KeralaLatest

ഗ്രാന്റ് കെയര്‍ പദ്ധതി: വയോജന കേന്ദ്രങ്ങളില്‍ അടിയന്തര നടപടി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഗ്രാന്റ് കെയര്‍ പദ്ധതി പ്രകാരം വയോജന സംരക്ഷണ കേന്ദ്രങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വയോജന സംരക്ഷണ കേന്ദ്രങ്ങളില്‍ താമസിക്കുന്ന വയോജനങ്ങളുടെ നിലവിലെ സ്ഥിതി ആരോഗ്യ, സാമൂഹ്യനീതി, വനിത ശിശുവികനം, കുടുംബശ്രീ എന്നീ വകുപ്പുകളുടെ ഉന്നതതലയോഗം വിലയിരുത്തിയാണ് നടപടി സ്വീകരിച്ചത്.

കേരളത്തിലെ 619 വൃദ്ധസദനങ്ങളിലുള്ള ഏകദേശം 21,000ഓളം വരുന്ന എല്ലാ വയോജനങ്ങളേയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്. ആരോഗ്യ വകുപ്പും എന്‍എച്ച്‌എമ്മും സാമൂഹ്യനീതി വകുപ്പും സഹകരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. ഇത് സംബന്ധിച്ചുള്ള ആക്ഷന്‍പ്ലാന്‍ ആരോഗ്യ വകുപ്പ് എന്‍.സി.ഡി. ഡിവിഷന്‍ തയ്യാറാക്കിയതായും മന്ത്രി വ്യക്തമാക്കി.
കോവിഡ് പരിശോധന നടത്തുമ്പോള്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥാപനങ്ങളെ സി.എഫ്.എല്‍.ടി.സി. ആക്കുന്നതാണ്.

ഒന്നോ രണ്ടോ കേസുകള്‍ മാത്രമുണ്ടെങ്കില്‍ അവരെ തൊട്ടടുത്തുള്ള സി.എഫ്.എല്‍.ടി.സി.യിലേക്ക് മാറ്റും. കെയര്‍ ഹോമിന് പുറത്തുള്ള വയോജനങ്ങളുടെ കേസുകള്‍ പരിശോധിക്കുന്നതിന് കുടുംബശ്രീയുടെ ഗ്രാന്റ് കെയര്‍ ആപ്പ് ഉപയോഗിക്കുന്നതാണ്.

പഞ്ചായത്ത് ബ്ലോക്ക് തലത്തില്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, സിഡിപിഒ എന്നിവര്‍ കണ്‍സള്‍ട്ടന്റായി മോണിറ്റര്‍ ചെയ്ത് 47 ലക്ഷം വയോജനങ്ങളേയും സമീപിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നു. മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയുമായി ചേര്‍ന്ന് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച്‌ വയോജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പ് വരുത്തുന്നു. വയോജന കേന്ദ്രങ്ങള്‍ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനം സംബന്ധിച്ച പരിശീലനവും ബോധവത്ക്കരണവും നല്‍കുന്നതാണ്. വയോജനങ്ങളെ കോവിഡ് കാലത്ത് പരിചരിക്കുന്നത് സംബന്ധിച്ച എസ്.ഒ.പി.യും തയ്യാറാക്കിയിട്ടുണ്ട്.

Related Articles

Back to top button