KeralaLatest

സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും പാളയം ഇമാമും ദയാബായിയെ സന്ദർശിച്ചു

“Manju”

തിരുവനന്തപുരം : എൻഡോസൾഫാർ ദുരിതബാധിതർക്ക് വേണ്ടിയുള്ള നിരാഹാരസമരത്തിന്റെ ഭാഗമായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദയാബായിയെ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവിയും സന്ദർശിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സന്ദർശനം. കിടക്കയിൽ നിന്നും എഴുന്നേറ്റിരുന്ന് ദയാബായി ഇരുവരെയും അഭിവാദ്യം ചെയ്തു. സ്വാമിയും ഇമാമും ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ചു.
സമരത്തിൽ സർക്കാർ ശ്രദ്ധ പുലർത്തുന്നുവെന്നത് ആശ്വാസകരമാണെന്നും അതേസമയം സമരസമിതി മുന്നോട്ട് വെച്ച ആവശ്യങ്ങൾ സാക്ഷാത്കരിക്കരിക്കാൻ സർക്കാറിന്റെ ഭാഗത്തു നിന്നും എല്ലാവിധ സഹകരണവും ഉണ്ടാകണമെന്ന് അപേക്ഷിക്കുകയാണെന്നും സന്ദർശനത്തിനു ശേഷം ഇമാം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ മനസ്സ് ദയബായി അമ്മയോടൊപ്പമാണെന്നും ദയാബായിയുടെ ആവശ്യങ്ങളിൽ മാനുഷിക പരിഗണനയോടെയുള്ള നടപടി വേണമെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ഈ സമരം ഇപ്പോൾ മാനുഷികമായ മറ്റൊരു തലത്തിലാണ്. ഇതിനെ അധികം നീട്ടിക്കൊണ്ടുപോകുന്നത് അവസരോചിതമല്ല. അതിൽ ആശങ്കയുണ്ടെന്നും രാഷ്ട്രീയമായ വേർതിരിവുകൾക്കപ്പുറം പെട്ടെന്നുള്ള ഇടപെടൽ ദയാബായിയുടെ കാര്യത്തിൽ ഉണ്ടാകണമെന്നും സ്വാമി അഭിപ്രായപ്പെട്ടു. പാളയം ജമാഅത്ത് സെക്രട്ടറി ജെ. ഹാരിഫ്, പ്രസിഡന്റ് ഷേക്ക് സബീബ്, പട്ടം എം. സുധീർ, സബീർ തിരുമല, കൃഷ്ണൻ അമ്പലത്തറ, ഷാജിർഖാൻ തുടങ്ങിയവരും സ്വാമിക്കും ഇമാമിനും ഒപ്പം ആശുപത്രിയിൽ സന്ദർശനം നടത്തി.

Related Articles

Back to top button