InternationalLatest

സൂര്യനില്‍ ഭൂമിയുടെ 20 മടങ്ങ്‌വരെ വലുപ്പമുള്ള ദ്വാരങ്ങള്‍ രൂപപ്പെട്ടു

“Manju”

വാഷിംഗ്ടണ്‍: ഭൂമിയുടെ വലുപ്പത്തെക്കാള്‍ 20 മുതല്‍ 30 മടങ്ങ് വലുപ്പമേറിയ രണ്ട് സൗരകളങ്കങ്ങള്‍ സൂര്യനില്‍ രൂപപ്പെട്ടതായി കണ്ടെത്തി നാസ. സൂര്യന്റെ നാം കാണുന്ന ഭാഗമായ പ്രഭാമണ്ഡലത്തില്‍ രൂപം കൊള്ളാറുള്ള പ്രകാശതീവ്രത കുറഞ്ഞ ഭാഗങ്ങളാണ് സൗരകളങ്കങ്ങള്‍. സൂര്യനില്‍ വലിയ ദ്വാരങ്ങള്‍ പോലെ ഇവ കാണാം. മാ‌ര്‍ച്ച്‌ മാസമാദ്യം ഭൂമിയെക്കാള്‍ 30 മടങ്ങ് വലുപ്പമേറിയ സൗരകളങ്കം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതിനെക്കാള്‍ അല്‍പം വലുപ്പം കുറഞ്ഞ മറ്റൊരു സൗരകളങ്കം കണ്ടെത്തിയത്. ഇതിനും ഭൂമിയെക്കാള്‍ 18 മുതല്‍ 20 മടങ്ങ് വലുപ്പമുണ്ട്.

ഇവയില്‍ ആദ്യത്തെ ദ്വാരം ശക്തമായ സൗരകൊടുങ്കാറ്റിന് വഴിയൊരുക്കി. ഇത് ബഹിരാകാശത്ത് കൃത്രിമോപഗ്രഹങ്ങള്‍ക്കും ധ്രുവദീപ്‌തിയെ വരെ ബാധിക്കുകയും ചെയ്‌തു. രണ്ടാമത് കണ്ട സൗരകളങ്കത്തെ ആസ്‌പദമാക്കി യുഎസ് നാഷണല്‍ ഓഷ്യാനിക്ക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്‌മിനിസ്‌ട്രേഷന്‍ (എന്‍ഒഎഎ) ഈ ആഴ്‌ച അവസാനത്തോടെ സൗരകാറ്റില്‍ ശക്തി വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മണിക്കൂറില്‍ 18ലക്ഷം മൈല്‍ വേഗമേറിയ സൗര കാറ്റ് ഭൂമിയിലേക്ക് വെള്ളിയാഴ്‌ചയോടെ എത്തുമെന്നാണ് കരുതുന്നത്. ഈസമയം ധ്രുവപ്രദേശത്ത് ധ്രുവദീപ്‌തി വ്യക്തമാകാന്‍ ഇടയുണ്ട്. ഇവ കൃത്രിമോപഗ്രഹങ്ങളെ ദോഷമായി ബാധിക്കാനും അതേസമയം മനുഷ്യര്‍ക്ക് മനോഹരമായ ധ്രുവദീപ്‌തി സമ്മാനിക്കാനും സാദ്ധ്യതയുണ്ട്.

സൂര്യന്റെ ഏറ്റവും പുറമേയുള്ള പ്ളാസ്‌മ നിറഞ്ഞ ഭാഗമായ കൊറോണയില്‍ കാണുന്ന കൊറോണല്‍ ദ്വാരത്തില്‍ നിന്നാണ് സൗരകൊടുങ്കാറ്റ് ഉണ്ടാകുന്നത്. സൂര്യന്റെ മറ്റ് ഭാഗത്തെ അപേക്ഷിച്ച്‌ അല്‍പം തണുത്ത ഭാഗമായ ഇവിടം ഇരുണ്ട് ദ്വാരമായി നമുക്ക് കാണപ്പെടും.

സൂര്യനില്‍ ഇടയ്‌ക്കിടെ കടുത്ത റേഡിയേഷന്‍ വമിക്കുന്ന പൊട്ടിത്തെറികളായ സൗരജ്വാലകള്‍ ഉണ്ടാകാറുണ്ട്. ഇവ മിനുട്ടുകളോ മണിക്കൂറുകളോ നീണ്ടുനില്‍ക്കുന്നവയാണ്. ഇവയില്‍ പല കാറ്റഗറികളിലായി അപകടമില്ലാത്തവ മുതല്‍ ഭൂമിയെ തീവ്രമായി ബാധിക്കുന്നവ തന്നെയുണ്ടാകാം. 2019 ഡിസംബര്‍ മുതല്‍ സൂര്യനില്‍ ഇത്തരം പ്രതിഭാസങ്ങള്‍ മുന്‍പത്തെക്കാള്‍ വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്.

Related Articles

Back to top button