KeralaLatest

പത്ത് വര്‍ഷത്തിനുള്ളില്‍ വീണ്ടും മഹാമാരി ? പഠന റിപ്പോര്‍ട്ട് പുറത്ത്

“Manju”

ലണ്ടന്‍ : വരുന്ന ദശാബ്ദത്തിനുള്ളിലോ മറ്റോ കൊവിഡ് 19ന് സമാനമായ മറ്റൊരു മഹാമാരി ലോകത്തെ പിടികൂടിയേക്കാമെന്ന് പഠനം.ലണ്ടന്‍ ആസ്ഥാനമായുള്ള ഒരു ഹെല്‍ത്ത് ഇന്റലിജന്‍സ് സ്ഥാപനത്തിന്റെ പഠന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. വൈറസുകള്‍ പതിവായി ഉത്ഭവിക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ മറ്റൊരു മാരക വൈറസ് ലോകത്തെ വിറപ്പിക്കാനുള്ള സാദ്ധ്യത 27.5 ശതമാനമാണ്. കാലാവസ്ഥാ വ്യതിയാനം, അന്താരാഷ്ട്ര യാത്രകളിലെ വര്‍ദ്ധന, മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളുടെ ഭീഷണി ഉയരുന്നത് തുടങ്ങിയ ഘടകങ്ങളാണ് മറ്റൊരു മഹാമാരിയ്ക്കുള്ള സാദ്ധ്യത കൂട്ടുന്നത്. അതേ സമയം, വാക്സിന്‍ ഗവേഷണങ്ങളും മഹാമാരികളെ നേരിടാനുള്ള തയാറെടുപ്പുകളും മരണ സംഖ്യ കുറയ്ക്കുന്നതില്‍ നിര്‍ണായകമാകുമെന്നും പഠന റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു.

മഹാമാരികളുടെ സാദ്ധ്യതകള്‍ പരിഗണിക്കുമ്ബോള്‍ പക്ഷിപ്പനിയെ ആണ് ഏറ്റവും ഭീതിയോടെ നോക്കിക്കാണുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ സാദ്ധ്യതയുള്ള ജനിതക വ്യതിയാനം വന്ന പക്ഷിപ്പനി വകഭേദത്തിന് യു.കെയില്‍ മാത്രം പ്രതിദിനം 15,000ത്തോളം മനുഷ്യരെ കൊല്ലാന്‍ ശേഷിയുണ്ടാകാമെന്നും ചൂണ്ടിക്കാട്ടുന്നു. അതുപോലെ സിക, മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം ( മെര്‍സ് ), മാര്‍ബര്‍ഗ് തുടങ്ങിയ അപകടകാരികളായ രോഗങ്ങള്‍ക്ക് വാക്സിനുകള്‍ ലഭ്യമല്ലാത്തതും ആശങ്ക സൃഷ്ടിക്കുന്നു.

പക്ഷിപ്പനിയെ സൂക്ഷിക്കുക : പക്ഷിപ്പനിയുടെ എച്ച്‌ 5 എന്‍ 1 വകഭേദത്തിനുണ്ടായേക്കാവുന്ന ദ്രുതഗതിയിലെ വ്യാപന ശേഷിയിലേക്കും പഠനം വിരല്‍ ചൂണ്ടുന്നുണ്ട്. എച്ച്‌ 5 എന്‍ 1 വളരെ ചുരുക്കം മനുഷ്യരെ മാത്രമാണ് ബാധിച്ചിട്ടുള്ളത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഇത് പകരുന്നതായും കണ്ടെത്തിയിട്ടില്ല. എന്നാല്‍ പക്ഷികളിലും മറ്റ് സസ്തനികളിലും എച്ച്‌ 5 എന്‍ 1 വകഭേദം വ്യാപകമാകുന്നത് മനുഷ്യര്‍ക്ക് പ്രതികൂലമായേക്കാവുന്ന തരത്തില്‍ വൈറസിന്റെ ജനിതക വ്യതിയാനത്തിലേക്ക് നയിക്കുമോ എന്നാണ് ആശങ്ക.

എച്ച്‌ 5 എന്‍ 1 അടക്കം ഏവിയന്‍ ഇന്‍ഫ്ലുവന്‍സ ടൈപ്പ് എ വൈറസുകള്‍ മൂലമുണ്ടാകുന്ന പക്ഷിപ്പനികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ അടുത്തിടെ ലോകാരോഗ്യ സംഘടനയും ( ഡബ്ല്യു.എച്ച്‌.) മുന്നറിയിപ്പ് നല്‍കിയിരുന്നു.

ലോകമെമ്ബാടുമുള്ള കാട്ടുപക്ഷികളിലും വളര്‍ത്തുപക്ഷികളിലും കഴിഞ്ഞ 25 വര്‍ഷമായി എച്ച്‌ 5 എന്‍ 1 പക്ഷിപ്പനി കണ്ടുവരുന്നുണ്ട്. എന്നാല്‍ ഇവ സമീപ കാലത്ത് സസ്തനികളിലേക്കും പടര്‍ന്നു. 1996ല്‍ കണ്ടെത്തിയതിന് ശേഷം പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും എച്ച്‌ 5 എന്‍ 1 പടരാനുള്ള സാദ്ധ്യത വളരെ അപൂര്‍വമാണെന്നാണ് മനസിലാക്കിയിട്ടുള്ളത്.

എന്നാല്‍ ഇതില്‍ മാറ്റം വരില്ലെന്ന് പറയാനാകില്ലെന്നും അതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഡബ്ല്യു.എച്ച്‌.ഒ വ്യക്തമാക്കിയിരുന്നു. എച്ച്‌ 5 എന്‍ 1 കൂടാതെ എച്ച്‌ 7 എന്‍ 9, എച്ച്‌ 5 എന്‍ 8, എച്ച്‌ 10 എന്‍ 3 വകഭേദങ്ങളിലെ പക്ഷിപ്പനിയും മനുഷ്യനില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തീവ്രത കുറഞ്ഞ രോഗലക്ഷണം മുതല്‍ മരണം വരെ പലരിലും വ്യത്യസ്ത തരത്തിലാണ് രോഗം പ്രതിഫലിക്കുന്നത്.

അതേ സമയം, പക്ഷിപ്പനിയുടെ എച്ച്‌ 3 എന്‍ 8 വകഭേദം ബാധിച്ച്‌ മനുഷ്യര്‍ക്കിടെയിലെ ആദ്യ മരണം ഈ മാസം ആദ്യം ചൈനയിലെ തെക്കന്‍ പ്രവിശ്യയായ ഗ്വാംഗോഡോംഗില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എച്ച്‌ 3 എന്‍ 8 മനുഷ്യരെ ബാധിക്കുന്നത് വളരെ അപൂര്‍വമാണ്. ഇതുവരെ ആകെ മൂന്ന് പേരെയാണ് ലോകത്ത് എച്ച്‌ 3 എന്‍ 8 ബാധിച്ചിട്ടുള്ളത് എന്നാണ് കരുതുന്നത്. മൂന്ന് കേസുകളും ചൈനയിലാണ്.

 

Related Articles

Back to top button