KeralaLatest

മലയാളത്തിന് പൊന്‍തിളക്കമായി മിന്നുമണി

“Manju”

കല്‍പറ്റ: ഏഷ്യൻ ഗെയിംസില്‍ ഇക്കുറി കേരളത്തിലേക്ക് ആദ്യ മെഡലെത്തിയത് വയനാട്ടുകാരി ക്രിക്കറ്റര്‍ മിന്നു മണിയിലൂടെ, അതും സ്വര്‍ണത്തിന്റെ രൂപത്തില്‍. ഫൈനലിലെത്തി തലേന്നുതന്നെ മെഡല്‍ ഉറപ്പിച്ച ടീം തിങ്കളാഴ്ച മൈതാനത്തിറങ്ങിയപ്പോള്‍ മാനന്തവാടി അമ്ബൂത്തി കൈപ്പാട്ട് മാവുംകണ്ടി വീട്ടില്‍ മിന്നുവിന്റെ അച്ഛനും അമ്മയും കളികാണാൻ പ്രാര്‍ഥനയോടെയാണ് ടെലിവിഷന് മുന്നില്‍ ഇരുന്നത്.
കേരളക്കരയില്‍ ആദ്യ സ്വര്‍ണം മിന്നുവിലൂടെ എത്തിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് കുടുംബം. സെലിബ്രിറ്റി പരിവേഷം അഴിച്ചുവെച്ച വീട്ടില്‍ അച്ഛൻ മണിയും മാതാവ് വസന്തയും മുത്തശ്ശി ശ്രീദേവിയും മാത്രമാണ് കളികാണാൻ ഉണ്ടായിരുന്നത്. മിന്നുവിന്റെ അനുജത്തി മിമിത പതിവുപോലെ കോളജില്‍ പോവുകയും ചെയ്തിരുന്നു.
ഫൈനല്‍ മത്സരത്തില്‍ മിന്നു കളിക്കാൻ ഇറങ്ങുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ലെങ്കിലും അതിന് കഴിയാതിരുന്നതിന്റെ നിരാശ മണിയുടെ വാക്കുകളില്‍ നിറഞ്ഞിരുന്നു. ഏഷ്യൻ ഗെയിംസ് കളിക്കാൻ ആദ്യമായി വനിത ക്രിക്കറ്റ് ടീം ഇറങ്ങിയപ്പോള്‍ അവര്‍ക്കൊപ്പം മകള്‍ക്ക് പങ്കാളിത്തം വഹിക്കാൻ കഴിഞ്ഞുവെന്നതാണ് കുടുംബത്തെ കൂടുതല്‍ സന്തോഷിപ്പിക്കുന്നത്.
ഇന്ത്യൻ ടീമില്‍ കളിക്കണമെന്നത് വലിയ സ്വപ്നമായി കൊണ്ടുനടന്ന മകള്‍ക്ക് ആദ്യ ചുവടുവെപ്പില്‍തന്നെ ടീമിനൊപ്പം സ്വര്‍ണം നേടാൻ കഴിഞ്ഞത് ചെറിയ കാര്യമല്ലെന്ന് മിന്നുവിന്റെ മാതാപിതാക്കള്‍ പറയുന്നു. മെഡല്‍ കിട്ടിയ ഉടൻ മിന്നു ടീമിന്റെയടക്കം ചിത്രങ്ങള്‍ വീട്ടിലേക്ക് വാട്സ്‌ആപ് ചെയ്തുകൊടുത്തു. മലേഷ്യക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാല്‍ ടീമില്‍ ഉണ്ടായിരുന്നെങ്കിലും ബാറ്റിങ്ങിനും ബൗളിങ്ങിനും മിന്നുവിന് അവസരം ലഭിച്ചിരുന്നില്ല.

Related Articles

Back to top button