IndiaLatest

ഒക്ടോബര്‍ ഒന്നുമുതല്‍ ബാങ്കിംഗ് മേഖലയിലടക്കം വരുന്നത് വൻ മാറ്റങ്ങള്‍

“Manju”

കൊച്ചി: ഒക്ടോബര്‍ ഒന്നുമുതല്‍ രാജ്യത്തെ സാമ്പത്തിക രംഗത്ത് വിവിധ മാറ്റങ്ങളാണ് വരാൻ പോകുന്നത്. 2000 രൂപ മാറിവാങ്ങല്‍, ജനന, മരണ രജിസ്ട്രേഷൻ ഭേദഗതി, മ്യൂച്ചല്‍ ഫണ്ട് നോമിനി ചേര്‍ക്കല്‍, വിദേശ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് ടി.സി.എസ്.

2000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ പോയി മാറ്റിയെടുക്കുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള സമയപരിധി സെപ്തംബര്‍ 30ന് അവസാനിക്കും. അവസാന ദിവസത്തെ തിരക്ക് ഒഴിവാക്കാൻ സെപ്തംബ‌ര്‍ 30ന് മുമ്പായി മാറ്റിയെടുക്കാൻ ആര്‍.ബിഐ മുന്നറിയിപ്പ് നല്കുന്നു. സെപ്തംബര്‍ 30ന് ശേഷം ‌എന്തു നടപടിയാണ് സ്വീകരിക്കുക എന്ന കാര്യത്തിലും റിസര്‍വ് ബാങ്ക് വ്യക്തത നല്‍കിയിട്ടില്ല. കഴിഞ്ഞ മേയിലാണ് 2000 രൂപ നോട്ടുകള്‍ ആര്‍.ബി.ഐ പിൻവലിച്ചത്.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം
വിദേശത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ ഏഴുലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവഴിച്ചാല്‍ ഒക്ടോബര്‍ ഒന്നുമുതല്‍ 20 ശതമാനം ടി.സി.എസ് ( ടാക്‌സ് കലക്ടഷൻ അറ്റ് സോഴ്‌സ്) ചുമത്തും. എന്നാല്‍ മെഡിക്കല്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ടി.സി.എസില്‍ ഇളവുണ്ട്. അഞ്ചുശതമാനം മാത്രമാണ് ചുമത്തുക. വിദേശ പഠനത്തിനായി ഏഴുലക്ഷം രൂപയ്ക്ക് മുകളില്‍ വായ്പ എടുക്കുന്നവര്‍ക്ക് 0.5 ശതമാനമാണ് ടി.സി.എസ്.

നിക്ഷേപ പദ്ധതികള്‍ക്ക് ആധാര്‍
പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, പോസ്റ്റ് ഓഫീസ് നിക്ഷേപം, മറ്റ് ചെറുകിട നിക്ഷേപ പദ്ധതികള്‍ എന്നിവയില്‍ പണം നിക്ഷേപിച്ചിട്ടുള്ളവര്‍ സെപ്തംബര്‍ 30നകം ആധാര്‍ വിവരങ്ങള്‍ നല്‍കണം. ബാങ്കിലോ പോസ്റ്റ്‌ഓഫീസിലോ എത്തി വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.

മ്യൂച്വല്‍ ഫണ്ട്
നിലവിലുള്ള മ്യൂച്വല്‍ ഫണ്ട് ഫോളിയോകള്‍ക്ക് നോമിനിയെ ചേര്‍ക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 30 ആണ്. രണ്ടുപേര്‍ ഒരുമിച്ചുള്ള ഫണ്ടുകള്‍ക്കും നോമിനി ചേര്‍ക്കണം. സെപ്തംബര്‍ 30ന് ശേഷവും നോമിനി ചേര്‍ത്തില്ലെങ്കില്‍ ഫണ്ടുകള്‍ മരവിപ്പിക്കും.

ജനന സര്‍ട്ടിഫിക്കറ്റ്
ഒക്ടോബര്‍ ഒന്നിനു ശേഷം ജനിക്കുന്നവരുടെ പ്രായം തെളിയിക്കുന്ന അടിസ്ഥാനരേഖയായി ജനനസര്‍ട്ടിഫിക്കറ്റ് മാറും. വിദ്യാഭ്യാസം, സര്‍ക്കാര്‍ ജോലി, ഡ്രൈവിംഗ് ലൈസൻസ്, വിവാഹ രജിസ്ട്രേഷൻ, പാസ്പോര്‍ട്ട്, ആധാര്‍, വോട്ടേഴ്സ് ലിസ്റ്റ് എന്നിവയ്ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നി‌ര്‍ബന്ധമാകും. ജനന, മരണ രജിസ്‌ട്രേഷൻ ഭേദഗതി നിയമം ഒക്ടോബര്‍ ഒന്നിന് നിലവില്‍ വരും. കുട്ടി ജനിച്ച്‌ 18 വമ്പോള്‍ തനിയെ വോട്ടര്‍ പട്ടികയുടെ ഭാഗമാകും. മരണപ്പെടുന്നവര്‍ വോട്ടപ്പട്ടികയില്‍ നിന്ന് ഒഴിവാകുകയും തിരിച്ചറിയല്‍ കാര്‍ഡ് റദ്ദാക്കപ്പെടുകയും ചെയ്യും. ജനന-മരണ രജിസ്ട്രേഷൻ വിവരങ്ങള്‍ ഒക്ടോബര്‍ ഒന്നിനു ശേഷം രജിസ്ട്രാര്‍ ജനറല്‍ ഒഫ് ഇന്ത്യയുടെ കേന്ദ്രീകൃത ഓണ്‍ലൈൻ ഡേറ്റ ബേസിലേക്ക് മാറും.
നിലവിലുള്ള ഡീമാറ്റ് ട്രേഡിംഗ് അക്കൗണ്ടുകളില്‍ നോമിനിയുടെ പേര് ചേര്‍ക്കാനുള്ള സമയപരിധി സെപ്തംബര്‍ 30ന് ആയിരുന്നത് സെബി ( സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ ) ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്.

Related Articles

Back to top button