IndiaLatest

മുന്‍മന്ത്രിയുടെ വാഹനം ആക്രമിച്ച് സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി

“Manju”

മുന്‍ മന്ത്രിയുടെ വാഹനത്തിന് നേരെ ആസിഡ് എറിഞ്ഞ് കാറിലുണ്ടായിരുന്ന സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി. തമിഴ്‌നാട്ടിലെ കരൂരിലെ നാഗംപട്ടിയില്‍ പട്ടാപ്പകലാണ് സംഭവം.
മുന്‍ എഐഎഡിഎകെ മന്ത്രി എം ആര്‍ വിജയഭാസ്‌കറിന്റെ കാര്‍ ആക്രമിച്ചാണ് അജ്ഞാതര്‍ പഞ്ചായത്ത് ഉപാധ്യക്ഷന്‍ സ്ഥാനാര്‍ത്ഥിയെ കടത്തിക്കൊണ്ടുപോയത്. കരൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് മുന്‍ മന്ത്രിയുടെ കാര്‍ നാല് കാറുകള്‍ ഉപയോഗിച്ച്‌ തടഞ്ഞത്. കാറിന്റെ വിന്‍ഡ് സ്‌ക്രീനിലേക്ക് ആസിഡ് ഒഴിച്ചാണ് വാഹനം അക്രമികള്‍ തടഞ്ഞത്. ഇതിന് പിന്നാലെ കാറിന്റെ ഗ്ലാസ് തകര്‍ത്ത് വാഹനത്തിലുണ്ടായിരുന്ന സ്ഥാനാര്‍ത്ഥിയെ കടത്തിക്കൊണ്ട് പോവുകയായിരുന്നു.

എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായ തിരുവിക്കയെയാണ് കടത്തിക്കൊണ്ട് പോയത്. കരൂര്‍ ജില്ലയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അനാവശ്യമായി നീട്ടിവയ്ക്കുന്നതായി കാണിച്ച്‌ മധുര കോടതിയില്‍ പരാതി നല്‍കിയ വ്യക്തി കൂടിയാണ് തിരുവിക്ക. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ട് മണി വരെ ആയിരുന്നു തെരഞ്ഞെടുപ്പ് നടത്താനായി കോടതി സമയം അനുവദിച്ചിരുന്നത്. ഈ തെരഞ്ഞെടുപ്പ് അലങ്കോലമാക്കാനാണ് തിരുവിക്കയെ തട്ടിക്കൊണ്ട് പോയതെന്നാണ് എഐഎഡിഎംകെ നേതാക്കള്‍ ആരോപിക്കുന്നത്. കരൂരിലെ 12 പഞ്ചായത്തുകളില്‍ ആറെണ്ണം ഡിഎംകെയും ആറെണ്ണം എഐഎഡിഎംകെയുമാണ് വിജയിച്ചത്. എന്നാല്‍ ഉപാധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. നേരത്തെ എട്ട് പേരുടെ പിന്തുണയോടെ ജില്ലാ കൌണ്‍സില്‍ ഭരണം എഐഎഡിഎംകെയുടെ കയ്യിലായിരുന്നു. അടുത്തിടെയാണ് രണ്ട് പേര്‍ കൂറ് മാറിയത്. ഇതോടെയാണ് ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നിര്‍ണായമായി മാറിയത്.

Related Articles

Back to top button