IndiaLatest

ഉമ്മന്‍ചാണ്ടിയെ അവസാനമായി കണ്ട് നേതാക്കള്‍

“Manju”

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാന്‍ കോണ്‍ഗ്രസ് നേതാക്കളെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ ഉമ്മന്‍ചാണ്ടിയെ കാണാനെത്തി. ബംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നേതാക്കള്‍.

ഹൃദയം വിങ്ങി നിറകണ്ണുകളോടെ ഇരിക്കുന്ന ഭാര്യയെയും ബന്ധുക്കളെയും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ആശ്വസിപ്പിച്ചു. നിശബ്ദനായി കിടക്കുന്ന ഉമ്മന്‍ചാണ്ടിയെ അവസാനമായി കണ്ട മല്ലികാര്‍ജുര്‍ ഖാര്‍ഗെയ്ക്ക് കരയാതിരിക്കാനായില്ല. രാജ്യത്തിന് വലിയ നഷ്ടമാണ് ഉമ്മന്‍ചാണ്ടിയെന്ന് ഖാര്‍ഗെ അനുസ്മരിച്ചു. മികച്ച ഭരണാധികാരിയായ ഉമ്മന്‍ചാണ്ടി കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ദീര്‍ഘകാലം നയിച്ചു. വളരെ ദുഃഖമുണ്ട് അദ്ദേഹത്തിന്റെ വിയോഗത്തിലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

കേരളത്തിന്റെ ആത്മാവിനെയാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഉറച്ച ജനപിന്തുണയാണ് ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ എന്നും അനിഷേധ്യനായി നിലനിര്‍ത്തിയ ഘടകം. പലതവണ വിവാദങ്ങളിലകപ്പെട്ടപ്പോഴും മുന്നില്‍ നിന്ന് എല്ലാത്തിനെയും നേരിട്ട ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയതന്ത്രങ്ങളുടെ മൂര്‍ച്ചയ്ക്ക് അവസാന ഘട്ടം വരെയും ഒരു കുറവും സംഭവിച്ചിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. രാഷ്ട്രീയ കേരളത്തിന്റെ കളത്തില്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായ നിറഞ്ഞുനിന്ന ഉമ്മന്‍ചാണ്ടി ഏത് രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കിടയിലും അടിപതറാതെ നിന്നു.

ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. ബംഗളൂരുവില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഭൗതികശരീരം കേരളത്തിലെത്തിക്കുക. വിമാനത്താവളത്തില്‍ നിന്ന് മൃതദേഹം ഉമ്മന്‍ചാണ്ടിയുടെ വസതിയിലേക്ക് കൊണ്ടുപോകും. വൈകുന്നേരം നാല് മണിയോടെ ഭൗതികശരീരം ദര്‍ബാര്‍ ഹാളിലെത്തിച്ച് പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം സെക്രട്ടറിയേറ്റിന് സമീപമുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് ആറ് മണിയോടെ ഇന്ദിരാഭവനിലും പൊതുദര്‍ശനമുണ്ടാകും.

Related Articles

Back to top button