IndiaLatest

ചവിട്ടിത്തിരിഞ്ഞ് റിയാദിലെത്തി സോമന്‍

സൈക്കിളിലേറി ലോകംചുറ്റി 18 വര്‍ഷം

“Manju”

റിയാദ്: സോമന്‍ ദേബ്നാഥ് എന്ന ഇന്ത്യന്‍ പൗരന്‍ സൈക്കിള്‍ ചവിട്ടുന്നത് ചരിത്രത്തിലേക്കാണ്. തന്റെ രാജ്യത്തിന്റെ സംസ്കാരവും പൈതൃകവും ദേശാന്തരങ്ങളിലേക്ക് പകരുക, മാരകമായ എയ്ഡ്സ് രോഗത്തിനെതിരെ ലോകമാകെ നടക്കുന്ന ബോധവല്‍കരണ പ്രചാരണത്തില്‍ പങ്കാളിയാകുക എന്നീ ലക്ഷ്യങ്ങള്‍ മനസ്സിലുറപ്പിച്ച്‌ ലോകം മുഴുവന്‍ സൈക്കിളില്‍ സഞ്ചരിക്കാന്‍ ഇറങ്ങിത്തിരിച്ച പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവ് യാത്രക്കിടയില്‍ റിയാദിലെത്തി.

ജന്മദേശമായ സുന്ദര്‍ബനില്‍നിന്ന് 2004 മെയ് 27-ന് ചവിട്ടി തുടങ്ങിയ സൈക്കിള്‍ കഴിഞ്ഞ 18 വര്‍ഷത്തിനിടെ കടന്നുപോയത് 170 രാജ്യങ്ങളിലൂടെ. 1,85,400 കിലോമീറ്റര്‍ താണ്ടി ഇപ്പോള്‍ സൗദി അറേബ്യയില്‍ പ്രവേശിച്ചിരിക്കുകയാണ്.

ഇനി 21 രാജ്യങ്ങള്‍ കൂടിയാണ് സഞ്ചരിക്കാനുള്ള ലിസ്റ്റില്‍ ബാക്കിയുള്ളതെന്ന് റിയാദില്‍ വെച്ച്‌ ഗള്‍ഫ് മാധ്യമത്തോടെ സംസാരിക്കവേ സോമന്‍ വ്യക്തമാക്കി. നാല് ദിവസം മുമ്ബാണ് റിയാദിലെത്തിയത്. സൗദി തലസ്ഥാനത്തെ സുപ്രധാന ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചുകഴിഞ്ഞു. സൗദിയിലെ ആതിഥേയത്വത്തിന്റെ ഊഷ്മളതയെ കുറിച്ച്‌ സോമന്‍ ദേബ്നാഥ് വാചാലനായി. ചെറിയ കുട്ടികള്‍ വരെ പരിചയപ്പെടുകയും സംസാരിക്കുകയും കാപ്പി കുടിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നു. സ്‌കൂളുകളിലേക്ക് പോലും ക്ഷണിക്കുന്നു. ആബാല വൃദ്ധം ജനങ്ങളില്‍നിന്ന് ഇത്രയും വലിയ സ്വീകരണം പ്രതീക്ഷിച്ചതായിരുന്നില്ലെന്നും യുവാവ് പറയുന്നു.

സൗദി കിരീടാവകാശിയുടെ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030′ രാജ്യത്തുണ്ടാക്കിയ മാറ്റങ്ങള്‍ നേരിട്ട് അനുഭവിച്ചറിയാനുള്ള ഭാഗ്യം കൂടിയാണ് ഈ യാത്രയിലൂടെ സാധ്യമായതെന്ന് സോമന്‍ കൂട്ടിച്ചേര്‍ക്കുന്നു. യാത്രക്കിടയില്‍ 38 രാജ്യങ്ങളിലെ പ്രസിഡന്റുമാരെയും 72 രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരെയും നേരിട്ട് കാണാനും സംവദിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. സൗദി ഭരണാധികാരികളെയും വിവിധ വകുപ്പ് മന്ത്രിമാരെയും കാണാന്‍ ആഗ്രഹമുണ്ടെന്ന് റിയാദിലെ ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ട്. സൗദിയിലെ യാത്രക്കുള്ള പിന്തുണ എംബസിയില്‍നിന്ന് കിട്ടിയത് കൂടുതല്‍ ഊര്‍ജം പകരുമെന്നും ആദ്ദേഹം പറഞ്ഞു.

2004-2007 കാലയളവില്‍ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളും സൈക്കിളില്‍ താണ്ടി. 2007-നും 2009-നുമിടയില്‍ ഏഷ്യയിലെ 23 രാജ്യങ്ങള്‍ മറികടന്നു. 2009 മുതല്‍ 2012 വരെ യൂറോപ്പിലെ 45 രാജ്യങ്ങളും 2012-നും 2015-നും ഇടയില്‍ ആഫ്രിക്കയിലെ 52 രാജ്യങ്ങളും മധ്യപൂര്‍വേഷ്യയിലെ എട്ട് രാജ്യങ്ങളും സഞ്ചരിച്ചുകഴിഞ്ഞു. 2016-ന്റെ തുടക്കം മുതല്‍ 2017-ന്റെ ഒടുക്കം വരെ തെക്കേ അമേരിക്കയിലെ 13 രാജ്യങ്ങള്‍, കരീബിയന്‍ ദ്വീപുകളിലെ ആറ് രാജ്യങ്ങള്‍, അന്റാര്‍ട്ടിക്കയിലെ ദക്ഷിണധ്രുവം, 2018 മുതല്‍ 2021 വരെ മധ്യ അമേരിക്കയിലെ എട്ട് രാജ്യങ്ങള്‍, ആര്‍ട്ടിക് സര്‍ക്കിള്‍ ഉള്‍പ്പെടെ വടക്കേ അമേരിക്കയിലെ എല്ലാ രാജ്യങ്ങളും, ആര്‍ട്ടിക് സര്‍ക്കിള്‍ അലാസ്ക, കാനഡ, ജപ്പാന്‍, റഷ്യ, മംഗോളിയ, ചൈന, ദക്ഷിണ കൊറിയ, ന്യൂസിലാന്‍ഡ് എന്നിവയുള്‍പ്പെടെ 48 രാജ്യങ്ങള്‍, അമേരിക്ക, 2021-നും 2022-നുമിടയില്‍ യൂറോപ്പ്, ഓസ്‌ട്രേലിയ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ എട്ട് രാജ്യങ്ങള്‍ എന്നിവയിലൂടെയും യാത്ര പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് തിരിച്ചുപോക്കിനിടയിലാണ് ഇപ്പോള്‍ സൗദിയില്‍ എത്തിയിരിക്കുന്നത്.

14-ാം വയസ്സില്‍ എയ്ഡ്‌സ് കാന്‍സറിനേക്കാള്‍ മാരകമാണ്എന്ന പേരില്‍ ഒരു ലേഖനം വായിച്ചതാണ് സോമന്റെ യാത്രക്കുള്ള പ്രചോദനം. ആരാരും സംരക്ഷിക്കാനില്ലാതെ തെരുവില്‍ മരിച്ച ഒരാളെ കുറിച്ചായിരുന്നു ആ ലേഖനം. ഈ ദുരനുഭവം എന്തുകൊണ്ട് സംഭവിച്ചു എന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. മനസ്സിനെ അലട്ടിയ ആ ഉത്തരം കണ്ടെത്താനായി പിന്നീടുള്ള അന്വേഷണം. രണ്ട് വര്‍ഷത്തിന് ശേഷം, സൊസൈറ്റി ഓഫ് വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോളില്‍നിന്ന് പ്രത്യേക പരിശീലനം നേടി, എച്ച്‌..വി/എയ്ഡ്‌സിനെ കുറിച്ചും വിദ്യാഭ്യാസത്തെ കുറിച്ചും സ്വന്തം സ്‌കൂളില്‍നിന്ന് ബോധവല്‍ക്കരണ കാമ്ബയിന്‍ ആരംഭിച്ചു. ആദ്യ ദൗത്യം ഇന്ത്യയില്‍ അവബോധം നല്‍കുക എന്നതായിരുന്നു.

തുടര്‍ന്ന് ഈ ലക്ഷ്യം വെച്ച്‌ 191 രാജ്യങ്ങളിലൂടെയുള്ള യാത്ര. 2020-ല്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു യാത്ര. എന്നാല്‍ കോവിഡില്‍ തട്ടി സഞ്ചാരം മുടങ്ങി. അഫ്ഗാനില്‍ താലിബാനിന്റെ കൈയ്യില്‍പെട്ട് 24 ദിവസത്തെ തടവ് അനുഭവിച്ചു. മധ്യേഷ്യയില്‍ വെച്ച്‌ ആറ് തവണ കൊള്ളയടിക്കപ്പെട്ടു. മരം കോച്ചും തണുപ്പിലൂടെ യാത്ര ചെയ്തു. വന്യമൃഗങ്ങള്‍ക്കിടയിലൂടെയുള്ള ഭീതിജനകമായ യാത്രകള്‍. ഗ്രീന്‍ലാന്‍ഡിലെ ഉത്തരധ്രുവത്തിലേ മൈനസ് 45 ഡിഗ്രിയിലെ അതിജീവനം. ഇങ്ങനെ നിരവധി പ്രസിസന്ധികളിലൂടെയാണ് യാത്ര പുരോഗമിക്കുന്നതെന്ന് സോമന്‍ ദേബ്നാഥ് പറഞ്ഞു.

സോമന്‍ ദേബ്നാഥ് റിയാദ് ഇന്ത്യന്‍ എംബസിയില്‍ ഉപസ്ഥാനപതി രാം പ്രസാദിനോടൊപ്പം

ബോധവല്‍കരണത്തിന്റെ ഭാഗമായി റിയാദിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും സന്ദര്‍ശിക്കുന്നുണ്ട്. സാമൂഹികജീവകാരുണ്യ സംഘടനകളുമായി കൂടിക്കാഴ്ച നടത്തും. 10 ദിവസം കൂടി റിയാദില്‍ തുടരും. ഒരാഴ്ച ദമ്മാമിലും തങ്ങിയതിന് ശേഷം കുവൈത്തിലേക്ക് പോകുമെന്നും ഗള്‍ഫ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ദേബ്നാഥ് പറഞ്ഞു.

 

Related Articles

Back to top button