
കൊല്‍ക്കത്ത : ഇന്ത്യന്‍ റെയില്‍വേയുടെ മുഖച്ഛായ മാറ്റാന്‍ അവതരിച്ച വന്ദേഭാരത് എക്സ്പ്രസിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. പശ്ചിമ ബംഗാളിന് അനുവദിച്ച രാജ്യത്തെ ഏഴാമത്തെ വന്ദേഭാരത് ട്രെയിന് നേരെയാണ് പ്രവര്‍ത്തനം തുടങ്ങി നാലാം ദിനം ആക്രമണമുണ്ടായത്. മാതാവ് മരണപ്പെട്ടിട്ടും വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനം മാറ്റിവയ്ക്കാതെ ഓണ്‍ലൈനായി പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു. പശ്ചിമ ബംഗാളിലെ മാള്‍ഡയിലെ കുമാര്‍ഗഞ്ച് സ്റ്റേഷന് സമീപത്ത് വച്ചാണ് ട്രെയിന് നേരെ കല്ലേറുണ്ടായത്.
ഹൗറയിലേക്ക് പോകും വഴിയുണ്ടായ കല്ലേറില്‍ വന്ദേ ഭാരത് എക്സ്പ്രസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. യാത്രക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടില്ല. വൈകുന്നേരം അഞ്ചരയോടെയായിരുന്നു ആക്രമണം. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. അടുത്തിടെ രാജ്യത്ത് മറ്റിടങ്ങളില്‍ ആരംഭിച്ച വന്ദേ ഭാരത് ട്രെയിനുകള്‍ക്കും ട്രാക്കില്‍ കയറി നില്‍ക്കുന്ന നാല്‍ക്കാലികളെ ഇടിച്ച് അപകടമുണ്ടായിരുന്നു.