KeralaLatest

എ ആര്‍ റഹ്മാന് ശേഷം അപൂര്‍വ്വ നേട്ടം കൈക്കലാക്കാനൊരുങ്ങി മലയാളി ഡോക്ടര്‍

“Manju”

കണ്ണൂര്‍: പ്രമുഖ ചലച്ചിത്ര സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാനു ശേഷം വന്ദേമാതരത്തിന്റെ ഹിറ്റ് വേര്‍ഷന്‍ പുറത്തിറക്കാനൊരുങ്ങി കണ്ണൂരില്‍ നിന്നൊരു ഡോക്ടര്‍. താവക്കര സ്വദേശിയായ ഡോ.സി.വി.രഞ്ജിത്താണ് അപൂര്‍വ്വ നേട്ടത്തിന്റെ ഉടമ. 1997ല്‍ സ്വാതന്ത്ര്യത്തിന്റെ അന്‍പതാം വാര്‍ഷികവേളയിലാണ് എ .ആര്‍ റഹ്മാന്‍ വന്ദേമാതരം എന്ന് തുടങ്ങുന്ന ഒരു ദേശഭക്തിഗാനം അവതരിപ്പിച്ചത്. ആ ഗാനം ഇന്ത്യയിലുടനീളം തരംഗമായി. കേട്ടു ശീലിച്ച ഈണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദേശഭക്തി തുളുമ്പുന്ന ഒരു ഈണം സൃഷ്ടിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഈ ഡോക്ടര്‍ വിജയകരമാക്കി തീര്‍ത്തത്. ദുബായിലെ റേഡിയോ അവതാരകയും ഗാനരചയിതാവുമായ സുമിത ആയില്ല്യത്ത് ഗാനം രചിച്ചത്. ഡോ. രഞ്ജിത്ത് തന്നെ ഈണം ഒരുക്കി. ആലപിക്കുന്നത് മുംബെയിലെ ഗായകനായ അസ്ലമാണ്. ഗാന ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കും.

ഗാനത്തിന്റെ റെക്കോര്‍ഡിംഗും മുംബയില്‍ നടക്കും. മ്യൂസിക് പ്രൊഡക്ഷന്‍ നിര്‍വഹിക്കുന്നത് അശ്വിന്‍ ശിവദാസ് ആണ്. പാട്ടിനൊപ്പം ഗാനരംഗങ്ങളുടെ സംവിധാനം നിര്‍വഹിക്കുന്നതും ഡോ. രഞ്ജിത്ത് തന്നെയാണ്. ഇന്ത്യയിലെ പല ചരിത്ര സ്മാരകങ്ങളുടെയും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയായിരിക്കും ഗാനരംഗങ്ങള്‍. ന്യൂഡല്‍ഹി മുതല്‍ കേരളം വരെയുള്ള പ്രമുഖ കേന്ദ്രങ്ങളില്‍ ചിത്രീകരിക്കും. ഡല്‍ഹി, മുംബെ, മണാലി, ബാംഗ്ലൂര്‍, ചെന്നൈ, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കലാകാരന്മാരെയും ജനങ്ങളെയും ഉള്‍പ്പെടുത്തിയായിരിക്കും ദേശഭക്തിഗാനത്തിന്റെ ചിത്രീകരണം.

നേരത്തെ കണ്ണൂര്‍ ജില്ലയുടെ ടൂറിസത്തിനായി ഡോക്ടര്‍ സി വി രഞ്ജിത്ത് ഒരുക്കിയ ദ സോംഗ് ഓഫ് കണ്ണൂര്‍ : ഹെവന്‍ ഓഫ് ടൂറിസം എന്ന ഗാനം തരംഗമായിരുന്നു. ഈ ഗാനത്തിലൂടെ ബാബാസാഹിബ് ഡോക്ടര്‍ ബി.ആര്‍. അംബേദ്കര്‍ അന്താരാഷ്ട്ര പുരസ്‌കാരവും ഡോക്ടര്‍ സി വി രഞ്ജിത്ത് നേടിയിരുന്നു.

 

Related Articles

Back to top button