Uncategorized

ഹോട്ടലില്‍ നിന്ന് ഷവര്‍മയും ആല്‍ഫാമും വാങ്ങുന്നവര്‍ അറിയാൻ; ശ്രദ്ധിച്ചാല്‍ ദുഖിക്കേണ്ട

“Manju”

 

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് നമ്മുടെ ഭക്ഷണ സംസ്കാരം മാറിയിരിക്കുന്നു. ഹോട്ടലുകളില്‍ നിന്ന് നമ്മള്‍ പകുതിവെന്ത മാംസഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അതിന് പുറത്ത് ചേര്‍ത്തിരിക്കുന്ന കെമിക്കലുകളുടെ രുചി നമ്മെ വീണ്ടും വീണ്ടും അതിലേക്കാകര്‍ഷിക്കുന്നു. ഭക്ഷണത്തിനു പകരം മനുഷ്യനെ കൊല്ലുന്ന വിഷം വിളമ്ബുകയാണ് നമ്മുടെ നാട്ടിലെ ചില ഭക്ഷണശാലകള്‍ ചെയ്യുന്നത്. ഏതാനും ചില ഭക്ഷണശാലകള്‍ നടത്തുന്ന കലാപരിപാടികള്‍ ഹോട്ടല്‍ വ്യവസായത്തെ മുഴുവന്‍ ദോഷകരമായി ബാധിക്കുകയാണ്.

ഹോട്ടലുകളിലെ പഴകിയതും വൃത്തിഹീനവുമായ ഭക്ഷണം കഴിച്ച്‌ ആര്‍ക്കെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ വെളിപാടുവരുന്ന നമ്മുടെ ഉദ്യോഗസ്ഥ സംവിധാനം ഇവര്‍ക്ക് പ്രോത്സാഹനവുമാണ്. ലാഭക്കൊതി മാറ്റി ഭക്ഷണശാലകള്‍ വൃത്തിയുള്ള സാഹചര്യത്തില്‍ സുരക്ഷിതവും രുചിയുമുള്ള ഭക്ഷണം നല്‍കാന്‍ തയ്യാറാകണമെങ്കില്‍ അധികൃതര്‍ കൂടി മുന്‍കൈയെടുക്കേണ്ടതുണ്ട്.

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം പാലത്തറ സ്വദേശി രശ്മി രാജി എന്ന യുവതി മരണപ്പെട്ടതോടെ സംസ്ഥാനത്തെങ്ങും ഭക്ഷ്യപരിശോധന കര്‍ശനമായി തുടരുകയാണ്. ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍ നടത്തുന്ന ഇത്തരം പരിശോധനകള്‍ തത്‌കാലത്തെ പ്രഹസനം മാത്രമാണെന്നാണ് പൊതുജനാഭിപ്രായം. ബഹളങ്ങള്‍ എല്ലാമടങ്ങുന്നതോടെ അധികൃതരും പഴയപടി ഇത്തരം സ്ഥാപനങ്ങളെ തിരിഞ്ഞുനോക്കാത്ത സ്ഥിതി വരും.

കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം ആണ് മരണപ്പെട്ട രശ്മി കഴിച്ചത്. സഹോദരന്‍ വിഷ്ണുരാജിനും ഈ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച 26 പേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. കളക്ടര്‍ക്കും ഭക്ഷ്യസുരക്ഷാ വകുപ്പിനും പരാതി കൊടുത്തശേഷമാണ് ഹോട്ടല്‍ പൂട്ടിക്കാന്‍പോലും അധികൃതര്‍ തയ്യാറായതെന്നും ആക്ഷേപമുണ്ട്. മുമ്ബും ഇതേ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതു മൂലം ഹോട്ടല്‍ പൂട്ടിച്ചിട്ടുണ്ട്. എന്നാല്‍ വീണ്ടും സംഭവിച്ച ഗുരുതരപിഴവ് ഒരു യുവതിയുടെ വിലപ്പെട്ട ജീവനാണ് കവര്‍ന്നത് . നിസ്സാര പിഴ ചുമത്തി വീണ്ടും പഴയതുപോലെ തന്നെ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന അധികൃതര്‍ പിന്നീടൊരു വീഴ്ച വരുന്നത് വരെ ഇത്തരം സ്ഥാപനങ്ങളില്‍ പരിശോധനയോ ആവശ്യമായ അന്വേഷണമോ നടത്തുന്നില്ല.

സമാനരീതിയില്‍ കഴിഞ്ഞ വര്‍‌ഷം കാസര്‍കോട് ചെറുവത്തൂരിലുള്ള ഐഡിയല്‍ കൂള്‍ ബാറില്‍ നിന്നും ഷവര്‍മ്മ കഴിച്ച കണ്ണൂര്‍ കരിവെള്ളൂര്‍ പെരളം സ്വദേശിനി ദേവനന്ദ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചു. ഷവര്‍മ കഴിച്ച്‌ അസ്വസ്ഥരായ 30 ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഐഡിയല്‍ കൂള്‍ബാറിന് ലൈസന്‍സില്ലെന്ന് കണ്ടെത്തുകയും സ്ഥാപനം സീല്‍ ചെയ്ത് അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ലൈസന്‍സില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും നിരവധി ഭക്ഷണശാലകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഈ പെണ്‍കുട്ടി മരിക്കാനിടയായ സംഭവവും സ്ഥാപനത്തിന്റെ ഗുരുതര വീഴ്ചയാണ് ചൂണ്ടിക്കാണിക്കുന്നത്. കാരണം മരണപ്പെട്ട പെണ്‍കുട്ടിക്കും മറ്റ് കുട്ടികള്‍ക്കും ഷിഗല്ലയുടെ ലക്ഷണങ്ങളാണ് കണ്ടെത്തിയത്. അതില്‍നിന്നുതന്നെ വൃത്തിഹീനമായതും പഴയതുമായ ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കിയതെന്ന് വ്യക്തം.

ഷവര്‍മ്മ കഴിച്ച മുഴുവന്‍ കുട്ടികള്‍ക്കും അസ്വസ്ഥതയുണ്ടായത് 24 മണിക്കൂറിനുള്ളിലാണ്. വിഷബാധയേറ്റ് ആശുപത്രിയിലെത്തിയ മുഴുവന്‍ കുട്ടികള്‍ക്കും 103 ഡിഗ്രിയിലധികം പനി കണ്ടെത്തിയത് ഷിഗെല്ലയുടെ ലക്ഷണമാവാം. ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഗുരുതരമാകുമ്ബോള്‍ ഇത് രക്തത്തോട് കൂടിയ വയറിളക്കമാകും. ഇത് മൂലം ശരീരത്തിലുണ്ടാകുന്ന നിര്‍ജ്ജലീകരണമാണ് മാരകമാകുന്നത്. നിര്‍ജ്ജലീകരണം നിയന്ത്റിക്കാന്‍ സാധിക്കാതെ വന്നാല്‍ രോഗി ഗുരുതരാവസ്ഥയിലേക്കും പിന്നീട് മരണത്തിലേക്കും പോകും. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഭക്ഷ്യവിഷബാധ ഗുരുതരമാകാന്‍ സാദ്ധ്യത കൂടുതല്‍.

ഷിഗെല്ല ബാധിച്ചാല്‍ വളരെ വേഗം മരണം സംഭവിക്കുമെന്നതാണ് ഈ രോഗത്തെ ഗുരുതരമാക്കുന്നത്. കൃത്യമായ ചികിത്സ ലഭിച്ചാല്‍ രോഗം ഭേദമാക്കാം. എന്നാലും ആരോഗ്യം കുറഞ്ഞ ആളുകളില്‍ രോഗം വേഗത്തില്‍ ഗുരുതരമാകും.

കുട്ടികളാണേല്‍ കൂട്ടുകാരുടെ വീമ്പിളക്കലുകള്‍ കേട്ട് വീട്ടുകാരെ നിര്‍ബന്ധിച്ച് ഇത്തരത്തില്‍ ഇറച്ചികള്‍ വില്‍ക്കുന്ന ഹോട്ടലുകളില്‍ എത്തിക്കും.  ഒപ്പം കൂള്‍ ഡ്രിംങ്ക്സുകളും, കേക്കുകളും, മറ്റ് രുചികരമായ വിഭവങ്ങളും വാങ്ങി വയറു നിറച്ച് കഴിച്ച് ഏമ്പക്കം വിടുമ്പോള്‍ അത് നമ്മുടെ വയറ്റില്‍ ഉണ്ടാക്കുന്ന പെരുമ്പറ പതുക്കെ ശരീരത്തിലേക്ക് പടരുന്നത് ഏത് രൂപത്തിലാണെന്ന് പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം മാത്രമാണ് നാം അറിയുന്നത്.  വായില്‍ വെള്ളം നിറയ്ക്കുന്ന എല്ലാ ഭക്ഷണങ്ങളും ശരീരം ആഗ്രഹിക്കുന്നില്ല എന്ന സത്യം നമ്മുടെ കുട്ടികളെ പറഞ്ഞ് മനസ്സിലാക്കിക്കുവാൻ മാതാപിതാക്കളും അധ്യാപകരും തയ്യാറാകണം. പകുതി വെന്ത കോഴിയോ ബീഫോ പോര്‍ക്കോ അല്ല കഴിക്കേണ്ടത്.  നല്ലതേത്, വെന്തത് ഏത് വേകാത്തത് ഏത് ശരീരത്തിന് ആവശ്യമേത്..എന്ന് അറിയാവുന്നവര്‍ അവര്‍ക്ക് പറഞ്ഞു നല്‍കി ബോധവത്ക്കരിക്കുകയേ ഇത്തരം പ്രവണതകള്‍ തുടരാതിരിക്കുവാൻ ഉതകുകയുള്ളൂ.

കണ്ണൂരില്‍ കണ്ടെത്തിയത് പുഴുവരിക്കുന്ന ഭക്ഷണങ്ങള്‍ :ഒരു ഇടവേളയ്ക്ക് ശേഷം കണ്ണൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് പുഴുവരിക്കുന്ന ഭക്ഷണ സാധനങ്ങളാണ്. 58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പരിശോധനയില്‍ പിടിച്ചെടുത്തതില്‍ കൂടുതലും ചിക്കന്‍ വിഭവങ്ങളാണ്. അല്‍ഫാമും തന്തൂരിയും പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. പഴകിയ ഭക്ഷണം വില്‍പ്പനയ്ക്ക് വച്ച ഹോട്ടലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ പറഞ്ഞത്.എന്നാല്‍ ഈ ഹോട്ടലുകള്‍ തുടര്‍ന്ന് എത്രത്തോളം ജാഗ്രത പുലര്‍ത്തുമെന്ന് കണ്ടറിയണം.

പാചക എണ്ണയുടെ പുനരുപയോഗം: കണ്ണൂരില്‍ പാചക എണ്ണയുടെ പുനരുപയോഗം വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് മാസത്തിനിടയില്‍ പരിശോധിച്ച 30 സാമ്ബിളുകളില്‍ ഏഴെണ്ണം പുനരുപയോഗം കണ്ടെത്തി. പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയിലെ ഉപ്പിന്റെയും രാസഘടകങ്ങളുടെയും സാന്നിദ്ധ്യം കണക്കാക്കുന്ന ടോട്ടല്‍ പോളാര്‍ കോമ്ബൗണ്ട് (ടി.പി.സി) 25 ശതമാനത്തിന് താഴെ ആണെങ്കില്‍ മാത്രമെ പുനരുപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍ പിഴ ചുമത്തിയ സാമ്ബിളുകളില്‍ ടി.പി.സി 40 ശതമാനം വരെ കണ്ടെത്തിയിട്ടുണ്ട്. ഈ എണ്ണ വീണ്ടും ഉപയോഗിക്കുമ്ബോള്‍ ഘടനയില്‍ വലിയ മാറ്റവുമുണ്ടാകും. ഇത് കാന്‍സര്‍ ഉള്‍പ്പെടെ ഗുരുതര രോഗങ്ങള്‍ക്ക് കാരണമായേക്കാം. ഫുഡ് സേഫ്‌ടി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.) യുടെ മുന്നറിപ്പ് പ്രകാരം പാചക എണ്ണ വീണ്ടും ചൂടാക്കുന്നത് വിഷപദാര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കപ്പെടാനും ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ വര്‍ദ്ധനവിനും കാരണമാകുന്നു.

പകുതി വിലയ്ക്ക് ചത്ത കോഴി : കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പല ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ബാര്‍ബി ക്യൂ, അല്‍ഫാം, കുഴിമന്തി എന്നിവയ്ക്ക് ഉപയോഗിക്കുന്ന കോഴിയിറച്ചി ഭക്ഷ്യയോഗ്യമല്ലെന്ന് വ്യാപക പരാതി. ഇവയ്‌ക്കൊപ്പം കഴിക്കുന്ന മയോണൈസും വില്ലനാണ്. പലയിടത്തും കോഴി ഫാമുകളില്‍നിന്നു ലഭിക്കുന്ന ചത്ത കോഴിയുടെ ഇറച്ചിയാണ് ഉപയോഗിക്കുന്നതെന്നാണ് വ്യാപക ആരോപണംചത്ത കോഴിക്ക് വില പകുതി നല്‍കിയാല്‍ മതി. ബാര്‍ബി ക്യൂവിനും ആല്‍ഫാമിനും കുഴിമന്തിക്കും ഇത്തരം ഇറച്ചി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മസാലയും മറ്റു ചേരുവകളും ചേര്‍ക്കുമ്ബോള്‍ ആളുകള്‍ക്ക് രുചി വ്യത്യാസം അനുഭവപ്പെടണമെന്നില്ല.

പുറമേനിന്ന് വാഹനങ്ങളില്‍ എത്തിക്കുമ്ബോള്‍ ധാരാളം കോഴികള്‍ ചത്തുപോകുന്നുണ്ട്. വഴിയില്‍ വലിച്ചെറിയേണ്ടെന്നതും ചെറിയൊരു തുക കിട്ടും എന്നതും കോഴിയെ കൊണ്ടുവരുന്ന ലോറിക്കാര്‍ക്കും ആശ്വാസമാണ്. ക്രിസ്‌മസ് പുതുവത്സര അവധിക്കാലമായതിനാല്‍ ഇങ്ങനെയുള്ള ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും രണ്ടാഴ്ചയായി നല്ല തിരക്കായിരുന്നു. വൈകുന്നേരങ്ങളില്‍ ഹോട്ടലുകളിലെ പ്രധാന ഭക്ഷണവിഭവവും മന്തിയും അല്‍ഫാമുമാണ്. കോഴിവില ക്രമാതീതമായി ഉയര്‍ന്നതോടെയാണ് അമിതലാഭത്തിനായി ചത്ത കോഴിയെ ഫാമുകളില്‍നിന്നു വാങ്ങാന്‍ തുടങ്ങിയത്.

കോഴിയിറച്ചി നല്ല രീതിയില്‍ വേവിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. പലയിടത്തും തുറസായതും വൃത്തിഹീനവുമായ സ്ഥലത്താണ് പാചകം. പാചകം ചെയ്യുന്നവര്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളാണ് മിക്ക ഹോട്ടലുകളിലും മന്തിയുടേയും അല്‍ഫാമിന്റെയും പാചകക്കാര്‍.

ഷവര്‍മ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇറച്ചി ശരിയായ രീതിയില്‍ സൂക്ഷിക്കാത്തത് മുതല്‍ റോഡരികിലെ പാകം ചെയ്യലും മയോണൈസിന് ഉപയോഗിക്കുന്ന കോഴിമുട്ടയുടെ തിരഞ്ഞെടുപ്പും വരെ ഷവര്‍മ വഴി ഭക്ഷ്യവിഷബാധയുണ്ടാവാന്‍ കാരണമാവും. കുറഞ്ഞ താപനിലയില്‍ വെന്ത ഇറച്ചിവഴി ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണം. ഷവര്‍മ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇറച്ചി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന രീതിയും വിഷബാധയ്ക്ക് കാരണമാവും. ഇറച്ചിയിലെ ബാക്ടീരിയ മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളിലേക്കും ഷവര്‍മയ്‌ക്കൊപ്പം കഴിക്കുന്ന സാലഡില്‍ ഉപയോഗിക്കുന്ന പച്ചക്കറികളിലേക്കും പടരാന്‍ കാരണമാവുന്നു. റോഡരികില്‍ ഷവര്‍മ ഉണ്ടാക്കുന്നത് വഴി പൊടിപടലങ്ങള്‍ ഇറച്ചിയില്‍ പറ്റിപ്പിടിക്കുന്നതും അണുബാധയ്ക്ക് വഴിയൊരുക്കുന്നു.മയോണൈസ് ഉണ്ടാക്കാന്‍ ചീത്ത മുട്ട ഉപയോഗിക്കുന്നതും ഗുരുതരമായ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകും.

ഫുഡ് സേഫ്ടി ഓണ്‍ വീല്‍സ് : ഫുഡ് സേഫ്ടി ഓണ്‍ വീല്‍സ് (എഫ്.എസ്.ഡബ്ല്യു) എന്ന പദ്ധതിയിലൂടെ ഓരോ ദിവസം ഓരോ നിയോജക മണ്ഡലത്തിലും പാല്‍,കുടിവെള്ളം,പുനരുപയോഗിക്കുന്ന എണ്ണ,അച്ചാറുകള്‍ തുടങ്ങിയവയുടെ പരിശോധന നടക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറുന്നത്. എന്നാല്‍ പദ്ധതി എത്രത്തോളം ഫലംകണ്ടു എന്നത് ചോദ്യചിഹ്നമാവുന്നു. 2016 ന് ശേഷം തുടങ്ങിയ പദ്ധതി പത്ത് പഞ്ചായത്തുകള്‍ സമ്ബൂര്‍ണ ഭക്ഷ്യസുരക്ഷാ പഞ്ചായത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് തുടങ്ങിയത്.

കാര്യക്ഷമമായ ഇടപെടല്‍ വേണം: ഭക്ഷ്യവിഷബാധ ദുരന്തമായി മാറുമ്ബോള്‍ മാത്രം ഉണ‌ര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥിതിമാറി കൃത്യമായ പരിശോധനകളും വീഴ്ചകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടികളും വേണം. വീഴ്ചകള്‍ സംഭവിക്കുന്ന സ്ഥാപനത്തിനെതിരെ നിസാര പിഴ ചുമത്തി വീണ്ടും പിഴവ് ആവര്‍ത്തിപ്പിക്കാന്‍ അനുവദിക്കാതെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതുള്‍പ്പടെയുള്ള കര്‍ശന നടപടിയെടുക്കണം. അടിക്കടിയുള്ള പരിശോധനയും ശിക്ഷാനടപടികളും സ്ഥാപനങ്ങളെ വിഷം വിളമ്ബുന്നതില്‍നിന്നും തടയും. പണം മുടക്കി ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് മായമില്ലാത്ത വൃത്തിയും വെടിപ്പുമുള്ള ആഹാരം നല്‍കാന്‍ സ്ഥാപനങ്ങളും തയ്യാറാവണം.

 

Related Articles

Check Also
Close
Back to top button