നും അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തണമെന്നും അദ്ധേഹം ഗുരുധർമ്മപ്രകാശസഭ അംഗങ്ങളോട് പറഞ്ഞു. സന്ന്യാസമെന്നത് തൊഴിലല്ല, അതു ദൈവം നൽകിയ അവസരമാണ്. ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് ദൈവത്തോട് താദാത്മ്യം പ്രാപിക്കുന്ന മൗനമാണത്. ഉള്ളത് കൊടുത്തത് കൊണ്ട് കാര്യമില്ല, ഉള്ള് കൊടുക്കണം. സമൂഹത്തിൽ ദും:ഖം അനുഭവിക്കുന്നവരുടെയും പാർശ്വവൽക്കരിക്കപ്പെടുന്നവരുടെയും രോഗാതുതരായവരുടെയും വേദന,സ്വന്തം വേദനയായി കാണണമെന്നും അദ്ധേഹം ഓർമ്മിപ്പിച്ചു.

തനിക്കെതിരെ സമരം ചെയ്യുന്നവനാകണം സന്ന്യാസി. സ്വയം കലഹിച്ച് കലഹിച്ച് തന്റെ മേൽ വിജയം നേടണം. ഇല്ലെങ്കിൽ മറ്റുള്ളവരോട് കലഹിച്ച് ജീവിതം നഷ്ടമാകും. കണ്ണൂകളിലെ തിളക്കവും മുഖത്തെ പ്രസാദാത്മകതയും ഒരിക്കലും നഷ്ടപ്പെടുത്തരുത്. സന്ന്യാസിമാരും പച്ചയായ മനുഷ്യരാണ്. ശാരീരികവും വൈകാരികവുമായ സമർപ്പണത്തിലൂടെ തിന്മയുടെ ശക്തികളെ അതിജീവിക്കാൻ ഇന്ദ്രിയങ്ങളുടെ മേൽ നിരന്തരമായ വിജയം നേടുന്ന പോരാളിയാകണം ഓരോ സന്ന്യസ്തരും. വ്രതവും പ്രാർത്ഥനയുമാണ് ഭൗതികതയുടെ മേൽ വിജയം നേടുന്നതിനുള്ള മാർഗ്ഗം. അഹങ്കാരത്തിന് അടിമപ്പെടാതെ ഞാൻ എന്ന ഭാവത്തിനു മേൽ വിജയം നേടണമെന്നും അദ്ധേഹം പറഞ്ഞു.

സന്ന്യസിക്കും സന്ന്യാസിനിമാർക്കും പിതൃത്വവും മാതൃത്വവും ഒരിക്കലും നഷ്ടമാകുന്നില്ല. ലോകജനതയെ മക്കളായി കാണുന്നതിലൂടെ ഈ രണ്ട് ഭാവങ്ങളും പൗത്രീകരിച്ച് വിശാലമാകുകയാണ്. ഭൗതികത്തിലെ ആസക്തികളെ ദാരിദ്രവൃതമെന്ന കത്തി കൊണ്ട് ബലി അർപ്പിക്കണം . ഞാൻ എന്ന അഹങ്കാരത്തിനെ അനുസരണ എന്ന കത്തി കൊണ്ട് ഗളശ്ഛേദം ചെയ്യണം. ബലഹീനതകളെ ബ്രഹ്മചര്യവ്രതം കൊണ്ട് കീഴ്പ്പെടുത്തണം. പിടിച്ചെടുക്കലല്ല, സമർപ്പണമാണ് ഒരു സന്ന്യാസിയുടെ ജീവിതം. സന്ന്യാസത്തിലൂടെ സന്തോഷം കണ്ടെത്താൻ സാധിക്കണം. അതൊരിക്കലും ഒരു ഭാരമായി കാണരുത്. സന്ന്യാസം സാധാരണത്വത്തിലേക്കുള്ള വഴിയാണ്. സാധാരണത്വത്തിലെ അസാധാരണത്വമാണത്. എളിമയിൽ നിന്നും സമർപ്പണത്തിലൂടെ ശുശ്രൂഷകരായി മാറണമെന്നും പൊതുസമൂഹത്തിൽ ശാന്തിഗിരിയുടെ സന്ന്യാസ സംഘം മുഖമുദ്രയാകണമെന്നും അദ്ധേഹം പറഞ്ഞു. വനാന്തരങ്ങളിൽ ഒറ്റപ്പെട്ട് ജീവിക്കാനല്ല, വസുധൈവകുടുംബകം എന്ന കാഴ്ചപ്പാടിൽ ജീവിക്കാനാണ് ശ്രീകരുണാകരഗുരു നമ്മെ പഠിപ്പിച്ചതെന്നും ഒരു നിർബന്ധത്തിനും വിധേയമാകാത്ത സമ്പൂർണ്ണസമർപ്പണമാണ് സന്ന്യാസജീവിതമെന്നും പറഞ്ഞുകൊണ്ട് അദ്ധേഹം തന്റെ ഹൃദ്യമായ പ്രഭാഷണം അവസാനിപ്പിച്ചു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗുരുധർമ്മപ്രകാശസഭയിലെ എഴുപതോളം അംഗങ്ങൾ പങ്കെടുത്തു.

Related Articles

Back to top button