KeralaLatest

സൂപ്പര്‍ ബാറ്ററിയുമായി യു.എസ് സ്റ്റാര്‍ട്ടപ്പായ നാനോ ഡയമണ്ട് ബാറ്ററി

“Manju”

 

ന്യൂയോര്‍ക്ക് : നിത്യജീവിതത്തില്‍ നമുക്ക് ഏറ്റവും കൂടുതല്‍ ഉപകാരമുള്ള ഒന്നാണ് ബാറ്ററികള്‍. ടെലിവിഷൻ റിമോട്ട് മുതലുള്ള ബാറ്ററിയുടെ സാന്നിദ്ധ്യം നമുക്ക് ഒഴിവാക്കാനാകില്ല.
എന്നാല്‍ പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ ആയുസുള്ള ഒരു ബാറ്ററിയെ പറ്റി കേട്ടിട്ടുണ്ടോ ? നിലവില്‍ അങ്ങനൊന്നില്ലെങ്കിലും അധികം വൈകാതെ അത്തരമൊരു സൂപ്പര്‍ ബാറ്ററി നിര്‍മ്മിക്കാനുള്ള നീക്കങ്ങളിലാണ് യു.എസ് സ്റ്റാര്‍ട്ടപ്പായ നാനോ ഡയമണ്ട് ബാറ്ററി എന്ന കമ്ബനി. 28,000 വര്‍ഷമാണ് ഇവര്‍ തങ്ങളുടെ ‘റേഡിയോആക്ടീവ് ഡയമണ്ട് ബാറ്ററി’ക്ക് ആയുസ് പറയുന്നത്. ആണവ മാലിന്യങ്ങളില്‍ നിന്നുള്ള റേഡിയോ ആക്ടീവ് ഐസോടോപ്പുകളെയും നാനോ ഡയമണ്ട് പാളികളെയും സംയോജിപ്പിച്ച്‌ നിര്‍മ്മിക്കുന്ന ഈ സൂപ്പര്‍ ബാറ്ററി ഒരൊറ്റ ചാര്‍ജിലൂടെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പ്രവര്‍ത്തിക്കുമത്രേ.

ഡയമണ്ട് താപത്തെ വളരെ വേഗത്തില്‍ കടത്തി വിടുന്നു. ബാറ്ററിയിലെ ഓരോ മൈക്രോ ഡയമണ്ട് ക്രിസ്റ്റലുകളും റേഡിയോആക്ടീവ് ഐസോടോപ്പ് വസ്തുക്കളില്‍ നിന്നുള്ള താപത്തെ അതിവേഗത്തില്‍ നീക്കം ചെയ്യുകയും ഈ പ്രക്രിയയിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യര്‍ക്ക് ഈ ബാറ്ററി സുരക്ഷിതമാണെന്നും സ്പേസ് ഏജൻസികള്‍ അടക്കമുള്ളവയുടെ ദീര്‍ഘകാല ദൗത്യങ്ങള്‍ക്ക് ഈ ബാറ്ററി ഉപയോഗപ്രദമാകുമെന്നും കമ്ബനി പറയുന്നു. രണ്ട് വര്‍ഷം മുമ്ബാണ് ഇവര്‍ തങ്ങളുടെ ബാറ്ററി പദ്ധതി പ്രഖ്യാപിച്ചത്. സ്മാര്‍ട്ട്ഫോണുകള്‍ക്കും ഇലക്‌ട്രിക് കാറുകള്‍ക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തില്‍ പത്ത് വര്‍ഷത്തിലേറെ ചാര്‍ജ് ചെയ്യാതെ ഉപയോഗിക്കാനാകുന്ന ബാറ്ററിയുടെ ഗവേഷണങ്ങളും തങ്ങള്‍ നടത്തുന്നതായി ഇവര്‍ അവകാശപ്പെട്ടിരുന്നു. അധികം വൈകാതെ സൂപ്പര്‍ ബാറ്ററിയെ പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് കമ്ബനിയെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button