IndiaLatest

പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഇ-മെയില്‍ സന്ദേശം; യുവാവ് അറസ്റ്റില്‍

“Manju”

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് നേരെ വധ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. ബുദൗന്‍ സ്വദേശി അമാന്‍ സക്‌സേനയാണ് അറസ്റ്റിലായത്. ബുദൗനില്‍ നിന്നും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മെയില്‍ വഴിയാണ് പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഇയാള്‍ ഭീഷണി മുഴക്കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചെന്ന് വ്യക്തമായതോടെ ഇയാള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് ഒളിവില്‍ പോകുകയായിരുന്നു. ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനിടെ ഇയാള്‍ പിതാവിന്റെ സിംകാര്‍ഡ് ഉപയോഗിച്ച്‌ മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് ഇയാള്‍ ബുദൗനില്‍ ഉള്ളതായി വ്യക്തമായത്. തുടര്‍ന്ന് ഇന്നലെ രാത്രി അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അമാനിന്റെ ഗുജറാത്ത് സ്വദേശിയായ പെണ്‍സുഹൃത്തിനെയും, ഡല്‍ഹി സ്വദേശിയെയും ഭീകര വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മെയില്‍ സന്ദേശത്തിന് പിന്നില്‍ ഗുജറാത്ത് സ്വദേശിനിയാണെന്ന് അമാന്റെ പിതാവ് ആരോപിച്ചു. തന്റെ മകന്‍ തെറ്റ് ചെയ്തിട്ടില്ല. പെണ്‍കുട്ടിയാണ് അമാന്റെ ഫോണില്‍ നിന്നും സന്ദേശം അയച്ചത്. അമാനെ പെണ്‍കുട്ടി കുടുക്കിയത് ആണെന്നും പിതാവ് പ്രതികരിച്ചു.

Related Articles

Back to top button