KeralaLatest

കയ്യോങ്ങിയാകരുത് കടം വീട്ടലുകള്‍

“Manju”

 

കടം ഉണ്ടെങ്കില്‍ നമുക്കൊക്കെ വലിയ ചിന്തയാണ് എങ്ങനെയത് വീട്ടും. പക്ഷെ ചില കടങ്ങള്‍ നമുക്ക് വീട്ടാനാവുകയില്ല. ജീവിതത്തോളം വിലയുള്ളതാണ് ആ കടംവീട്ടൽ; നമ്മുടെ മാതാപിതാക്കളോട് നാം എങ്ങനെയാണ് കടംവീട്ടുക. എന്നാല്‍ നിരവധിസംഭവങ്ങള്‍ നമ്മുടെ മുന്നിലേക്ക് നീക്കിവെയ്ക്കുന്നത് ചില കടംവീട്ടലുകളെക്കുറിച്ചുള്ള കഥകളാണ്. സ്നേഹവും കരുതലും കെ‍ാണ്ടുള്ള കടം വീട്ടലാണ് നമ്മുടെ വയോധികരായ മാതാപിതാക്കള്‍ക്ക് നല്‍കേണ്ടത്. എന്നാൽ, അവരുടെ ജീവിതം കൊണ്ട് നമുക്കേകിയിരിക്കുന്ന ഈ ജീവിതമാകുന്ന ആ വലിയ കടം വീട്ടാൻ പലരും മറന്നുപോകുന്നതെന്തുകെ‍ാണ്ടാണ്? ആ കടമ മറക്കുന്നുവെന്നതു മാത്രമല്ല, അവർക്കുനേരെ കയ്യോങ്ങുകകൂടി ചെയ്യുമ്പോൾ അതിനോളം കെ‍ാടിയ ക്രൂരതയെന്ത്്? മുതിർന്ന പൗരന്മാർക്കു നേരെയുള്ള അതിക്രമങ്ങൾ വീടുകളിൽ വർധിച്ചുവരുന്നതായുള്ള സംസ്ഥാന സാമൂഹികനീതി വകുപ്പിന്റെ റിപ്പോർട്ട് കേരളത്തിന്റെ സ്വസ്ഥത കെടുത്തുകതന്നെ വേണം.
സംസ്ഥാനത്തു വയോജനങ്ങൾക്ക് എതിരായ അതിക്രമങ്ങളിൽ 70 ശതമാനം കേസുകളിലും പ്രതിസ്ഥാനത്തു മക്കളും മരുമക്കളുമാണെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. ബാക്കിയുള്ളവയിൽ ബന്ധുക്കളും അയൽവാസികളുമാണു പ്രതിസ്ഥാനത്ത്. മുതിർന്ന പൗരൻമാരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് ആരംഭിച്ച എൽഡർ ലൈൻ എന്ന ദേശീയ ഹെൽപ്‌ലൈൻ നമ്പറിലേക്കു വിളിക്കുന്നവരുടെ പരാതികളിൽനിന്നാണ് റിപ്പോർട്ട് തയാറാക്കിയത്.

മുതിർന്ന പൗരന്മാർക്കുവേണ്ട പരിരക്ഷയും പരിഗണനയും നൽകുന്നതിൽ നാം എത്രത്തോളം ശ്രദ്ധിക്കുന്നുണ്ടെന്ന ആത്മപരിശോധന ഉണ്ടാകണമെന്നുകൂടി ഈ റിപ്പോർട്ട് ഓർമിപ്പിക്കുന്നു. ശാരീരിക അതിക്രമം, വാക്കുകളാലുള്ള അധിക്ഷേപം, അവഗണന, അനാവശ്യമായി പഴിചാരൽ, കുടുംബത്തിൽനിന്നുള്ള ഒറ്റപ്പെടുത്തൽ തുടങ്ങിയവ സംബന്ധിച്ചാണു പരാതികളേറെയും. മുറിക്കുള്ളിൽ അടച്ചിടുക, ആരോടും സംസാരിക്കാൻ അനുവദിക്കാതിരിക്കുക, ഭക്ഷണം നൽകാതിരിക്കുക തുടങ്ങിയവയെക്കുറിച്ചുള്ള പരാതികളും കൂടുതലാണ്. അഞ്ചിലൊന്നു പരാതികളും ശാരീരിക ഉപദ്രവത്തെക്കുറിച്ചാണെന്നുകൂടി കേൾക്കുമ്പോൾ നമുക്കു തലതാഴ്ത്താതെ വയ്യ.

വയോധികരുടെ സംരക്ഷണത്തിനു ശക്തമായ പല നിയമങ്ങളും സാമൂഹികനീതി വകുപ്പിന്റെ ഒട്ടേറെ പദ്ധതികളുമുണ്ടായിട്ടും ജീവിതസന്ധ്യയിൽ അനാഥത്വത്തിലേക്കും ഏകാന്തതയിലേക്കും നടന്നുപോകുന്ന ഒട്ടേറെപ്പേരുടെ ദുർവിധി ഈ നാടിന്റെ ഉറക്കംകെടുത്താൻമാത്രം പോന്നതാണ്. മാതാപിതാക്കളെ മക്കൾ സംരക്ഷിക്കാത്തതുമായി ബന്ധപ്പെട്ടുമാത്രം സംസ്ഥാനത്തു പതിനയ്യായിരത്തിലേറെ കേസുകളാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്. മക്കളോ ബന്ധുക്കളോ നോക്കാനില്ലാതെ തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കളും സ്വത്തുവകകൾ എഴുതിക്കൊടുത്തശേഷം അനന്തരാവകാശികളിൽനിന്നു സംരക്ഷണം ലഭിക്കാതെ പുറന്തള്ളപ്പെടുന്നവരും കുറവല്ല. മക്കൾക്കെതിരെ കേസിനു പോകാൻ പല മാതാപിതാക്കളും തയാറാകാത്തതിനാൽ ഉപേക്ഷിക്കപ്പെട്ടവർക്കു കിട്ടേണ്ട ന്യായമായ സംരക്ഷണവും നീതിയും ലഭിക്കാറുമില്ല.

എൽഡർ ലൈൻ (നമ്പർ – 14567) 2021ലാണ് കേരളത്തിലും പ്രവർത്തനം ആരംഭിച്ചത്. ഈ രണ്ടു വർഷത്തിനിടെ എൺപതിനായിരത്തിലേറെ കോളുകൾ ലഭിച്ചു. രാവിലെ 8 മുതൽ രാത്രി 8 വരെയാണു പ്രവർത്തനസമയം. 66നും 75നും ഇടയിൽ പ്രായമുള്ളവരാണ് സഹായം ആവശ്യപ്പെട്ട് കൂടുതലും വിളിക്കുന്നത്. അവഗണന, അധിക്ഷേപം, മോശമായ പെരുമാറ്റം, ഉപദ്രവം തുടങ്ങിയവ നേരിട്ടാൽ എൽഡർ ലൈനിൽ വിളിച്ചു പരാതിപ്പെടാം. ശാരീരിക-മാനസിക പ്രശ്നങ്ങൾക്ക് കൗൺസലിങ്, പെൻഷൻ പ്രശ്നങ്ങൾക്കു മാർഗനിർദേശം, നിയമോപദേശം തുടങ്ങിയവയും സൗജന്യമായി ലഭിക്കും. മുതിർന്ന പൗരൻമാരുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കും വിളിച്ചറിയിക്കാം. വയോജനങ്ങൾക്കുനേരെ അതിക്രമം ഉണ്ടായാൽ, മുതിർന്ന പൗരൻമാരുടെ സംരക്ഷണവും ക്ഷേമവും സംബന്ധിച്ച 2007ലെ നിയമപ്രകാരം ആർഡിഒക്കു പരാതി നൽകാമെന്നതുകൂടി മറക്കാതിരിക്കാം.

നിരാലംബരായ മുതിർന്നവർ വഴിയരികിലും വയോജനകേന്ദ്രങ്ങളിലും പെരുകുമ്പോൾ സ്നേഹവും സംരക്ഷണവും നൽകാൻ ബാധ്യതപ്പെട്ടവർ എവിടേക്കാണ് ഓടിയൊളിക്കുന്നത്? മാതാപിതാക്കൾക്കുനേരെ കയ്യോങ്ങുന്ന മക്കളാകട്ടെ, സമൂഹത്തിന്റെ മാത്രമല്ല, കാലത്തിന്റെതന്നെ ശാപമാണ്. നമ്മുടെ അച്ഛനമ്മമാരോടു നാം ചെയ്യുന്നതിൽ നമ്മുടെ മക്കൾ പാഠം കണ്ടെത്തുന്നുണ്ട് എന്ന അടിസ്ഥാനസത്യം ജീവിതത്തിന്റെ ആയിരം തിരക്കുകൾക്കിടയിൽ മറക്കാതിരിക്കാം

Related Articles

Back to top button