KozhikodeLatest

കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, ബസുകള്‍ക്കെതിരെ പരാതിയുമായി ആറാം ക്ലാസുകാരന്‍

“Manju”

കോഴിക്കോട്: കാത്തിരുന്നിട്ടും ബസുകള്‍ നിര്‍ത്താതെ പോയതോടെ ആര്‍.ടി.ഒക്ക് പരാതി നല്‍കി ആറാംക്ലാസുകാരന്‍. വടകര കോട്ടപ്പള്ളിക്ക് സമീപമാണ് സംഭവം. സ്‌കൂളില്‍ പോകാനായി ഏറെ നേരം ബസ് കാത്തിരുന്നിട്ടും മൂന്ന് ബസുകള്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥി പരാതി നല്‍കിയത്. മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാംക്ലാസുകാരന്‍ സായ് ഗിരീഷ് ആണ് പരാതിക്കാരന്‍.
രാവിലെ സ്കൂളിലേക്ക് പോകുന്നതിനായി കോട്ടപ്പള്ളിക്ക് സമീപമുള്ള മലയില്‍ പൊക്കു സ്മാരക ബസ് സ്റ്റോപ്പില്‍ ഏറെ നേരം കാത്തു നിന്നു. ബസുകള്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് സ്‌കൂളില്‍ പോകാന്‍ സാധിക്കാതെ സായ് തിരിച്ചു മടങ്ങുകയായിരുന്നു. 8.30, 8.40, 8.55 എന്നീ സമയങ്ങളില്‍ എത്തിയ ബസുകള്‍ കൈകാണിച്ചിട്ടും നിര്‍ത്തിയില്ല എന്നാണ് പരാതി. വീട്ടില്‍ എത്തിയ സായ് അച്ഛനെ വിളിച്ച്‌ കാര്യം പറയുകയായിരുന്നു.
സായ് ഗിരീഷ് തന്നെയാണ് ഉദ്യോഗസ്ഥരെ വിളിച്ച്‌ പരാതി പറഞ്ഞത്. പിന്നീട് പരാതി വടകര ആര്‍.ടി.ഒക്ക് കൈമാറി. ഒപ്പം സായ് ഗിരീഷും പിതാവും ചേര്‍ന്ന് ആര്‍.ടി ഓഫീസിലെത്തി പരാതി രേഖാമൂലം എഴുതി നല്‍കുകയും ചെയ്തു. പരാതിയുടെ ഗൗരവം മനസിലാക്കി എം.വി.ഡി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മൂന്ന് ബസിനെതിരേയും നടപടി സ്വീകരിച്ചു.ആദികൃഷ്ണ, അമൃത, മഹാലക്ഷ്മി എന്നീ ബസുകള്‍ക്കെതിരെയാണ് നടപടി. മൂന്ന് ബസുകളും പിടികൂടി പിഴ ഈടാക്കി.
സ്കൂള്‍ സമയങ്ങളില്‍ ബസില്‍ തിരക്കായതിനാലാണ് നിര്‍ത്താതെ പോയതെന്ന് ബസുടമകള്‍ വ്യക്തമാക്കി. അതേസമയം സായ് ഗിരീഷിന്റെ പ്രവൃത്തിയെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു. സമാനമായ അനുഭവം നേരിടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും വേണ്ടിയാണ് പരാതി നല്‍കിയതെന്ന് പിതാവ് ഗിരീഷ് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button