Uncategorized

കണ്ണൂര്‍ സിറ്റിയില്‍ സ്ത്രീകള്‍ക്ക് കുറഞ്ഞനിരക്കില്‍ താമസമൊരുക്കി കോര്‍പ്പറേഷന്‍

“Manju”

കണ്ണൂര്‍: സിറ്റിയില്‍ മാസം വെറും 1500 രൂപ വാടക നല്‍കി താമസിക്കാം, ഒപ്പം മെസ് സൗകര്യവും, ഒറ്റ ദിവസം താമസിക്കണമെങ്കില്‍ അതിനും അവസരമുണ്ട്.  ടൗണിലെത്തുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള ഷീ ലോഡ്ജ് നിര്‍മ്മാണം പൂര്‍ത്തിയായി. ലോഡ്ജ് രണ്ടാഴ്ച്ചയ്ക്കകം സ്ത്രീകള്‍ക്കായി തുറന്നുകൊടുക്കും.
നഗരത്തിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്കും സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കും മാസവാടകയ്ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഷീ ലോഡ്ജില്‍ ഒരുക്കുക. കാല്‍ടെക്സ് ഗാന്ധിസര്‍ക്കിളിനടുത്തുള്ള പെട്രോള്‍ പമ്ബിന് പിറകുവശത്താണ് ഷീ ലോഡ്ജ് കെട്ടിടം.
നഗരത്തില്‍ ജോലിക്കും പഠനത്തിനുമായെത്തുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞനിരകില്‍ താമസ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോര്‍പ്പറേഷന്‍ ഷീലോഡ്ജ് സൗകര്യം ഒരുക്കുന്നത്. ഇതിനുപുറമെ രാത്രിയില്‍ ടൗണിലെത്തുന്ന സ്ത്രീകള്‍ക്കും താമസിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കും. നിലവില്‍ കോര്‍പ്പറേഷന്റെ കീഴില്‍ താവക്കരയിലും വനിത ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോര്‍പ്പറേഷന്റെ 101 ദിന കര്‍മ പരിപാടികളില്‍ ഉള്‍പ്പെടുത്തി കംഫര്‍ട്ട് സ്റ്റേഷനായി നിര്‍മാണം തുടങ്ങിയ കെട്ടിടത്തിന്റെ മുകള്‍ ഭാഗത്താണ് ഷീ ലോഡ്ജിനായി സംവിധാനം ഒരുക്കുന്നത്. വനിത ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 75 ലക്ഷമാണ് കോര്‍പ്പറേഷന്‍ അനുവദിച്ചത്.
വിദ്യാര്‍ത്ഥിനികള്‍ക്ക് മാസ വാടക 1500 രൂപ : ജോലിചെയ്യുന്ന മുതിര്‍ന്ന വനിതകള്‍ക്ക് 3000 രൂപയാണ് മാസ വാടക. വിദ്യാര്‍ത്ഥിനികള്‍ക്ക് 1500 രൂപയും. ഡോര്‍മെറ്ററി സംവിധാനത്തിലുള്ളതാണ് താമസ സൗകര്യം. ഇതിനുപുറമെ മെസ് സൗകര്യവും ലഭ്യമാകും. 35 ബെഡുകളാണ് ആദ്യഘട്ടത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ പെട്ടെന്നുള്ള ആവശ്യത്തിന് നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് ഒറ്റ ദിവസം താമസിക്കാന്‍ കുറച്ച്‌ ബെഡുകള്‍ നീക്കിവെക്കും.
പ്രവൃത്തിയെല്ലാം പൂര്‍ത്തിയാക്കിയ ഷീ ലോഡ്ജ് രണ്ടാഴ്ച്ചയ്ക്കകം തുറക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നടത്തിപ്പുകാരേ കണ്ടെത്തുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ മാത്രമാണുള്ളത്. ഇതും തുടങ്ങിക്കഴിഞ്ഞു. താമസ, ഭക്ഷണ സൗകര്യത്തിന് പുറമെ ഫിറ്റ്നസ് കേന്ദ്രവും ഇവിടെ സജ്ജീകരിക്കും. എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ഒരു നിശ്ചിത ഫീസ് നല്‍കി ഫിറ്റ്നസ് കേന്ദ്രത്തിന്റെ സൗകര്യം ഉപയോഗപ്പെടുത്താം.
അഡ്വ. പി. ഇന്ദിര (ചെയര്‍പേഴ്സന്‍, പൊതുമരാമത്ത് സ്റ്റാന്‍റിങ്ങ് കമ്മിറ്റി)

Related Articles

Back to top button