KeralaLatest

ക്രൈസ്തവ മേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

“Manju”

എറണാകുളം: കേരളത്തിലെ ക്രൈസ്തവ മേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചി താജ് മലബാര്‍ ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചയില്‍ എട്ട് കേരളത്തിലെ പ്രമുഖ ക്രൈസ്തവ സഭകളുടെ മേധാവിമാര്‍ പ്രധാനമന്ത്രിയുമായി സംവദിച്ചു.

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ, ലത്തീന്‍ സഭ വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ക്‌നാനായ കത്തോലിക്ക കോട്ടയം അതിരൂപത ആര്‍ച്ച്‌ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ, യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രിഗോറിയോസ്, പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ഇന്ത്യന്‍ പരമാധ്യക്ഷന്‍ മാര്‍ ഔഗിന്‍ കുരിയാക്കോസ് മെത്രാപ്പോലീത്ത, ക്‌നാനായ സുറിയാനി സഭയെ പ്രതിനിധീകരിച്ച്‌ കുര്യാക്കോസ് മാര്‍ സേവേറിയോസ് എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും ക്രൈസ്തവവിഭാഗങ്ങളില്‍നിന്ന് അകമഴിഞ്ഞ സഹകരണമാണ് ബിജെപിക്ക് ലഭിക്കുന്നതെന്നും അത്തരം സഹായം കേരളത്തില്‍നിന്ന് ഉണ്ടാകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൈസ്തവ സഭാമേലദ്ധ്യക്ഷന്മാരോട് ആവശ്യപ്പെട്ടു. മാര്‍പാപ്പയെ ഇന്ത്യയിലേക്ക് സന്ദര്‍ശനത്തിന് ക്ഷണിച്ചതായും അദ്ദേഹം ഉടന്‍ ഇന്ത്യയിലെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മതമേലദ്ധ്യക്ഷന്മാര്‍ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. ബിജെപി സംസ്ഥാന അദ്ധ്യന്‍ കെ. സുരേന്ദ്രനും കൂടിക്കാഴ്ചയില്‍ ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് മദ്ധ്യകേരളം നല്‍കിയത്. റോഡ് ഷോയിലും യുവം കോണ്‍ക്ലേവിലും പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ജനങ്ങള്‍ ഒഴികിയെത്തി. കേരളത്തിലെ യുവാക്കള്‍ക്ക് മലയാളത്തില്‍ അഭിവാദ്യം അര്‍പ്പിച്ച്‌ കൊച്ചിയിലെ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി കേരളം നേരിടുന്ന വെല്ലുവിളികളെ അക്കമിട്ട് നിരത്തി. കേരളത്തിന്റെ സമഗ്ര വികസനത്തിന് രാഷ്‌ട്രീയം മറന്ന് ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി അഭിസംബോധനയില്‍ ആവശ്യപ്പെട്ടു.

വന്ദേ ഭാരത് ട്രെയിന്റെ ഫ്ളാഗ് ഓഫും 3,200 കോടിയുടെ മറ്റ് വികസന പദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത് ഇന്ന് നിര്‍വഹിക്കും. 10.10-നു കൊച്ചിയില്‍ നിന്ന് തിരുവന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് 10.30-ന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരത് ഫ്ളാഗ് ഓഫ് ചെയ്യും. 10.50 വരെ അവിടെ ചിലവിടുകയും വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. 11-ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി വാട്ടര്‍ മെട്രോയും വൈദ്യുതീകരിച്ച പാലക്കാട്പളനിദിണ്ടിക്കല്‍ സെക്ഷന്‍ റെയില്‍പ്പാതയും രാജ്യത്തിന് സമര്‍പ്പിക്കും.

ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, കൊച്ചുവേളി , തിരുവനന്തപുരം, നേമം റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുള്ള തിരുവനന്തപുരം മേഖലയുടെ വികസനം, തിരുവനന്തപുരം സെന്‍ട്രല്‍ , വര്‍ക്കല ശിവഗിരി, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതി, തിരുവനന്തപുരംഷൊര്‍ണൂര്‍ സെക്ഷനിലെ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 110 കിലോമീറ്ററാക്കുന്ന പദ്ധതി തുടങ്ങിയവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി ഇന്ന് നിര്‍വഹിക്കും.

 

Related Articles

Back to top button