IndiaLatest

ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം ചിരഞ്ജീവിക്ക്

“Manju”

ന്യൂഡല്‍ഹി: ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം തെലുങ്കു നടന്‍ ചിരഞ്ജീവിയ്ക്ക്. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ കണക്കിലെടുത്താണ് പുരസ്‌കാരം. മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകളെ ആദരിക്കുന്ന ഹോമേജ് വിഭാഗത്തില്‍ കെപിഎസി ലളിത ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് സ്നേഹാഞ്ജലി അര്‍പ്പിക്കും. കെപിഎസി ലളിതയ്ക്കു പുറമേ അന്തരിച്ച ഗായകന്‍ കെ.കെ., സംവിധായകന്‍ പ്രതാപ് പോത്തന്‍ എന്നിവരെയാണ് സിനിമയ്ക്കു നല്‍കിയ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി അനുസ്മരിക്കുന്നത്.

183 അന്താരാഷ്ട്ര ചലച്ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഈ മാസം 20 മുതല്‍ 28 വരെ നടക്കുന്ന മേളയിലെ ഫോക്കസ് രാജ്യം ഫ്രാന്‍സാണ്. ഓസ്‌ട്രേലിയന്‍ ചിത്രമായ അല്‍മ ആന്‍ഡ് ഓസ്‌കര്‍ ആണ് ഉദ്ഘാടന ചിത്രം. ക്രിസ്തോഫ് സനൂസിയുടെ പെര്‍ഫെക്‌ട് നമ്പര്‍ ആണ് സമാപന ചിത്രം. ലോകചലച്ചിത്രമേഖലയിലെ ആജീവനാന്ത സംഭാവനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സത്യജിത് റായ് പുരസ്‌കാരം സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറയ്ക്ക് സമ്മാനിക്കും.

ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 25 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ്, തരൂണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളയ്ക്ക, എന്നീ മലയാള ചിത്രങ്ങള്‍ ഇതില്‍ ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ പ്രിയനന്ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇരുള ഭാഷയിലുള്ള ധബാരി ക്യുരുവി എന്ന ചിത്രവും ഇന്ത്യന്‍ പനോരമയില്‍ ഇടം നേടിയിട്ടുണ്ട്. ഗോത്രവിഭാഗമായ ഇരുളര്‍ മാത്രം അഭിനയിച്ച സിനിമയാണിത്. ദ കശ്മീര്‍ ഫയല്‍സ്, ആര്‍.ആര്‍.ആര്‍, അഖണ്ഡ, ജയ് ഭീം, മേജര്‍ തുടങ്ങിയ സിനിമകളും പ്രദര്‍ശനത്തിനെത്തും. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ വിനോദ് മങ്കര സംവിധാനം ചെയ്ത സംസ്‌കൃത ഭാഷയിലുള്ള യാനം, അഖില്‍ ദേവ് എം സംവിധാനം ചെയ്ത വീട്ടിലേക്ക് തുടങ്ങിയ ചിത്രങ്ങള്‍ ഇടം നേടിയിട്ടുണ്ട്. 20 സിനിമകളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ മൂന്ന് ഇന്ത്യന്‍ സിനിമകളാണ് മത്സരിക്കുന്നത്. വിനോദ് അഗ്‌നിഹോത്രി സംവിധാനം ചെയ്ത കാശ്മീര്‍ ഫയല്‍സ്, ആനന്ദ് മഹാദേവന്റെ സ്റ്റോറി ടെല്ലര്‍, കമലകണ്ണന്‍ സംവിധാനം ചെയ്ത മങ്കി പെഡല്‍ തുടങ്ങിയ ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ ഇടം നേടി. കണ്‍ട്രി ഫോക്കസില്‍ ഫ്രാന്‍സില്‍നിന്ന് എട്ട് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഫിലിം ബസാര്‍, പുസ്തകമേള, പരിശീലന ശില്പശാലകള്‍, സംവാദങ്ങള്‍ തുടങ്ങിയവയുണ്ടാകും.

Related Articles

Back to top button