IndiaLatest

യൂട്യൂബറെ കാണാന്‍ 250 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി 13 കാരന്‍

“Manju”

ന്യൂഡല്‍ഹി: ഇഷ്ടപ്പെട്ട യൂട്യൂബറെ കാണാനായി 250 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ഡല്‍ഹിയിലെത്തി 13 വയസ്സുകാരന്‍. പഞ്ചാബിലെ പട്യാലയില്‍ നിന്ന് ഡല്‍ഹി വരെയാണ് വിദ്യാര്‍ത്ഥി സൈക്കിളില്‍ എത്തിയത്. മൂന്നു ദിവസമെടുത്താണ് കുട്ടി ഡല്‍ഹിയിലെത്തിയത്. ‘ട്രിഗര്‍ഡ് ഇന്‍സാന്‍’ എന്ന യുട്യൂബ് ചാനലിലെ നിശ്ചയ് മല്‍ഹാന്‍ എന്ന യൂട്യൂബറെ കാണാനാണ് പതിമൂന്നുകാരന്‍ കിലോമീറ്ററുകള്‍ താണ്ടി തലസ്ഥാനത്ത് എത്തിയത്. യൂട്യൂബറുടെ അപ്പാര്‍ട്ട്‌മെന്‍റിലേക്ക് കുട്ടിയെത്തിയെങ്കിലും അയാള്‍ വീട്ടിലില്ലാത്തതിനാല്‍ കാണാനായില്ല.

എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടിയെ ഒക്ടോബര്‍ നാലിനാണ് കാണാതാകുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗിച്ച്‌ കുടുംബവും പട്യാല പൊലീസും വിവരങ്ങള്‍ ശേഖരിക്കുകയും ഡല്‍ഹി പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. യൂട്യൂബറും സോഷ്യല്‍ മീഡിയയിലുടെ കുടുംബവുമായി ബന്ധപ്പെടാന്‍ കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. യൂട്യൂബില്‍ 1.7 കോടിയോളം ഫോളോവേഴ്സുള്ള ആളാണ് നിശ്ചയ് മല്‍ഹാന്‍. നിശ്ചയിനോട് കുട്ടിക്ക് കടുത്ത ആരാധനയായിരുന്നു.

അതുകൊണ്ടു തന്നെ കുട്ടി ഇയാളെ കാണാന്‍ പോയതായിരിക്കുമെന്ന് മാതാപിതാക്കളും ഊഹിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ ഒരു പാര്‍ക്കില്‍ വച്ച്‌ കണ്ടെത്തുകയായിരുന്നു. ഡല്‍ഹിയിലെത്തിയ കുടുംബം കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. പെട്ടെന്ന് തന്നെ കുട്ടിയെ കണ്ടെത്തി തന്നതിന് പൊലീസിനോട് നന്ദിയുണ്ടെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിയെ കണ്ടെത്തിയെന്നും ദൈവത്തോട് നന്ദിയുണ്ടെന്ന് യൂട്യൂബറും കുറിച്ചു.

Related Articles

Back to top button