IndiaLatest

യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പുതിന്‍

“Manju”

മോസ്‌കോ: യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുവെന്നും അതിനായി ഒരു നയതന്ത്ര പരിഹാരം കാണുമെന്നും വ്യക്തമാക്കി പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍. മാധ്യമപ്രവര്‍ത്തകരോടാണ് റഷ്യന്‍ പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. അധികം വൈകാതെ യുദ്ധം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന അദ്ദേഹം പറഞ്ഞു.

യുക്രൈന്‍ പ്രസിഡന്റ് സെലന്‍സികി കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നല്‍കിവരുന്ന പിന്തുണ തുടരുമെന്ന് ബൈഡന്‍ സെലന്‍സ്‌കിയ്ക്ക് ഉറപ്പുനല്‍കി. ഇതിന് പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുതിന്റെ പ്രസ്താവന.

എല്ലാ സായുധ പോരാട്ടങ്ങളും എതെങ്കിലും വിധത്തിലുള്ള നയതന്ത്ര കൂടിയാലോചനകള്‍ക്കൊടുവിലാണ് അവസാനിച്ചിട്ടുള്ളത്. അതിന് ഏതെങ്കിലും കക്ഷികള്‍ ഇരുന്ന് ഉടമ്പടി ഉണ്ടാക്കാന്‍ തയ്യാറാവണം. അതിന് നമ്മുടെ എതിരാളികള്‍ എത്രവേഗം തയ്യാറാവുന്നുവോ അത്രയും നല്ലത്. പുതിന്‍ പറഞ്ഞു.
അതേസമയം പുതിന്റെ ഈ പ്രസ്താവനകളെ സംശയത്തോടെയാണ് മറുപക്ഷം കാണുന്നത്. കൂടിയാലോചന നടത്തുന്ന കാര്യം ഗൗരവത്തോടെയാണോ റഷ്യ കാണുന്നതെന്ന് സംശയമുണ്ടെന്ന് യുഎസ് പറയുന്നു.

ഗൗരവത്തോടെയാണെങ്കില്‍ തുറന്ന ചര്‍ച്ചയ്ക്ക് യുഎസ് തയ്യാറാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. അതേസമയം യുക്രൈനില്‍ നിന്നും കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ കൂടുതല്‍ സമയം ലഭിക്കുന്നതിന് വേണ്ടിയുള്ള തന്ത്രത്തിന്റെ ഭാഗമായാണ് പുതിന്റെ നയതന്ത്ര ചര്‍ച്ചാ നീക്കമെന്ന് യുക്രൈനും സഖ്യരാജ്യങ്ങളും സംശയിക്കുന്നുണ്ട്. ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറുന്നത് യുക്രൈന്‍ ആണ് എന്ന മറുവാദമാണ് പുതിന്‍ ഉന്നയിക്കുന്നത്. പിടിച്ചെടുത്ത എല്ലാ പ്രദേശങ്ങളിലുമുള്ള ആക്രമണം തുടരുന്നത് റഷ്യ നിര്‍ത്തണം എന്നാണ് യുക്രൈന്റെ ആവശ്യം.


Related Articles

Back to top button